play-sharp-fill
‘ഓപ്പറേഷൻ സരൾ രസ്ത ‘തലസ്ഥാനത്തെ റോഡുകളിൽ മിന്നൽ പരിശോധന നടത്തി വിജിലൻസ് ഡയറക്ടർ

‘ഓപ്പറേഷൻ സരൾ രസ്ത ‘തലസ്ഥാനത്തെ റോഡുകളിൽ മിന്നൽ പരിശോധന നടത്തി വിജിലൻസ് ഡയറക്ടർ

സ്വന്തം ലേഖിക

തിരുവനന്തപുരം: തലസ്ഥാനത്തെ പൊട്ടിപൊളിഞ്ഞ റോഡുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. തലസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് പരിശോധന. തിരുവനന്തപുരം പേരൂർക്കടയിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകളിൽ വിജിലൻസ് ഡയറക്ടർ എഡിജിപി അജിത് ശ്രീനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. തലസ്ഥാനത്ത് അറ്റകുറ്റപ്പണികൾ നടത്തിയ റോഡുകൾ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വീണ്ടും തകരുന്നതായി കാണിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് വിജിലൻസിന്റെ പരിശോധന.

റോഡുകളുടെ അവസ്ഥയും പുനർനിർമ്മാണവും സംബന്ധിച്ച് പരിശോധന നടത്തുന്ന ‘ഓപ്പറേഷൻ സരൾ രാസ്ത’ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു പരിശോധന. വിജിലൻസ് ഡയറക്ടറുടെ നേതൃത്വത്തിൽ നേരിട്ടാണ് തകർന്ന റോഡുകൾ പരിശോധിക്കുന്നത്. ഗുണനിലവാരമില്ലാത്ത റോഡുപണി നേരിട്ട് പരിശോധിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അറ്റകുറ്റപണി പണിയിലെ കരാർ ലംഘനം കണ്ടെത്തുന്നതിനും കൂടിയാണ് ഉന്നത ഉദ്യോഗസ്ഥർ നേരിട്ട് പരിശോധക്കിറങ്ങുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡിന്റെ ശോചനാവസ്ഥയെ തുടർന്ന് സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങളും സമരങ്ങളും ശക്തമാണ്. കഴിഞ്ഞ മാസം മാത്രം എറണാകുളം, തൃശ്ശൂർ, മൂന്നാർ, കാസർകോട് എന്നിവിടങ്ങളിലും പ്രതിഷേധം ഉയരുന്നുണ്ട്. ദേശീയപാത ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കാസർകോട് എം പി രാജ്‌മോഹൻ ഉണ്ണിത്താൻ നിരാഹാര സമരവും നടത്തിയിരുന്നു. ദേശീയപാത ഉടൻ ഗതാഗത യോഗ്യമാക്കുമെന്ന ദേശീയപാത അതോറിറ്റിയുടെ വാഗ്ദാനം നടപ്പിലാക്കത്തതിൽ പ്രതിഷേധിച്ചായിരുന്നു രാജ്മോഹൻ ഉണ്ണിത്താൻ സമരം സംഘടിപ്പിച്ചത്. എംപിയുടെ സമരം ശക്തമായതിനെ തുടർന്ന് ദേശീയപാതയിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾ മഴ പൂർണമായും മാറുന്നതോടെ ആരംഭിക്കുമെന്ന് ദേശീയ പാത അതോറിറ്റി വ്യക്തമാക്കുകയായിരുന്നു.

റോഡുകൾ തകർന്ന് രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന എറണാകുളത്തെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് നടപടിയെടുക്കാത്തതിനെതിരെ കേരളാ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. നഗരത്തിലെ പ്രധാന റോഡുകളായ കലൂർ -കടവന്ത്ര, വൈറ്റില- കുണ്ടന്നൂർ, തമ്മനം പുല്ലേപ്പടി റോഡുകളുടെ അവസ്ഥ പരിതാപകരം ആണെന്നും ഈ റോഡുകൾ ഗതാഗത യോഗ്യമല്ലെന്നും കോടതി ചൂണ്ടികാട്ടി. റോഡുകളുടെ തകർച്ച ചൂണ്ടികാട്ടി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നൽകിയ കത്തിനെ തുടർന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ ഇടപെടൽ. തുടർന്ന് റോഡുകളുടെ അറ്റകുറ്റപ്പണികൾ ഉടൻ നടത്തണമെന്ന് കാണിച്ച് കൊച്ചി കോർപ്പറേഷനും സർക്കാറിനും ഹൈക്കോടതി നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.