മിന്നല്‍പിണര്‍പ്പായി മുരളി; നായകനേക്കാള്‍ കയ്യടി നേടുന്ന പ്രതിനായകന്‍;വില്ലന്‍ എന്ന് വിശേഷിപ്പിക്കാന്‍ കഴിയാത്ത കഥാപാത്രം; റിവ്യു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മിന്നല്‍ മുരളി നെറ്റ്ഫ്‌ളിക്‌സിലൂടെ റിലീസ് ചെയ്തതോടെ ചിത്രത്തിലെ നായകനൊപ്പം തന്നെ പ്രശംസ ലഭിക്കുന്നുണ്ട് ഷിബു എന്ന പ്രതിനായക കഥാപാത്രത്തിനും. ഗുരു സോമസുന്ദരമാണ് മിന്നല്‍ മുരളിയിലെ ഷിബുവിനെ അവതരിപ്പിച്ചത്.

അഞ്ച് സുന്ദരികള്‍ എന്ന ആന്തോളജി സിനിമയിലൂടെ ഗുരു സോമസുന്ദരം മലയാളികള്‍ക്ക് നേരത്തെ പരിചിതനാണ്. മിന്നല്‍ മുരളിയിലെ ഷിബു വില്ലന്‍ എന്ന് വിശേഷിപ്പിക്കാന്‍ കഴിയാത്ത ഒരു കഥാപാത്രമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്രൂരതയുടെ പര്യായം എന്ന തരത്തില്‍ മാത്രം പ്രതിനായകനെ അവതരിപ്പിക്കുന്നിടത്ത് പ്രണയവും, ഇമോഷന്‍സുമെല്ലാം പ്രകടിപ്പിക്കുന്ന, കാണുന്ന പ്രേക്ഷകന് വെറുപ്പ് എന്ന വികാരത്തിനപ്പുറത്ത് ഇമോഷണല്‍ കണക്ഷന്‍ ഉണ്ടാവുന്ന തരത്തിലാണ് ഷിബുവിന്റെ കഥാപാത്ര സൃഷ്ടി.

തിരക്കഥാകൃത്തുക്കളും സംവിധായകനും ഉദ്ദേശിച്ചതിന്റെ പതിന്മടങ്ങ് നല്‍കാന്‍ ഷിബുവിലൂടെ ഗുരു സോമസുന്ദരത്തിന് കഴിഞ്ഞിട്ടുണ്ട്. വളരെ അപൂര്‍വം നടന്മാര്‍ക്കാണ് കണ്ണിലെ ചെറിയ എക്‌സ്പ്രഷന്‍ കൊണ്ട് പോലും കഥാപാത്രത്തിന്റെ ഇമോഷന്‍സ് കൃത്യമായി പ്രേക്ഷകനില്‍ എത്തിക്കാന്‍ സാധിക്കുക.

ബേസില്‍ ജോസഫിന്റെ ബ്രില്യന്‍സിന് കയ്യടിച്ച് കൊണ്ടു തന്നെയാകണം മിന്നല്‍ മുരളിയെ ഏറ്റെടുക്കേണ്ടത്. കൊമിക്‌സിന്റെ അവതാര പുരുഷകേസരികളെ കണ്ട ലോകസിനിമയിലേക്ക് മലയാളത്തില്‍ നിന്ന് ഒരു സൂപ്പര്‍ ഹീറോയെ സമ്മാനിക്കാന്‍ സാധിച്ചതില്‍ ബേസില്‍ ജോസഫിനും അണിയറ ടീമിനും അഹങ്കരിക്കാം.
തിരക്കഥാകൃത്തുക്കളായ അരുണ്‍ അനിരുദ്ധ്, ജസ്റ്റിന്‍ മാത്യു എന്നിവര്‍ കഥയെ പഠിച്ച് വ്യക്തമായ പ്ലാനിങ്ങോടെ തന്നെയാണ് മിന്നല്‍ മുരളി എത്തിച്ചിരിക്കുന്നത്. ഒരു തുര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നു മുരളി എന്നതും പ്രത്യേകതയാണ്.

ശക്തിമാനും, ആര്യമാനുമൊക്കെ മുന്‍പ് ഇന്ത്യയിലെ സൂപ്പര്‍ ഹീറോയായി മാറിയിട്ടുണ്ടെങ്കിലും മലയാളത്തില്‍ ഇത് ആദ്യപരീക്ഷണമാണ്. എങ്കിലും ആദ്യസൂപ്പര്‍ ഹീറോ ചിത്രമെന്ന് അവകാശപ്പെടുന്നതിലും അപാകതയുണ്ട്. വിനയന്റെ അതിശയന്‍ അടക്കം കുട്ടികളെ എന്റര്‍ടെയിന്‍ ചെയ്യിക്കാനായി മുന്‍പ് എത്തിച്ചിട്ടുണ്ടെങ്കിലും സ്‌പൈഡര്‍മാന്‍, സൂപ്പര്‍മാന്‍ സീരിസിനെ വെല്ലുന്ന ഒരു മലയാള ചിത്രം ഇത് ആദ്യപരീക്ഷണമായിരിക്കും.

ഒരു ചെറിയ കഥയെ അനായാസേന അവതരിപ്പിക്കുന്നതില്‍ ബേസില്‍ ജോസഫിന്റെ സംവിധാന മിടുക്ക് മിന്നല്‍മുരളിയിലെ സവിശേഷമായ ഘടകമാണ്. ചിത്രത്തിന്റെ മാര്‍ക്കറ്റിങ്ങും ശ്രദ്ധേയമായിരുന്നു. അണിയറ ഇങ്ങനെയെല്ലാമാണ്, ഇനി മിന്നല്‍മുരളിയിലേക്ക് വരാം, എന്താണ് മിന്നല്‍ മുരളി.. ഒരു സൂപ്പര്‍ ഹീറോയുടെ ജനനവും തനിക്കൊപ്പം ശക്തനായ എതിരാളിയുടെ വളര്‍ച്ചയും മിന്നല്‍ മുരളിയിലൂടെ കഥാകൃത്ത് പറഞ്ഞു പോകുന്നു. ജെയ്‌സണ്‍ എന്ന കഥാപാത്രമായിട്ടാണ് ടൊവിനോ ചിത്രത്തിലെത്തുന്നത്. 90കള്‍ക്ക് ഇപ്പുറം കഥ പറയുമ്പോള്‍ പഴയ നാടും നഗരവും നാട്ടിന്‍പുറത്തെ സുന്ദര ദൃശ്യങ്ങളുമെല്ലാം ക്യാമറയില്‍ ഒപ്പിയിട്ടുണ്ട്.

അമേരിക്കയിലേക്ക് ജോലിക്ക് പോകണമെന്ന് സ്വപ്‌നം കണ്ടു നടക്കുന്ന ജയ്‌സണ്‍ കുറുക്കന്‍മൂലയിലെ തയ്യല്‍ക്കാരനാണ്. നാട്ടിന്‍പുറത്തെ ചെത്ത് ചെക്കന്‍. ജെയ്‌സണിന്റെ ജീവിതത്തിലെ പ്രണയവും നിരാശയുമെല്ലാം ചിത്രത്തില്‍ വളരെ രസകരമായി തന്നെ ബേസില്‍ കാഴ്ചവയ്ക്കുന്നു. പ്രണയും തേപ്പും കോമഡിയായി നായകന്റെ ജീവിത്തിലേക്ക്് കടന്നെത്തുമ്പോള്‍ പ്രണയത്തിന്റെ വികാരതലങ്ങളെ സ്പഷ്ടമായി ചിത്രീകരിക്കുന്ന ഷിബുവിലൂടെ പ്രണയത്തിന്റെ ഭ്രാന്തന്‍ തലം കാട്ടിത്തരുന്നു, ഒരേസമയം ഇമോഷണല്‍ ഇന്റര്‍ടേയ്‌നര്‍ കോമഡി, എന്നിവയെല്ലാം മാറി മറിയുന്ന മേക്കിങ്ങാണ് ചിത്രം.

ഒരു ക്രിസ്തുമസ് കരോള്‍ രാത്രിയില്‍ ജയ്‌സണിനും അതേ സന്ദര്‍ഭത്തില്‍ തന്നെ ഷിബു എന്ന കഥാപാത്രത്തിനും മിന്നലേല്‍ക്കുന്നു. ഇവിടെയാണ് മിന്നല്‍ മുരളിയുടെ ജനനം. ജെയ്‌സണിനും ഷിബുവിനും ലഭിക്കുന്ന അതീന്ദ്രിയ കഴിവുകള്‍ ഇവരെ സൂപ്പര്‍ ഹീറോയാക്കി മാറ്റുന്നു. തനിക്ക് കിട്ടിയ കഴിവിനെ മാന്യമായി കൊണ്ടുനടക്കാന്‍ നായകന്‍ ശ്രമിക്കുമ്പോള്‍ പ്രണയത്തിനായി സര്‍വതും കീഴടക്കുന്ന പ്രതിനായകനെ ചിത്രത്തിലെ ഷിബുവിലൂടെ കാണാം. വി എഫ്.എക്‌സ് സാധ്യതകളെല്ലാം കൃത്യമായി മിന്നല്‍ മുരളിയില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

പ്രണയം, പക, നഷ്ടപ്പെടുമ്പോള്‍ ഭ്രാന്തനാകുന്ന പ്രതിനായകന്‍ എന്നിവയിലെല്ലാം ജെയ്്‌സണിനേക്കാള്‍ അല്ലെങ്കില്‍ ജെയ്‌സണിനെ വെല്ലുന്നരീതിയിലെ പ്രകടനമാണ് ഗുരു സോമസുന്ദരം ഷിബു എന്ന കഥാപാത്രത്തിലൂടെ കാട്ടിത്തരുന്നത്. നായകന്റെ പ്രണയത്തെ പൈങ്കിളിയായി ചിത്രീകരിക്കുമ്പോള്‍ പ്രണയപ്പകയില്‍ ഒരുനാടിനെ അഗ്നിക്കിരയാക്കാനൊരുങ്ങുന്ന പ്രതിനായകന്‍!