
കോട്ടയം: ഏറ്റുമാനൂർ നിയമസഭാ നിയോജക മണ്ഡലത്തിലെ ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്തത വികസന-ക്ഷേമ പ്രവർത്തനങ്ങളില്‍ 95 ശതമാനവും പൂർത്തീകരിച്ചതായി മണ്ഡലത്തിന്റെ എംഎല്‍എ കൂടിയായ സഹകരണ-തുറമുഖം-ദേവസ്വം മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
2021 മുതല്‍ ഇതുവരെ മണ്ഡലത്തില്‍ നടപ്പാക്കിയ പ്രവർത്തനങ്ങളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുന്ന പ്രോഗ്രസ് റിപ്പോർട്ട് മാന്നാനം കെ.ഇ. ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം ജനസമക്ഷം അവതരിപ്പിച്ചു.
ഉത്പാദനം, പശ്ചാത്തല വികസനം, സേവനം എന്നീ വിഭാഗങ്ങളിലായി നടപ്പാക്കിയ പ്രവർത്തനങ്ങള്‍ വിശദമാക്കുന്ന 112 പേജുള്ള റിപ്പോർട്ടാണ് പ്രസിദ്ധീകരിച്ചത്. ക്യു ആർ കോഡ് മുഖേന ഡിജിറ്റല്‍ പതിപ്പും ലഭ്യമാക്കിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശേഷിക്കുന്ന വികസന, ക്ഷേമ പ്രവർത്തനങ്ങള്‍ മാർച്ച് മാസത്തോടെ പൂർത്തീകരിക്കാനാകുമെന്ന് മന്ത്രി വ്യക്തമാക്കി. മണ്ഡലത്തില്‍ ഏറ്റവുമധികം വികസന പ്രവർത്തനങ്ങള്‍ നടന്നത് കോട്ടയം മെഡിക്കല്‍ കോളേജിലാണ്.
89 പദ്ധതികളിലൂടെ 1165 കോടി രൂപയുടെ വികസനമാണ് കഴിഞ്ഞ ഒൻപത് വർഷത്തിനിടെ ഇവിടെ നടപ്പാക്കിയത്. ഇക്കാലയളവില്‍ ദേശീയ, രാജ്യാന്തര തലങ്ങളില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കാനും മെഡിക്കല്‍ കോളജിന് സാധിച്ചു.
എല്ലാവർക്കും കുടിവെള്ളം ഉറപ്പാക്കിയ മണ്ഡലമായി ഏറ്റുമാനൂരിനെ ഉടൻ പ്രഖ്യാപിക്കും. മണ്ഡലത്തില്‍ 121.825 കിലോമീറ്റർ റോഡുകള്‍ ബി.എം.ബി.സി. നിലവാരത്തിലാക്കി. പട്ടിത്താനം-മണർകാട് ബൈപാസ്, കാരിത്താസ്-അമ്മഞ്ചേരി റോഡ്, കൈപ്പുഴ ചർച്ച്-പള്ളിത്താഴെ റോഡ്, അടിച്ചിറ-മാന്നാനം റോഡ് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. മെഡിക്കല്‍ കോളജ്-ഗാന്ധിനഗർ റോഡ് ഉള്‍പ്പെടെ ഏഴു റോഡുകളുടെ പുനർനിർമാണ പ്രവർത്തനങ്ങള്‍ റീബില്‍ഡ് കേരള പദ്ധതിയില്‍ 122 കോടി രൂപ ചെലവിട്ട് പൂർത്തീകരിച്ചു.
ഏറ്റുമാനൂർ മിനി സിവില്‍ സ്റ്റേഷന്റെ നിർമാണത്തിന് തുടക്കം കുറിച്ചു. ഇതിനായി രണ്ടു ഘട്ടങ്ങളിലായി 32 കോടി രൂപ അനുവദിച്ചു. കർഷകരുടെ ഉന്നമനത്തിനായി 2021-25 കാലഘട്ടത്തില്‍ വിവിധ പദ്ധതികള്‍ വഴി 89.07 കോടി രൂപ ചിലവിട്ടു
കാരിത്താസ് മേല്‍പ്പാലം, കുമരകം കോണത്താറ്റ് പാലം, അതിരമ്പുഴ ജംഗ്ഷൻ നവീകരണം എന്നിവ അഭിമാനകരമായ നേട്ടങ്ങളാണ്. പരിപ്പ് – തൊള്ളായിരം റോഡ്, മാന്നാനം പാലം എന്നിവയുടെ നിർമാണം ആരംഭിക്കാനായി.
രാജ്യത്തെ മികച്ച സർവകലാശാലകളിലൊന്നായി എം.ജി. സർവകലാശാല മാറിയതില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗുണമേന്മ ഉയർത്താൻ എല്‍.ഡി.എഫ്. സർക്കാർ സ്വീകരിക്കുന്ന നിലപാടുകള്‍ നിർണായകമായതായി മന്ത്രി പറഞ്ഞു.
ലൈഫ് ഭവന പദ്ധതിയില്‍ മണ്ഡലത്തിലെ 595 കുടുംബങ്ങള്‍ക്ക് വീട് നല്കി. 325 വീടുകള്‍ നിർമാണ ഘട്ടത്തിലാണ്. ലോക ടൂറിസം ഭൂപടത്തില്‍ ഇടംപിടിച്ചിട്ടുള്ള കുമരകം ഉത്തരവാദിത്ത ടൂറിസം മേഖലയിലെ അന്താരാഷ്ട്ര പരിശീലന കേന്ദ്രമായും മാറി.
മഹാത്മാ ഗാന്ധി സർവകലാശാലയില്‍ ഉള്‍പ്പെടെ മണ്ഡലത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ വിപുലമായ കായിക അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കാൻകഴിഞ്ഞു. എം.ജി സർവകലാശാലയിലെ സൂസൻ മേബിള്‍ ഇൻഡോർ സ്റ്റേഡിയം ആൻഡ് സ്പോർടസ് കോംപ്ലക്സ് പദ്ധതിക്ക് 47.81 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.
മണ്ഡലത്തിലെ വികസന പദ്ധതികളില്‍ പലതും നടപ്പാക്കിയത് കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെയാണ്. ആരോഗ്യ മേഖലയില്‍ മാത്രം 433.52 കോടി രൂപയുടെ പദ്ധതികള്‍ക്ക് കിഫ്ബി തുക അനുവദിച്ചതായി മന്ത്രി അറിയിച്ചു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം ജിം അലക്സ് അധ്യക്ഷത വഹിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് പ്രിൻസിപ്പല്‍ ഡോ. വർഗീസ് പുന്നൂസ്, മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, മുൻ എം.എല്‍.എമാരായാ വൈക്കം വിശ്വൻ,സ്റ്റീഫൻ ജോർജ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബാബു ജോർജ്, കെ.ഐ. കുഞ്ഞച്ചൻ, രാജീവ് നെല്ലിക്കുന്നേല്‍, ജോസ് ഇടവഴിക്കല്‍, വ്യാപാരി സംഘടനാ പ്രതിനിധികളായ എൻ.വി. തോമസ്, ഇ.എസ്. ബിജു, ജില്ലാ സഹകരണ ആശുപത്രി വൈസ് പ്രസിഡന്റ് കെ.എൻ. വേണുഗോപാല്‍, ഫാ. മാണി പുതിയിടം, ഫാ. ജെയിംസ് മുല്ലശ്ശേരില്‍, ഫാ. ബിനു കുന്നത്ത് എന്നിവർ പ്രസംഗിച്ചു.



