
ഡാമിൻ്റെ ചുറ്റുമുള്ള സ്വകാര്യഭൂമിയിൽ ഒരു തരത്തിലുള്ള നിർമാണ നിയന്ത്രണവും ഇല്ല, ജനങ്ങളെ തെറ്റിധരിപ്പിച്ച് ആശങ്കയിലാഴ്ത്താനാണ് ചിലർ ശ്രമിക്കുന്നത്, ചിലർ ജനങ്ങളെ ഭീതിയിലാഴ്ത്തുന്നത് വ്യക്തിപരമായ താത്പര്യങ്ങൾക്ക് വേണ്ടിയാണെന്നും മന്ത്രി റോഷി അഗസ്റ്റിൻ
ചെറുതോണി: ബഫർ സോൺ വിഷയത്തിൽ ഇടുക്കിയിലെ ജനങ്ങളെ തെറ്റിധരിപ്പിച്ച് ആശങ്കയിലാഴ്ത്താനാണ് ചിലർ ശ്രമിക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ.
ജനങ്ങളുടെ ആശങ്ക മനസ്സിലാക്കി ജലവിഭവവകുപ്പ് പുറത്തിറക്കിയ ഡാമുകളുടെ ചുറ്റും ബഫർ സോൺ പ്രഖ്യാപിച്ച ഉത്തരവ് റദ്ദാക്കി പുതിയ ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇതോടെ പഴയ ഉത്തരവ് പൂർണമായും ഇല്ലാതായി. ഇപ്പോൾ ഡാമിൻ്റെ ചുറ്റുമുള്ള സ്വകാര്യഭൂമിയിൽ ഒരു തരത്തിലുള്ള നിർമാണ നിയന്ത്രണവും ഇല്ലെന്നും മന്ത്രി പറഞ്ഞു.
എന്നാൽ പഴയ ഉത്തരവ് റദ്ദാക്കിയില്ലെന്നും ബഫർ സോൺ ഇപ്പോഴും നിലവിൽ ഉണ്ടെന്നും കെഎസ്ഇബിയുടെ ഡാമുകളിലേക്കുകൂടി ഇതു വ്യാപിപ്പിക്കാൻ സർക്കാർ തയ്യാറെടുക്കുകയാണെന്നുമാണ് പ്രചാരണം. ജനങ്ങളെ ആശങ്കപ്പെടുത്താനാണ് ഇത്തരമൊരു നീക്കം. ഇത് ഇടുക്കിജനത തിരിച്ചറിയണമെന്നും മന്ത്രി വ്യക്തമാക്കി. കെഎസ്ഇബിയുടെ ഡാമുകളുടെ ചുറ്റും ബഫർ സോൺ പ്രഖ്യാപിക്കാൻ നീക്കമില്ലെന്ന് വൈദ്യുതിമന്ത്രിയുടെ ഓഫീസുതന്നെ വ്യക്തമാക്കിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇക്കാര്യം വൈദ്യുതിമന്ത്രിയുമായി നേരിൽ സംസാരിച്ചു. അത്തരമൊരു നീക്കവുമില്ലെന്ന് അദ്ദേഹവും വ്യക്തമാക്കി. ഈ സാഹചര്യത്തിൽ വ്യക്തിപരമായ താത്പര്യംമാത്രം മുന്നിൽക്കണ്ടാണ് ചിലർ ജനങ്ങളെ ഭീതിയിലാഴ്ത്തുന്നതെന്നും ഇതു ജനങ്ങൾ തള്ളിക്കളയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.