സിപിഎം ഓഫീസില്‍ മന്ത്രിക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ നഗരസഭാധ്യക്ഷ പങ്കെടുത്ത സംഭവം; ഏറ്റുമാനൂര്‍ നഗരസഭാ അധ്യക്ഷ ലൗലി ജോര്‍ജിനോട് വിശദീകരണം തേടി കോട്ടയം ഡിസിസി

Spread the love

സ്വന്തം ലേഖിക

കോട്ടയം: സി പി എം ഓഫീസില്‍ സഹകരണ മന്ത്രി വി എന്‍ വാസവന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഒപ്പം പങ്കെടുത്ത കോണ്‍ഗ്രസ് നഗരസഭാ അധ്യക്ഷയോട് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം വിശദീകരണം തേടി.

ഏറ്റുമാനൂര്‍ നഗരസഭാ അധ്യക്ഷ ലൗലി ജോര്‍ജില്‍ നിന്നാണ് കോട്ടയം ഡിസിസി വിശദീകരണം തേടിയത്. മന്ത്രി വി എന്‍ വാസവന്‍ സി പി എം ഏരിയാ കമ്മിറ്റി ഓഫീസില്‍ ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കോണ്‍ഗ്രസുകാരിയായ നഗരസഭാ അധ്യക്ഷയും പങ്കെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റുമാനൂര്‍ മണ്ഡലത്തിലെ റോഡ് വികസന പദ്ധതികളെ പറ്റി പറയാനാണ് മന്ത്രി വി എന്‍ വാസവന്‍ ഇന്നലെ വാര്‍ത്താ സമ്മേളനം വിളിച്ചത്. ഏറ്റുമാനൂരിലെ എംഎല്‍എ ഓഫീസില്‍ വെച്ചായിരുന്നു വാര്‍ത്താസമ്മേളനം ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍, സ്ഥലപരിമിതി മൂലം അവസാന നിമിഷം വാര്‍ത്താ സമ്മേളനം തൊട്ടടുത്ത സി പി എം ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് മാറ്റി.

മന്ത്രി ക്ഷണിച്ചത് കൊണ്ടും വിഷയം റോഡ് വികസനം ആയതുകൊണ്ട് കോണ്‍ഗ്രസുകാരിയായ നഗരസഭാ അധ്യക്ഷയായ ലൗലി ജോര്‍ജും സി പി എം ഏരിയ കമ്മിറ്റി ഓഫീസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തത്. എന്നാല്‍ സി പി എം ഏരിയാ കമ്മിറ്റി ഓഫീസില്‍ വച്ച്‌ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവായ നഗരസഭാ അധ്യക്ഷ പങ്കെടുത്തത് അനൗചിത്യം എന്നാണ് ഡിസിസി നിലപാട്.

ഈ സാഹചര്യത്തിലാണ് നഗരസഭ് അധ്യക്ഷയോട് ഡി സി സി പ്രസിഡന്റ് വിശദീകരണം തേടിയത്. എന്നാല്‍, സംഭവം വിവാദമാക്കേണ്ടതില്ലന്നും താന്‍ കോണ്‍ഗ്രസുകാരി തന്നെയെന്നുമാണ് ലൗലി ജോര്‍ജിന്‍റെ വിശദീകരണം. വികസന വിഷയങ്ങളില്‍ രാഷ്ട്രീയം പാടില്ലെന്നാണ് വിഷയത്തില്‍ വി എന്‍ വാസവന്‍റെ പ്രതികരണം.