
മുതിർന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് പിറന്നാൾ സമ്മാനമായി ജനകീയ ലാബ്; ഉദ്ഘാടനം ചെയ്യാൻ ക്ഷണിച്ച ഇടതു സർക്കാരിലെ മന്ത്രി എത്തിയില്ല; മന്ത്രിക്ക് പകരം ഉദ്ഘാടനം ചെയ്ത് കെസി വേണുഗോപാൽ; ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രിക്കെതിരെ പരോക്ഷ വിമർശനം
ആലപ്പുഴ: മുതിർന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന് പിറന്നാൾ സമ്മാനമായി ആലപ്പുഴ മുഹമ്മയിൽ ഒരുക്കിയ ജനകീയ ലാബ് ഉദ്ഘാടനം ചെയ്യാൻ ഇടതു സർക്കാരിലെ മന്ത്രി എത്തിയില്ല. കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ എം പിയാണ് മന്ത്രി പി പ്രസാദ് എത്താതിരുന്നതിനാൽ ലാബ് ഉദ്ഘാടനം ചെയ്ത്.
പ്രാദേശിക സിപിഎം നേതാക്കളുടെ എതിർപ്പിനെ തുടർന്നാണ് മന്ത്രി വരാതിരുന്നതെന്ന് സംഘാടകർ പറഞ്ഞു. വിഎസ് അച്യുതാനന്ദന്റെ 101-ാം ജന്മദിനത്തിൽ ഒക്ടോബർ 20 നാണ് മാരാരിക്കുളം മണ്ഡലത്തിലെ മുഹമ്മ പുല്ലൻ പാറയിൽ ജനകീയ മെഡിക്കൽ ലാബിന്റെ നിർമ്മാണ പ്രവർത്തനം തുടങ്ങിയത്. ആറു മാസം കൊണ്ട് പണി പൂർത്തിയാക്കി. മന്ത്രി പി പ്രസാദിനെ മുഖ്യ ഉദ്ഘാടകനായും, എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപിയെ ലാബ് റൂം ഉദ്ഘാടകനായും തീരുമാനിച്ചു.
ചടങ്ങിന് സമയം കഴിഞ്ഞും മന്ത്രി എത്താതായതോടെ സംഘാടകർ വിവരം തിരക്കിയപ്പോൾ വരില്ലെന്ന് അറിയിച്ചു. ഇതോടെ കെ സി വേണുഗോപാൽ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ നിന്ന് വിട്ട് നിന്ന മന്ത്രിയെ പരോക്ഷമായി വിമർശിച്ചായിരുന്നു കോൺഗ്രസുകാരനായ എംപി ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രാദേശിക സിപിഎം നേതാക്കളുടെ എതിർപ്പാണ് മന്ത്രി ചടങ്ങിൽ നിന്ന് വിട്ടു നിൽക്കാൻ കാരണമെന്നാണ് സംഘാടകരും ലാബ് നിർമാണത്തിന് മുൻകൈയെടുത്ത വി എസിൻ്റെ പഴയ പേർസണൽ സ്റ്റാഫ് അംഗം ലതീഷ് ബി ചന്ദ്രനും ആരോപിക്കുന്നത്. ഞായറാഴ്ചയായതിനാൽ പരിപാടികളുടെ തിരക്ക് മൂലം എത്താൻ കഴിഞ്ഞില്ലെന്നാണ് മന്ത്രി പി പ്രസാദ് നൽകുന്ന മറുപടി.
എന്നാൽ, മണ്ഡലത്തിലെ മറ്റ് പരിപാടികളിൽ മന്ത്രി പങ്കെടുക്കുകയും ചെയ്തിരുന്നു. ലാബ് നിർമാണത്തിന് നേതൃത്വം നൽകിയ ലതീഷ് ബി ചന്ദ്രൻ പഴയ വി എസ് ഗ്രൂപ്പുകാരനാണ്. ഏറെ നാളായി പാർട്ടിയുമായി ഇടഞ്ഞു നിൽക്കുന്ന ലതീഷിനിനോടുള്ള എതിർപ്പാണ് ഉദ്ഘാടന ചടങ്ങിൽ നിന്ന് സിപിഐ മന്ത്രിയെ വിലക്കാൻ പ്രാദേശിക സിപിഎം നേതൃത്വത്തെ പ്രേരിപ്പിച്ചതെന്നാണ് സൂചന. എന്നാൽ സിപിഎം ആരോപണം നിഷേധിച്ചു.