
സംസ്ഥാനത്തെ ഭിന്നശേഷിക്കാരുടെ സമഗ്ര പുനരധിവാസത്തിന് ‘സുശക്തി’ സ്വയംസഹായ സംഘങ്ങൾ ആരംഭിക്കുമെന്ന് മന്ത്രി ആർ ബിന്ദു അറിയിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ :-
സംസ്ഥാനത്തെ ഭിന്നശേഷിക്കാരുടെ സമഗ്ര പുനരധിവാസത്തിന് ‘സുശക്തി’ സ്വയംസഹായ സംഘങ്ങൾ ആരംഭിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
“സ്വന്തം വെല്ലുവിളികളെയും പ്രതിസന്ധികളെയും സാധ്യതകളാക്കി മാറ്റി പൊതുസമൂഹത്തിന് മാത്യകയാക്കാവുന്ന തലത്തിലേക്ക് ‘സുശക്തി’ യൂണിറ്റുകളെയും അംഗങ്ങളെയും മാറ്റും”
ഈ സ്വയംസഹായ സംഘങ്ങളുടെ പ്രാരംഭ പ്രവർത്തനങ്ങൾ കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷനായിരിക്കും നടത്തുക. സംഘത്തിന്റെ സംസ്ഥാനതല നിർവ്വഹണകേന്ദ്രം (രജിസ്റ്റേർഡ് ഓഫീസ്) സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷന്റെ പൂജപ്പുരയിലെ ആസ്ഥാനമായിരിക്കും.
ശാരീരിക, മാനസിക, ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്നവരെ സമൂഹത്തില്‍ സമഗ്രമായി ഉള്‍ച്ചേര്‍ത്ത് അവരെ സാമൂഹികവും സാമ്പത്തികവും മാനസികവും കലാ കായികവും സാംസ്കാരികവുമായ സ്വയംപര്യാപ്തതയിലെത്തിക്കുക എന്നതാണ് ‘സുശക്തി’ വിഭാവനം ചെയ്യുന്നത്. ഭിന്നശേഷി വിഭാഗത്തിന്റെ ഉന്നമനത്തിനായുള്ള പദ്ധതികളുടെ ലക്ഷ്യപ്രാപ്തിയുടെ വേഗം വര്‍ദ്ധിപ്പിക്കാനും ഇത് സഹായകമാവും.
ശാരീരികമോ മാനസികമോ ബൗദ്ധികമോ ആയ വെല്ലുവിളികൾ നേരിടുന്ന എല്ലാ വ്യക്തികളെയും സുശക്തി അംഗത്വത്തിന് അർഹതയുള്ള അവരുടെ രക്ഷാകർത്താക്കളേയും ഉൾപ്പെടുത്തിയാണ് സുശക്തി സ്വയം സഹായ സംഘങ്ങൾ രൂപീകരിക്കുക. സുശക്തി സ്വയംസഹായ സംഘത്തിന്റെ പരിധിയില്‍ സ്ഥിരതാമസക്കാരായ, നാൽപ്പതു ശതമാനമോ അതില്‍ കൂടുതലോ ശാരീരിക – മാനസിക – ബൗദ്ധിക വെല്ലുവിളി നേരിടുന്ന, സ്ത്രീ/പുരുഷന്‍/ ട്രാന്‍സ്ജെന്റര്‍ വിഭാഗത്തിലുൾപ്പെട്ട, 10 മുതല്‍ 20 വരെ വ്യക്തികളുടെ കൂട്ടായ്മയാണ് ഓരോ സുശക്തി യൂണിറ്റ് അഥവാ സുശക്തി സ്വയംസഹായ സംഘവും.
ഭിന്നശേഷി സ്വയംസഹായ സംഘങ്ങളും വ്യക്തികളും നിർമ്മിക്കുന്ന ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്തി ബ്രാൻഡ് ചെയ്ത് അവയുടെ വിപണന സാദ്ധ്യതകൾ മെച്ചപ്പെടുത്തുക മുഖ്യലക്ഷ്യമാണ്. അംഗങ്ങൾക്ക് വരുമാനദായക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനുള്ള പ്രോത്സാഹനവും പിന്തുണയും സുശക്തി സ്വയംസഹായ സംഘങ്ങളിലൂടെ നൽകും. കേന്ദ്ര സംസ്ഥാന സർക്കാരുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍,ഇതര ഏജൻസികൾ എന്നിവയുടെ ദാരിദ്ര്യലഘൂകരണ പ്രവർത്തനങ്ങളും ക്ഷേമപദ്ധതികളും തൊഴിൽ പുനരധിവാസ പദ്ധതികളും ഏറ്റെടുത്ത് സുശക്തി അംഗങ്ങൾക്ക് സ്ഥിരമായ ഉപജീവനസൗകര്യം ലഭ്യമാക്കും.
ഭരണഘടന ഉറപ്പുനൽകുന്ന സമത്വവും തുല്യനീതിയും അവകാശമാണെന്ന ബോദ്ധ്യം ഉയർത്തിപ്പിടിച്ചുകൊണ്ട് സ്വാശ്രയത്വം നേടുന്നതിനൊപ്പം, സേവനതല്പരതയും ഭിന്നശേഷി വിഭാഗക്കാരുടെ ഇടയിൽ വളർത്തിയെടുക്കാൻ സുശക്തി പ്രവർത്തിക്കും.
ഭിന്നശേഷിക്കാരുടെ പരിമിതികളെ അതിജീവിക്കുന്നതിനായി നടപ്പിലാക്കുന്ന വിദ്യാഭ്യാസ പരിപാടികളുടെ പ്രത്യക്ഷ പ്രയോജനം അവർക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സുശക്തി നടത്തും.



