
മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു: ജില്ലാ പഞ്ചായത്തിന്റെ വിദ്യാഭ്യാസ അവാർഡുകൾ സമ്മാനിച്ചു
സ്വന്തം ലേഖകൻ
കോട്ടയം : ജില്ലാ പഞ്ചായത്തിന്റെ വിദ്യാഭ്യാസ അവാർഡ് ദാനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് വീഡിയോ കോൺഫറൻസിലുടെ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അവാർഡുകൾ സമ്മാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അധ്യക്ഷത വഹിച്ചു.
ഈ വർഷം പൊതു പരീക്ഷ എഴുതുന്ന ബി.പി.എൽ വിഭാഗത്തിൽപെട്ട എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി ക്ലാസുകളിലെ തിരഞ്ഞെടുക്കപ്പെട്ട 440 വിദ്യാർഥികൾക്ക് ദേവികാ സാന്ത്വനം പദ്ധതി പ്രകാരം നൽകുന്ന ലാപ്‌ടോപ്പുകളുടെ വിതരണം തോമസ് ചാഴികാടൻ എം.പി ഉദ്ഘാടനം ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. ശോഭാ സലിമോൻ, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ ലിസമ്മ ബേബി, സഖറിയാസ് കുതിരവേലി, മാഗി ജോസഫ്, പെണ്ണമ്മ ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജയേഷ് മോഹൻ, ബെറ്റി റോയി, അനിത രാജു, സെക്രട്ടറി സിജു തോമസ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.ആർ. ഷൈല, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ-ഓർഡിനേറ്റർ കെ.ജെ പ്രസാദ്, എസ്.എസ്.കെ. ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ മാണി ജോസഫ് എന്നിവർ പങ്കെടുത്തു.
ജില്ലയിൽ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകളിൽ നൂറു ശതമാനം വിജയം നേടിയ ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള സ്‌കൂളുകളെയും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മൂവായിരത്തിലധികം വിദ്യാർഥികളെയുമാണ് അവാർഡിനായി തിരഞ്ഞെടുത്തത്.