play-sharp-fill
ഒരു വിഭാഗത്തിന് നീതി നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ല-മന്ത്രി കെ. കൃഷ്ണന്‍കുട്ടി

ഒരു വിഭാഗത്തിന് നീതി നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ല-മന്ത്രി കെ. കൃഷ്ണന്‍കുട്ടി

സ്വന്തം ലേഖകൻ

കോട്ടയം : സമൂഹത്തിലെ ഒരു വിഭാഗത്തിന് നീതി നിഷേധിക്കുന്നത് അംഗീകരിക്കാന്‍ നിയമനിഷേധ പോരാട്ടങ്ങള്‍ നടത്തി സ്വാതന്ത്ര്യം നേടിയ ജനതയ്ക്ക് കഴിയില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. പോലീസ് പരേഡ് ഗ്രൗണ്ടില്‍ ജില്ലാതല റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.


രാജ്യം വലിയ വെല്ലുവിളി നേരിടുന്ന കാലഘട്ടമാണിത്. ദേശീയ പൗരത്വ ബില്ലും
പൗരത്വ ഭേദഗതി നിയമവും ജനങ്ങളില്‍ കടുത്ത ആശങ്ക പരത്തിയിരിക്കുന്നു നിയമമല്ല, നിഷേധിക്കപ്പെടുന്ന നീതിയാണ് പ്രധാനമെന്ന മഹാത്മഗാന്ധിയുടെ വാക്കുകള്‍ക്ക് പ്രസക്തിയേറുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തില്‍ അധിഷ്ഠിതമായി ജനാധിപത്യ പ്രക്രിയയിലൂടെ പടുത്തുയര്‍ത്തിയ ഇന്ത്യ ലോകത്തിന് മാതൃകയാണ്. എന്നാല്‍ സമീപ കാലത്ത് വികസനക്കുതിപ്പിന് തുരങ്കം വയ്ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചില കോണുകളില്‍ പ്രകടമാകുന്നു. ജനാധിപത്യത്തെ അട്ടിമറിക്കാനും വര്‍ഗീയ വിഷം പടര്‍ത്തുവാനുമുള്ള ശ്രമങ്ങളെ നാം ഗൗരവമായി കാണണം.

നിയമനിര്‍മാണ സഭകളെ നോക്കുകുത്തിയാക്കി നിയമങ്ങള്‍ നടപ്പാക്കുന്ന പ്രവണത ഫെഡറല്‍ ജനാധിപത്യ സംസ്കാരത്തിന് യോജിച്ചതാണോ എന്ന് വിലയിരുത്തണം. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വെല്ലുവിളി നേരിടുന്ന കാലഘട്ടത്തില്‍ നാം കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.

ജനങ്ങളുടെ സാമൂഹിക സാമ്പത്തിക പുരോഗമനം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിവരികയാണ്. ചുരുങ്ങിയ കാലത്തിനുള്ളില്‍ സംസ്ഥാന വികസനത്തില്‍ സമൂലമായ മാറ്റം കൊണ്ടുവരാന്‍ സര്‍ക്കാരിന് സാധിച്ചു-മന്ത്രി പറഞ്ഞു.

പരേഡ് പരിശോധിച്ച മന്ത്രി പരേഡില്‍ മികച്ച പ്രകടനം കാഴ്ച്ച വച്ചവര്‍ക്കുള്ള പുരസ്കാര വിതരണവും നിര്‍വഹിച്ചു.

പൊന്‍കുന്നം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വി.കെ. വിജയരാഘവനായിരുന്നു പരേഡ് കമാന്‍ഡര്‍. ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്സിലെ റിസര്‍വ്വ് സബ് ഇന്‍സ്പെക്ടര്‍ കെ. രാജേഷ്, കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്.ഐ ടി. സുമേഷ്, കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്.ഐ വി. സ്വാതി, കോട്ടയം എക്സൈസ് ഓഫീസിലെ ഇന്‍സ്പെക്ടര്‍ എന്‍.വി. സന്തോഷ്കുമാര്‍, വൈക്കം എക്സൈസ് ഓഫീസിലെ സിവില്‍ ഓഫീസര്‍ സവിത, എരുമേലി ഫോറസ്റ്റ് ഓഫീസിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ. ജി മഹേഷ് എന്നിവര്‍ പോലീസ് പ്ലറ്റൂണുകളെ നയിച്ചു.

കോട്ടയം എം.ഡി.എച്ച്.എസ്.എസിലെ തോമസ് ചാക്കോ, കാര്‍ത്തിക എസ്. നായര്‍, കോട്ടയം ഗവണ്‍മെന്‍റ് കോളേജിലെ ഹാഷിര്‍ റഷീദ്, ബി.സി.എം കോളേജിലെ സ്നേഹ മെറിന്‍ സജി എന്നിവര്‍ എന്‍.സി.സി സീനിയര്‍ പ്ലറ്റൂണുകള്‍ക്കും വടവാതൂര്‍ ജവഹര്‍ നവോദയ വിദ്യാലയത്തിലെ ജാസിം സുജാദും അന്‍സ മരിയ ബേബിയും എന്‍.സി.സി ജൂണിയര്‍ പ്ലറ്റൂണുകള്‍ക്കും നേതൃത്വം നല്‍കി.

സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പ്ലറ്റൂണുകളെ ജോബിന്‍ മത്തായി ചാക്കോ, ആന്‍ മരിയ ആശിഷ്, വൈശാഖ്, എല്‍ന എലിസബത്ത് തോമസ് എന്നിവരും ഗൈഡ്സ് പ്ലറ്റൂണുകളെ മീനു പി. ജോസഫ്, ക്രിസ്റ്റീന ബിനോയ്, വി.എസ് അമിത എന്നിവരും നയിച്ചു.

ചങ്ങനാശേരി എസ്.ബി. എച്ച്.എസ്.എസിലെ സാവിയോ സാജു, കോട്ടയം സി.എം.എസ് എച്ച്.എസ്.എസിലെ ആര്‍. അഭിനവ്, കുടമാളൂര്‍ സെന്‍റ് മേരീസ് യു.പി. സ്കൂളിലെ ടോണിമോന്‍ ജേക്കബ് എന്നിവര്‍ സ്കൗട്ട് പ്ലറ്റൂണുകളുടെ ക്യാപ്റ്റന്‍മാരായിരുന്നു.

മണര്‍കാട് ഇന്‍ഫന്‍റ് ജീസസ് ബഥനി ജി.എച്ച്.എസിലെ നിരഞ്ജന, കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ സ്കൂളിലെ ആദിത്യ സുനില്‍, ഏറ്റുമാനൂര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ വി.എസ്. മേഘാമോള്‍, പാമ്പാടി ക്രോസ് റോഡ് സ്കൂളിലെ അദ്രിജ, കോട്ടയം മൗണ്ട് കാര്‍മ്മല്‍ സ്കൂളിലെ നിത്യ അന്ന തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള ബാന്‍ഡ് സംഘങ്ങളും പരേഡില്‍ അണിനിരന്നു.

പാമ്പാടി ക്രോസ് റോഡ് സ്കൂളിലെ വിദ്യാര്‍ഥികള്‍ പഞ്ചവാദ്യവും കോട്ടയം മൗണ്ട് കാര്‍മ്മല്‍ സ്കൂളിലെ വിദ്യാര്‍ഥിനികള്‍ ദേശഭക്തി ഗാനവും അവതരിപ്പിച്ചു.
ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു, ജില്ലാ പോലീസ് മേധാവി പി.എസ്. സാബു, ജനപ്രതിനിധികള്‍, രാഷ്ട്രീയ-സാമൂഹ്യ നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.