”കടന്നുവരുന്നു… കടന്നുവരുന്നു… ജനനായകൻ കടന്നുവരുന്നു… ആവേശകരമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി… ഈ രാജവീഥിയിലൂടെ കടന്നുവരുന്നു…” ; അനൗൺസ് വാഹനത്തിനുള്ളിൽ പരിചയമുള്ള ശബ്ദം ; കാഴ്ചക്കാർക്കും പ്രവർത്തകർക്കും കൗതുക കാഴ്ചയായി മന്ത്രിയുടെ അനൗൺസ്മെന്റ്

Spread the love

സ്വന്തം ലേഖകൻ

ചേർത്തല: ”കടന്നുവരുന്നു… കടന്നുവരുന്നു… ജനനായകൻ കടന്നുവരുന്നു… ആവേശകരമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി… ഈ രാജവീഥിയിലൂടെ കടന്നുവരുന്നു…” ആലപ്പുഴ ലോക്‌സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എ എം ആരീഫിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനായി മുന്നിൽ പോയ അനൗൺസ് വാഹനത്തിനുള്ളിൽ നിന്നുമുള്ള ശബ്ദമായിരുന്നു.

വഴിയോരങ്ങളിൽ കാത്തു നിന്നവർക്കും, പ്രവർത്തകർക്കും പരിചയമുള്ള ശബ്ദം പെട്ടെന്ന് ശ്രദ്ധയിൽ പെട്ടു. നോക്കുമ്പോൾ കൃഷി മന്ത്രി പി പ്രസാദാണ് ആരിഫിന്റെ ചിത്രങ്ങളാൽ അലങ്കരിച്ച വാഹനത്തിനുള്ളിൽ നിന്നും അനൗൺസ് ചെയ്തിരുന്നത‌്. കാഴ്ചക്കാർക്കും പ്രവർത്തകർക്കും കൗതുക കാഴ്ചയായിരുന്നു മന്ത്രിയുടെ അനൗൺസ്മെന്റ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ചേർത്തല കെഎസ്ആർടിസി ബസ്സ്റ്റാന്റിന് സമീപം സിപിഎം ഏരിയാ കമ്മറ്റി ഓഫീസ് അങ്കണത്തിൽ നിന്നുമായിരുന്നു ആരീഫിന്റെ റോഡ് ഷോ തുടങ്ങിയത്. ദേശീയ പാതയിൽ 11-ാം മൈയിലിൽ നിന്നും മന്ത്രി പി പ്രസാദ് അനൗൺസ്‌മെന്റ് വാഹനത്തിൽ കയറി മൈക്ക് പിടിച്ചുവാങ്ങി.

പിന്നെ ഒന്നും നോക്കിയില്ല. കഞ്ഞിക്കുഴി, ചേർത്തല സൗത്ത്, അർത്തുങ്കൽ വരെ ഇടമുറിയാതെ അനൗൺസ്‌മെന്റ് തുടർന്നുകൊണ്ടേയിരുന്നു. സ്കൂൾ കാലഘട്ടത്തിൽ അനൗൺസ്‌മെന്റ് നടത്താറുള്ള പി പ്രസാദിന് ഇതൊരു പുത്തരി അല്ലായിരുന്നു. റോഡ് ഷോ രാത്രി 10 മണിയോടെ നെടുമ്പ്രക്കാട് എസ് എൻ ഡി പി യ്ക്ക് സമീപമായിരുന്നു സമാപിച്ചെതെങ്കിലും അതിന് മുമ്പേ മൈക്ക് തിരിച്ച് നൽകി അനൗൺസ് മെൻ്റ് വാഹനത്തിൽ നിന്നും മന്ത്രി പുറത്തിറങ്ങി.