അവർ പരിശുദ്ധരാണ്,തെറ്റ് ചെയ്യാത്തവരാണ് എന്നൊക്കെയുള്ള ധാരണകൾ വേണ്ട ; യുഎപിഎ നിലപാടിലുറച്ച് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അലൻ ഷുഹൈബിനേയും താഹ ഫസലിനെയും അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ നടപടിയെ ന്യായീകരിച്ച് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയൻ.
അവരെന്തോ പരിശുദ്ധൻമാരാണ്, ഒരു തെറ്റും ചെയ്യാത്തവരാണ്, ചായകുടിക്കാൻ പോയപ്പോഴാണ് അറസ്റ്റ് ചെയ്തത് എന്ന തരത്തിൽ ധാരണ വേണ്ട മുഖ്യമന്ത്രി പറഞ്ഞു. സമയമാകുമ്പോൾ അവർ ചെയ്ത കുറ്റത്തെ കുറിച്ച് വിശദമായി പറയാമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അലനെയും താഹയെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ പൊലീസ് നടപടിക്കെതിരെ കടുത്ത വിമർശനം പൊലീസിനും ആഭ്യന്തര വകുപ്പിനും എതിരെ ഉയർന്ന സാഹചര്യത്തിൽ കൂടിയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
സാധാരണ ഗതിയിൽ യുഎപിഎ ചുമത്തിയത് മഹാ അപരാധമായി പോയി എന്ന് പറയണം എന്നാണ് എല്ലാവരും കരുതുന്നത്, പക്ഷേ അങ്ങനെ പറയാൻ തയ്യാറല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
യു.എ.പി.എക്ക് സർക്കാർ എതിരാണ്. പക്ഷേ യു.എ.പി.എ ചുമത്തിയ കേസുകൾ സർക്കാരിന്റെ കാലത്ത് ഉണ്ടായിട്ടുണ്ട്. യുഎപിഎ നിയമത്തിലെ ചില വ്യവസ്ഥകൾ അനുസരിച്ചാണ് കേസ് എൻഐഎ ഏറ്റെടുത്തതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.