
പാലക്കാട്: മണ്ഡലകാലമായാല്‍ ഒറ്റപ്പാലം വാണിയംകുളം കയില്യാട്ടെ ഓടുപാറയില്‍ ഉത്സവത്തിന് തിരിതെളിയും.
ഇവിടുത്തുകാര്‍ക്ക് നാട്ടിലെ മിനി ശബരിമലയാണ് ഓടുപാറ അയ്യപ്പക്ഷേത്രം.
172 പടികള്‍ കയറിച്ചെന്നാല്‍ കലിയുഗവരദൻ ദര്‍ശനമരുളും.
പണ്ടിവിടെ കാടായിരുന്നതിനാല്‍ കാനനക്ഷേത്രമായാണ് ഇവിടം അറിയപ്പെടുന്നത്. താഴെ നിന്ന് മുകളറ്റം വരെ പടികളാണ്. ദര്‍ശന സൗഭാഗ്യം മാത്രമല്ല, മലമുകളിലെത്തിയാല്‍ കയില്യാടിന്റെ മുഴുവൻ ഗ്രാമീണഭംഗിയും മുന്നില്‍ തെളിയും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പച്ചപ്പും പരന്നുകിടക്കുന്ന നെല്‍പ്പാടങ്ങളും മതിമറന്നാസ്വദിക്കാം.
ക്ഷേത്രത്തിന് 400 വര്‍ഷം പഴക്കം കണക്കാക്കുന്നു. പണ്ട് അയ്യപ്പഭക്തനായ സ്വാമിയാര്‍ക്ക് വാര്‍ദ്ധക്യസഹജമായ പ്രശ്നങ്ങള്‍ കാരണം ശബരിമല ദര്‍ശനം സാധിക്കാതെ വരികയും ഇവിടെ ഭജനമിരിക്കുകയും 41ാം ദിവസം അയ്യപ്പൻ ദര്‍ശനം നല്‍കിയെന്നുമാണ് വിശ്വാസം.
അദ്ദേഹം മലമുകളില്‍ താമസിച്ച് പൂജ ചെയ്യുകയും വിഗ്രഹത്തില്‍ നെയ്യഭിഷേകം നടത്തുകയും ചെയ്തതായും വിശ്വസിക്കുന്നു.
ശാന്തമായ അന്തരീക്ഷത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സമീപത്തെ അരളിമരത്തിന് താഴെ തീര്ത്ഥക്കുഴിയായി ഉപയോഗിക്കുന്ന നീരുറവ കനത്ത വേനലിലും വറ്റാറില്ല. ഉദ്ദിഷ്ടകാര്യ സാദ്ധ്യത്തിനും ഗ്രഹദോഷ നിവാരണത്തിനും എല്ലാ മലയാള മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച നടത്തുന്ന കാര്യസാദ്ധ്യ മഹാപുഷ്പാഞ്ജലിയാണ് പ്രധാന വഴിപാട്. ശബരിമലയിലെ പോലെ നെയ്യഭിഷേകവും നടത്താം.