കുറ്റകൃത്യത്തിന് ശേഷം സംസ്ഥാനം വിടുന്ന ഗുണ്ടകൾക്ക് വാടക ഭാര്യമാർ സുലഭം; വാടക ഭാര്യമാരെ കൂടെ കൂട്ടുന്നത് ലോഡ്ജുകളിൽ മുറി കിട്ടാൻ
സ്വന്തം ലേഖകൻ
കൊല്ലം: കുറ്റകൃത്യം ചെയ്ത ശേഷം സംസ്ഥാനം വിടുന്ന ഗുണ്ടകളുടെ കൂട്ടത്തിൽ ഒരു സ്ത്രീ നിർബന്ധമാണ്. ക്വട്ടേഷൻ നടപ്പാക്കിയ ശേഷം കേരളത്തിന് പുറത്തേക്ക് മുങ്ങുന്ന ഗുണ്ടകൾക്ക് കൂട്ടായി പോകുന്ന ഈ സ്ത്രീകൾ വാടക ഭാര്യമാരാണ്. ചെക്ക് പോസ്റ്റുകളിൽ കൂടുതൽ പരിശോധനകളിൽ നിന്ന് ഒഴിവാകാനും ലോഡ്ജുകളിൽ മുറിയെടുക്കുമ്പോൾ സംശയം തോന്നാതിരിക്കാനുമാണ് സ്ത്രീകളെ ഒപ്പം കൂട്ടുന്നത്.
പേരൂർ രഞ്ജിത്ത് കൊലക്കേസിൽ പുതുച്ചേരിയിൽ അറസ്റ്റിലായ പാമ്പ് മനോജിനും സംഘത്തിനുമൊപ്പം പിടിയിലായ പരവൂർ സ്വദേശിനി മിനി പ്രതിയായ കാട്ടുണ്ണി എന്ന രഞ്ജിത്തിന്റെ ഭാര്യ എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, ഭർത്തൃമതിയും മുതിർന്ന രണ്ടു കുട്ടികളുടെ മാതാവുമായ മിനി കാട്ടുണ്ണിയെ മതാചാര പ്രകാരമോ നിയമപരമായോ വിവാഹം ചെയ്തിട്ടില്ല. നേരത്തെ നെടുമങ്ങാട്ട് ഒരു കൊലപാതക കേസിലും പരവൂരും കുളത്തൂപ്പുഴയിലുമായി എട്ട് വധശ്രമ കേസിലും ചില്ലറ മോഷണ കേസുകളിലും പ്രതിയായി ഒളിവിൽ കഴിയവേയാണ് കാട്ടുണ്ണിയുടെ ഒളിവ് ജീവിതം സുരക്ഷിതമാക്കാൻ മിനി കൂടെ കൂടിയത്. ആ ബന്ധം ഇപ്പോഴും തുടരുന്നു.
പാമ്പ് മനോജിന്റെ സംഘത്തോടൊപ്പം നീങ്ങിയ മിനി ഒരുമാസത്തെ ഒളിവ് ജീവിതത്തിനിടെ 13 സിം കാർഡുകളാണ് സ്വന്തം പേരിൽ തരപ്പെടുത്തിയത്. രഞ്ജിത്ത് വധക്കേസിൽ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും മൃതദേഹം വാഹനത്തിൽ കയറ്റാൻ സഹായിച്ചതിന് പിടിയിലായ വടക്കേവിള സ്വദേശി റിയാസിനൊപ്പം കഴിയുന്നതും ഒരു പെൺഗുണ്ടയാണെന്ന് പൊലീസ് പറയുന്നു. കാട്ടുണ്ണി പറവൂരിൽ ഒരു കാർ യാത്രക്കാരന്റെ മുഖത്ത് കത്തി കൊണ്ട് കുത്തിയ സമയത്ത് റിയാസിന്റെ കൂടെ താമസിക്കുന്ന ഈ സ്ത്രീ കാറിൽ നിന്ന് ഇറങ്ങി കുത്തുകൊണ്ട ആളെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് സുരക്ഷാ ക്യാമറ മുഖേന ലഭിച്ചു. ഈ സംഭവം നടക്കുമ്പോൾ റിയാസും പാമ്പ് മനോജും കുക്കുവും വിഷ്ണുവും കാറിലുണ്ടായിരുന്നു. സെപ്തംബർ ഒന്നിനാണ് സംഭവം നടന്നത്. തമിഴ്‌നാട്ടിൽ നിന്ന് അടിവസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച് പാമ്പ് മനോജിനായി കഞ്ചാവ് കടത്തുന്നതും വാടക ഭാര്യമാരാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സമാന രീതിയിൽ ക്വട്ടേഷൻ സംഘങ്ങൾക്ക് വാടക ഭാര്യമാരായി മുൻ വ്യാജമദ്യ കേസുകളിലെ പ്രതികളായ ഏതാനും സ്ത്രീകൾ കൊല്ലത്തുണ്ടെന്നാണ് പൊലീസ് പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group