
കോപം മാനുഷികവും സ്വാഭാവികവുമായ പ്രതിഭാസമാണ്. അനിഷ്ടമായത് കാണുകയോ കേള്‍ക്കുകയോ അനുഭവിക്കുകയോ ചെയ്യുമ്പോൾ മനഷ്യന്‍റെ വൈകാരികത ഉണരുകയും അത് പ്രകടിപ്പിക്കുകയും ചെയ്യുന്ന അവസ്ഥയാണ് കോപം.
മനുഷ്യനെ ഏറ്റവും കൂടുതല്‍ അപകടത്തിലാക്കുന്നതും സന്തുഷ്ട ജീവിതം തകർക്കുന്നതുമായ ദുഷ് വികാരമാണത്.
പലരുടെയും വ്യക്തിത്വത്തിന്‍റെ പരാജയകാരണംതന്നെ അമിത കോപമാണ്. പരസ്പരമുള്ള സഹകരണവും സഹവർത്തിത്വവും നശിപ്പിക്കുന്നതിലും സൗഹൃദങ്ങൾക്ക് വിള്ളലുണ്ടാക്കുന്നതിലും ബന്ധങ്ങൾ ശിഥിലമാക്കുന്നതിലും കോപം പ്രധാന പങ്ക് വഹിക്കുന്നു. കോപം ജീവിതത്തിലുണ്ടാക്കുന്ന പ്രശ്നങ്ങളും അവ ജീവിതത്തെ ബാധിക്കാതിരിക്കാനുള്ള വഴികളും അറിയാം.
എന്തിനും ഏതിനും കോപിക്കുന്നവരുണ്ട്. കോപം വന്നാൽ ചിലർ ഭ്രാന്താവസ്ഥയിലാകുന്നു. തദവസരത്തിൽ അവർ ചെയ്യുന്നതും പറയുന്നതുമായ കാര്യങ്ങൾ നിയന്ത്രിക്കാൻ കഴിയാതെപോകുന്നു.
സഹപ്രവർത്തകരുമായും പങ്കാളിയുമായും വഴക്കിടുകയും കുറ്റപ്പെടുത്തുകയും വായിൽ തോന്നുന്നതെല്ലാം വിളിച്ചുപറയുകയും ആക്രോശിക്കുകയും കൈയിൽ കിട്ടുന്നതെല്ലാം വലിച്ചെറിയുകയും വീട്ടുപകരണങ്ങളും മറ്റും നശിപ്പിക്കുകയും ചിലപ്പോൾ പ്രതിയോഗിയെ വകവരുത്തുകയും ചെയ്യുന്നു.
പ്രതികാരം തീർക്കാനും തെറ്റായ തീരുമാനങ്ങളെടുക്കാനും ദേഷ്യവും ക്രോധവും വിദ്വേഷവും കാരണമാകുന്നു.
ബന്ധങ്ങള്‍ തകരുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിക്കുന്ന ഒന്നാണ് അമിത ദേഷ്യം. പല കുടുംബബന്ധങ്ങളും തകര്‍ച്ചയുടെ വക്കിലെത്താന്‍ പ്രധാന കാരണം പങ്കാളികളുടെ ദേഷ്യമാണ്. ചിലപ്പോള്‍ ചെറിയ പ്രശ്‌നമായിരിക്കാം. അമിത ദേഷ്യംകൊണ്ട് വലിയൊരു പ്രശ്‌നമായി തീര്‍ന്നതായിരിക്കും.
ബന്ധങ്ങളെ നശിപ്പിക്കുന്നു എന്നതിലേറെ വേദനയുളവാക്കുന്നതാണ് അത് മനുഷ്യനെ ത്തന്നെ നശിപ്പിക്കുന്നു എന്നത്. അമിത കോപം ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നു. കോപം വരുമ്പോള്‍ ശരീരത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ നിരവധിയാണ്.
അമിത കോപമുള്ളവർ ആലോചനയില്ലാതെ പ്രകോപനകൾക്ക് വിധേയരാവുകയും എടുത്തുചാടി തീരുമാനങ്ങളെടുക്കുകയും ചെയ്യുന്നു. അതുവഴി സ്വയം പ്രശ്നത്തിൽ ചാടുന്നു.
● പല അക്രമങ്ങളും ഉണ്ടാകുന്നത് പ്രകോപനംമൂലമാണ്. കോപം വരുത്തിവെക്കുന്ന ഭവിഷ്യത്തുകൾ ചിന്തിക്കാതെ പ്രതികരിച്ച് മനുഷ്യർ നഷ്ടങ്ങൾ വരുത്തിവെക്കാറുണ്ട്.
● തുടരെ കോപിഷ്ഠരാകുന്നവരുടെ രക്തസമ്മർദം കൂടുകയും തലവേദന പോലുള്ള ശാരീരിക അസ്വസ്ഥതകൾ വർധിക്കുകയും ചെയ്യും.
● കുറ്റബോധം ഉണ്ടാക്കുകയും ആത്മവിശ്വാസക്കുറവ്, മറ്റുള്ളവരെ അഭിമുഖീകരിക്കാനുള്ള വിമുഖത എന്നിവക്ക് കാരണമാകുകയും ചെയ്യുന്നു.
● ജോലി, കുടുംബജീവിതം, സൗഹൃദങ്ങൾ എന്നിവക്ക് വിള്ളലുണ്ടാക്കുകയും ബന്ധങ്ങൾ ശിഥിലമാക്കുകയും ചെയ്യും.
● ജീവിതശൈലീ രോഗങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നും അമിത കോപമാണ്.
● തുടരത്തുടരെ ഉണ്ടാകുന്ന കോപം ചിലപ്പോള്‍ അസുഖ ലക്ഷണമാകാം. അത് ശരീരസംബന്ധ അസുഖമാകാം, മാനസിക അസുഖമാകാം.
മനസ്സിന്‍റെ വിചാരങ്ങളെയും വികാരങ്ങളെയും ബോധപൂർവം നിയന്ത്രിക്കുകയാണെങ്കിൽ കോപത്തെ ഒരു പരിധിവരെ ഒതുക്കാൻ കഴിയും. കോപത്തെ സ്വയം നിയന്ത്രിക്കുമ്പോഴാണ് പരസ്പര സ്നേഹവും ബഹുമാനവും അംഗീകാരവും സന്തോഷവും പകർന്നുനൽകാൻ സാധിക്കുന്നത്.
കോപം വരുമ്പോള്‍ പരിസരം മറന്ന് പെരുമാറുന്നവരുണ്ട്. ഒരാളോട് ക്ഷോഭിക്കുമ്പോള്‍ മറ്റുള്ളവരുടെ മനസ്സിൽ അത് മുറിവേൽക്കുകയും അയാളിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുകയും അയാളെ വെറുക്കാൻ ഇടവരുത്തുകയും ചെയ്യുന്നു.
എന്തെങ്കിലും കാര്യം നമ്മെ അരിശം പിടിപ്പിക്കുമ്പോൾ ആദ്യം മനസ്സിൽ തോന്നുന്നത് പറയുന്നതിനുപകരം ഒരു നിമിഷം അതിന്‍റെ വരുംവരായ്കകളെക്കുറിച്ച് ആലോചിക്കണം.
മനസ്സിന്‍റെ പൊട്ടിത്തെറിക്കലിനെ മയപ്പെടുത്താൻ ധ്യാനമോ യോഗയോ പതിവായി ശീലിക്കാം.
● നടത്തം, ജോഗിങ്, ഓട്ടം, സൈക്ലിങ്, കല, മാർഷൽ ആർട്സ് എന്നിവയും ശീലിക്കാം.
● എപ്പോഴും പോസിറ്റിവായിരിക്കാൻ ശ്രമിക്കുക.
● പ്രകൃതിസൗന്ദര്യം ആസ്വദിക്കുന്നത് ശീലമാക്കുക.
● കൊച്ചുകുഞ്ഞുങ്ങളുമൊത്തുള്ള വിനോദങ്ങള്‍ ദേഷ്യം തണുപ്പിക്കും.
● യാത്രകൾ മാനസികാരോഗ്യത്തിനും ഗുണം ചെയ്യും.
● നൂറു തൊട്ടു താഴേക്ക് എണ്ണുക.
● കണ്ണടച്ചിരിക്കുക.
● ആസ്വദിച്ച നല്ല നിമിഷങ്ങൾ ഓർക്കുക.
● പിരിമുറുക്കം ലഘൂകരിക്കാൻ മുഷ്ടി ചുരുട്ടുകയും അഴിക്കുകയും ചെയ്യുക.
● മൗനം പാലിക്കാൻ ശീലിക്കുക.
● മദ്യംപോലെയുള്ള ലഹരിപദാര്‍ഥങ്ങള്‍ ഒഴിവാക്കുക.
● കോപം അനുഭവപ്പെടുന്ന സാഹചര്യത്തിൽ വളരെ സാവകാശം ദീര്‍ഘമായും (അഞ്ചുവരെ മനസ്സില്‍ എണ്ണിക്കൊണ്ട്) ശ്വാസം ഉള്ളിലേക്ക് വലിക്കണം. അഞ്ചുവരെ എണ്ണിക്കൊണ്ട് അത് ഉള്ളില്‍ പിടിക്കണം. പിന്നീട് അഞ്ചുവരെ എണ്ണിക്കൊണ്ട് സാവകാശത്തില്‍ പുറത്തുവിടണം. ഇത് ശാന്തത വരുത്താന്‍ സഹായിക്കും.