
തിരുവനന്തപുരം: മിൽമ പാൽ വില വർധനയിൽ അന്തിമ തീരുമാനം ഇന്ന് നടക്കുന്ന യോഗത്തിൽ ഉണ്ടായേക്കും.
ലിറ്ററിന് നാലു രൂപ മുതൽ അഞ്ചുരൂപ വരെ വർധിക്കുമെന്നാണ് സൂചന.
തിരുവനന്തപുരത്ത് ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് ബോർഡ് യോഗം ചേരുക. നിലവിൽ ക്ഷീര കർഷകർക്ക് ഒരു ലിറ്റർ പാലിന് 45 രൂപ മുതൽ 49 രൂപ വരെയാണ് ലഭിക്കുന്നത്. ടോൺഡ് മിൽക്കിന്റെ വിപണി വില ലിറ്ററിന് 52 രൂപയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉത്പാദനച്ചെലവ് വർധിച്ചതോടെ പാലിന് വില കൂട്ടണമെന്ന ആവശ്യം കർഷകർ ഉയർത്താൻ തുടങ്ങിയിട്ട് നാളുകളേറെയായി.
ഇതേതുടർന്ന് വില വർധന ആവശ്യം പഠിക്കാൻ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് യോഗത്തിൽ ഇന്ന് ചർച്ചയാകും.
മൂന്നു മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും. വില വർധനവ് സംബന്ധിച്ച് മധ്യ മേഖല ഒഴികെയുള്ള മറ്റു രണ്ട് മേഖലകളും ഇക്കാര്യത്തിൽ അന്തിമ തീരുമാനത്തിലേക്ക് എത്തിയിട്ടില്ല എന്നാണ് സൂചന.
പാൽവില കൂട്ടിയില്ലെങ്കിൽ പ്രതിഷേധത്തിലേക്ക് കടക്കുമെന്ന് ചില പ്രതിനിധികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഉത്പാദനച്ചെലവ് കൂടിയതിന് ആനുപാതികമായി വിലവർധന വേണമെന്ന് മിൽമ സർക്കാരിനെ അറിയിച്ചിരുന്നു.
2022 ഡിസംബറിലാണ് ഇതിനു മുമ്പ് മിൽമ പാലിന് വില കൂട്ടിയത്. അന്ന് ലിറ്ററിന് ആറുരൂപ കൂട്ടിയിരുന്നു.
ലിറ്ററിന് 10 രൂപയുടെയെങ്കിലും വർധന ഉണ്ടെങ്കിലേ പിടിച്ചുനിൽക്കാൻ കഴിയൂ എന്നാണ് കർഷകപ്രതിനിധികൾ യൂണിയനുകളെ അറിയിച്ചത്.
സംഘങ്ങൾക്ക് നിശ്ചിത അളവിൽ പാലളന്നശേഷം ബാക്കി സ്വകാര്യ വിപണിയിലേക്ക് വിറ്റാണ് കൃഷിക്കാർ നഷ്ടം നികത്തുന്നത്.
പുറംവിപണിയിൽ ലിറ്ററിന് 60-65 രൂപ പ്രകാരമാണ് വിൽപ്പന. കഴിഞ്ഞ കുറച്ച് മാസങ്ങളായി പാൽ വില വർധിപ്പിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു.
തിരുവനന്തപുരം എറണാകുളം മലബാർ യൂണിയനുകൾ വില കൂട്ടാൻ ശിപാർശ ചെയ്തിരുന്നു.