പാലിന് വില 5 മുതൽ 7 രൂപ വരെ വില കൂട്ടണം: മിൽമ
തിരുവനന്തപുരം: സംസ്ഥാനത്ത് പാലിന് വില വര്‍ധിപ്പിക്കാനൊരുങ്ങി മില്‍മ. പാല് വില ലിറ്ററിന് 5 മുതല്‍ 7 രൂപ വരെ വര്‍ദ്ധിപ്പിക്കാനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. പാലിന്റെ വില വര്‍ദ്ധന അനിവാര്യമാണെന്ന് മില്‍മ ഫെഡറേഷന് അറിയിച്ചു.
നിരക്ക് വര്‍ദ്ധന പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് വന്നതിനു പിന്നാലെയാണ് പാലിന്റെ വില വര്‍ദ്ധന അനിവാര്യമാണെന്ന് മില്‍മ ഫെഡറേഷന് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. മില്‍മക്ക് വില സ്വന്തമായി വര്‍ദ്ധിപ്പിക്കാമെങ്കിലും സര്‍ക്കാരിന്റെ അനുമതിയോടെയാണ് വര്‍ദ്ധന നടപ്പില്‍ വരുത്താറുള്ളൂ.
കാലിത്തീറ്റ, പിണ്ണാക്ക്, ചോളമടക്കമുള്ള തീറ്റകളുടെയും വില ഗണ്യമായി ഉയര്‍ന്നതാണ് പാലിന്റെ വില വര്‍ദ്ധിപ്പിക്കാന്‍ മില്‍മയെ പ്രേരിപ്പിക്കുന്നതെന്നാണ് മില്‍മ ബോര്‍ഡിന്റെ നിലപാട്. നിലവിലെ വരവും ചെലവും വെച്ചു നോക്കുമ്പോള്‍ ക്ഷീര കര്‍ഷകര്‍ക്ക് മുന്നോട്ടു പോകാനാകില്ലെന്ന് മില്‍മ കണക്ക് കൂട്ടുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2017-ലാണ് പാല്‍വില അവസാനമായി കൂട്ടിയത്. അന്ന് കൂടിയ നാലുരൂപയില്‍ 3.35 രൂപയും ക്ഷീര കര്‍ഷകനാണ് അനുവദിച്ചത്. ഇത്തവണത്തെ വര്‍ധനയും കര്‍ഷകര്‍ക്കാണ് ഗുണം ചെയ്യുകയെന്നും മില്‍മ ബോര്‍ഡ് പറഞ്ഞു.
പ്രളയശേഷം ആഭ്യന്തരോദ്പാദനത്തില്‍ ഒരു ലക്ഷത്തിലധികം ലിറ്റര്‍ പാലിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ദിവസം 1.86 ലക്ഷം ലിറ്റര്‍ പാല് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങിയിരുന്നത് ഇപ്പോള്‍ അത് 3.60 ലക്ഷം ലിറ്ററായി.