മായം ചേര്‍ത്ത വരവ് പാല്‍ സംസ്ഥാനത്ത് വ്യാപകം; ഷേയ്‌ക്കിലൂടെ ശരീരത്തിലെത്തുന്നത് മാരക രാസവസ്തുക്കൾ; മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാ വിഭാഗം…..!
സ്വന്തം ലേഖക
കോട്ടയം: വേനല്‍ ആളിപ്പടരുമ്പോള്‍ ആശ്വാസമേകുന്ന മില്‍ക്ക് ഷേയ്‌ക്കുകള്‍ പിറക്കുന്നത് മായം ചേര്‍ന്ന വരവ് പാലിലാണെന്ന പരാതി വ്യാപകം.
പാല്‍ തിളപ്പിക്കാതെ നേരിട്ടുപയോഗിക്കുന്നത് കാരണം ഗുരുതര രോഗങ്ങളുണ്ടാകാന്‍ സാദ്ധ്യത ഏറെയാണ്. തമിഴ്‌നാട്ടില്‍ നിന്ന് കുറഞ്ഞ വിലയ്‌ക്ക് പാല്‍ വാങ്ങി രാസവസ്‌തുക്കള്‍ ചേര്‍ത്ത് കവറിലാക്കി വില്‍ക്കുന്ന കമ്പനികള്‍ ധാരാളമുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ പാലുപയോഗിച്ചുള്ള ഷെയ്ക്ക് നിര്‍മ്മാണം ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. പച്ചപ്പാല്‍ കട്ടയാക്കിയാണ് ഷെയ്ക്കുണ്ടാക്കുന്നത്.
ഇതോടെ മുഴുവന്‍ രാസവസ്തുക്കളും ശരീരത്തിലെത്തും. വേനല്‍ കടുത്തതോടെ ഷെയ്‌ക്കുകള്‍ക്കുള്ള ഡിമാന്‍ഡും കൂടി.
മില്‍മ പാലിന് അരലിറ്ററിന്റെ കവറിന് 28 രൂപയാണ്. ഇതിലും താഴ്ന്ന നിരക്കിലാണ് വരവ് പാല്‍ ലഭിക്കുന്നത്. ഇതും വരവ് പാലിന്റെ ഡിമാന്റ് കൂട്ടി.
ക്ഷീരവകുപ്പിന്റെ ലാബിലെ പരിശോധനയില്‍ പാലില്‍ നിന്ന് ഇ കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യം വരെ കണ്ടെത്തിയിരുന്നു. മില്‍മ പാലിലുള്ള ഷെയ്‌ക്കേ കുടിക്കാവൂയെന്നാണ് ക്ഷീരവകുപ്പും ഭക്ഷ്യ സുരക്ഷാ വകുപ്പും പറയുന്നത്. എന്നാല്‍ ഷെയ്‌ക്കിനായി ഏത് പാലാണ് ഉപയോഗിക്കുന്നതെന്ന് സാധാരണക്കാരന് അറിയാന്‍ കഴിയില്ല.