play-sharp-fill
നന്ദിനി പാലിനും തൈരിനും നാളെ മുതൽ വില വർദ്ധിക്കും: ഉത്പാദനച്ചെലവ് വർധിച്ച സാഹചര്യത്തിലാണ് വർദ്ധനവെന്ന് വിശദീകരണം

നന്ദിനി പാലിനും തൈരിനും നാളെ മുതൽ വില വർദ്ധിക്കും: ഉത്പാദനച്ചെലവ് വർധിച്ച സാഹചര്യത്തിലാണ് വർദ്ധനവെന്ന് വിശദീകരണം

 

സ്വന്തം ലേഖകൻ

ബെംഗളൂരു: കർണാടക മിൽക്ക് ഫെഡറേഷന്റെ നിയന്ത്രണത്തിലുള്ള നന്ദിനി പാലിനും തൈരിനും നാളെ മുതൽ വില വർദ്ധിക്കും. ഉത്പാദനച്ചെലവ് വർധിച്ച സാഹചര്യത്തിലാണ് വർദ്ധനവെന്നാണ് വിശദീകരണം. മൂന്നു വർഷത്തിന് ശേഷം പാൽ വില കൂട്ടുന്നതെന്ന് കെ.എം.എഫ് ചെയർമാൻ ബാലചന്ദ്ര ജാർക്കിഹോളി പറഞ്ഞു. ലിറ്ററിന് 2 രൂപ മുതൽ 3 രൂപ വരെ വില വർധിപ്പിക്കാനായിരുന്നു കെഎംഎഫ് നേരത്തെ ശുപാർശ ചെയ്തിരുന്നത്. 2017 ഏപ്രിലിലാണ് അവസാനമായി പാലിന് 2 രൂപ കൂട്ടിയത്.

 

പ്രളയത്തെ തുടർന്ന് പാലുൽപാദനത്തിൽ വന്ന കുറവും ക്ഷീരകർഷകർക്ക് ആശ്വാസ വില നൽകുന്നതിനുമാണ് വില വർധന ആവശ്യപ്പെട്ട് കെഎംഎഫ് സംസ്ഥാന സർക്കാരിന് 2 ആഴ്ച മുൻപ് റിപ്പോർട്ട് സമർപ്പിച്ചിരുന്നത്. നിലവിൽ ലിറ്ററിന് 36 രൂപയുള്ള നീല കവർ പാലിന് 38 രൂപയും തൈരിന് 38 രൂപയിൽ നിന്ന് 40 രൂപയായും വില ഉയരും. അര ലിറ്റർ നീല കവർ പാലിന് 18 രൂപയിൽ നിന്ന് 19 രൂപയായും തൈരിന് 19 രൂപയിൽ നിന്ന് 20 രൂപയായും വില ഉയരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നന്ദിനി ബ്രാൻഡിലുള്ള പാൽപ്പൊടി, മിൽക് പേട, ഐസ്‌ക്രീം, ഫ്ലേവേഡ് മിൽക്ക് എന്നിവയുടെ വിലയിലും മാറ്റമുണ്ടാകും. നീല കവർ പാലിന് പുറമേ ഹോമോജനൈസ്ഡ് ടോൺഡ് മിൽക്ക്, സ്റ്റാൻഡഡൈസ്ഡ് മിൽക്ക്, ഹോമൊജനൈസ്ഡ് സ്റ്റാൻഡേഡ് മിൽക്ക്, സമൃദ്ധി ഫുൾ ക്രീം മിൽക്ക്, സ്പെഷൽ മിൽക്ക് എന്നീ പേരുകളിലാണ് പാൽ വിപണിയിലെത്തിക്കുന്നത്. വിശദമായ വിലവിവരപ്പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും.

പാൽവില വർധിപ്പിക്കുന്നതോടെ ചായ, കാപ്പി, മിൽക്ക് ഷെയ്ക്കുകൾ എന്നിവയുടെ വിലയും ഉയരുമെന്നാണ് സൂചന. ചായയ്ക്ക് ഒരു രൂപ മുതൽ രണ്ട് രൂപ വരെ വിലവർധിപ്പിക്കേണ്ടി വരുമെന്നാണ് ഹോട്ടൽ ഉടമകൾ പറയുന്നത്. രാജ്യത്ത് പാൽ ഉൽപാദനത്തിന് രണ്ടാംസ്ഥാനത്തുള്ള കെഎംഎഫിന് കീഴിൽ 18 ലക്ഷം ക്ഷീരകർഷകരുണ്ട്. 15,500 കോടി രൂപയുടെ വിറ്റുവരവുള്ള കെഎംഎഫിന്റെ 14 ക്ഷീര സഹകരണ യൂണിയനുകളാണ് വിവിധ ജില്ലകളിലേക്ക് പാൽ എത്തിക്കുന്നത്.