കോട്ടയത്ത് മിലിട്ടറി ക്യാമ്പ്: പട്ടാളക്കാരന്റെ വിളിയിൽ നഗരത്തിലെ ഹോട്ടൽ ഉടമ നൂറുപേർക്കുള്ള ഭക്ഷണം തയ്യാറാക്കി; മിലട്ടറി ക്യാമ്പ് തപ്പി നടന്ന ഹോട്ടലുടമയുടെ അക്കൗണ്ടിൽ നിന്നും ചോർന്നത് കാൽലക്ഷം രൂപ..! ഹോട്ടലുകാരുടെ പോക്കറ്റടിക്കുന്ന പട്ടാളക്കാരൻ കോട്ടയത്തും
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം നഗരത്തിൽ ഇന്ത്യൻ മിലട്ടറിയുടെ ക്യാമ്പ് നടക്കുന്നു. ക്യാമ്പിലേയ്ക്ക് നൂറു പേർക്കുള്ള ഭക്ഷണം എത്തിക്കണം – ഫോണിൽ വിളിച്ച് ഹിന്ദിയിലും ഇംഗ്ലീഷിലുമായുള്ള പട്ടാളക്കാരന്റെ ഉത്തരവ് കേട്ടതോടെ ഹോട്ടൽ ഉടമ സാധനങ്ങൾ വാങ്ങി, ഭക്ഷണം പാകം ചെയ്തു. പാകം ചെയ്ത ഭക്ഷണവുമായി കോട്ടയം നഗരം മുഴുവൻ കറങ്ങി നടന്നിട്ടും പട്ടാളക്യാമ്പ് മാത്രം കണ്ടെത്താൻ സാധിച്ചില്ല. പട്ടാളക്യാമ്പിലേയ്ക്കുള്ള വഴിയും, പണവും ആവശ്യപ്പെട്ട് ‘മിലട്ടറിയുടെ മേജറെ’ വിളിച്ചതോടെ ഹോട്ടൽ ഉടമയ്ക്ക് പോയത് 25,000 രൂപ..!
രണ്ടു ദിവസം മുൻപ് കോട്ടയം നഗര പരിധിയ്ക്കു പുറത്തുള്ള ഹോട്ടൽ ഉടമയാണ് തട്ടിപ്പിന് ഇരയായത്. ഇന്ത്യൻ മിലട്ടറിയുടെ ക്യാമ്പ് കോട്ടയം നഗരത്തിൽ നടക്കുന്നുണ്ടെന്നും ഇവിടേയ്ക്ക് ഭക്ഷണം എത്തിക്കണമെന്നും ആവശ്യപ്പെട്ട് ഒരാഴ്ച മുൻപാണ് നഗരത്തിലെ ഹോട്ടൽ ഉടമയുടെ ഫോണിലേയ്ക്ക് സന്ദേശം എത്തിയത്. ഇത് അനുസരിച്ച് ഈ ഫോണിൽ തിരികെ വിളിച്ച ഹോട്ടൽ ഉടമ ഇതിനു വേണ്ട തയ്യാറെടുപ്പുകളെല്ലാം നടത്തി. ഹോട്ടൽ ഉടമയുടെ വിശ്വാസം ആർജിക്കുന്നതിനായി പട്ടാളക്കാരൻ സ്വന്തം തിരിച്ചറിയൽ കാർഡും ഉടമയുടെ ഫോണിൽ അയച്ചു നൽകി. ഇന്ത്യൻ മിലട്ടറിയുടെ തിരിച്ചറിയൽ രേഖ സഹിതം കാർഡ് ലഭിച്ചതോടെ ഹോട്ടൽ ഉടമയ്ക്കും വിശ്വാസമായി. ഇയാൾ ഭക്ഷണം തയ്യാറാക്കുകയും ചെയ്തു.
നഗരത്തിലെ പ്രമുഖ സ്‌കൂളിലാണ് ക്യാമ്പ് നടക്കുന്നതെന്നാണ് അറിയിച്ചിരുന്നത്. ഇതിനായി ഭക്ഷണം തയ്യാറാക്കി വാഹനത്തിൽ കയറ്റിയ ശേഷം പട്ടാളക്കാരനെ ഫോണിൽ ബന്ധപ്പെട്ടു. പണം നൽകണമെന്ന ആവശ്യപ്പെട്ടതോടെ കാർഡ് വഴിയാണ് ഇടപാട് എന്നും ഹോട്ടൽ ഉടമയുടെ അക്കൗണ്ട് നമ്പർ നൽകണമെന്നും പട്ടാളക്കാരൻ പറഞ്ഞു. അക്കൗണ്ട് നമ്പർ അയച്ചു നൽകിയതോടെ എ.ടി.എം കാർഡ് നമ്പരും, കാർഡിനു പിന്നിലെ സിവിവി നമ്പരും ആവശ്യപ്പെട്ടു. ഇന്ത്യൻ മിലട്ടറിയല്ലേ അവിശ്വസിക്കേണ്ട കാര്യമില്ലല്ലോ.. എല്ലാ നമ്പരും കാർഡ് ഉടമ പട്ടാളക്കാരന് പറഞ്ഞു നൽകി. എല്ലാം കയ്യിൽ ലഭിച്ചതോടെ ഹോട്ടൽ ഉടമയുടെ അക്കൗണ്ടിൽ ആകെയുണ്ടായിരുന്ന ഇരുപതിനായിരം രൂപ തട്ടിപ്പുകാരൻ ചോർത്തി. പണം പിൻവലിക്കപ്പെട്ടതായി സന്ദേശം എത്തിയതോടെയാണ് താൻ കബളിപ്പിക്കപ്പെട്ടതായി ഹോ്ട്ടൽ ഉമടയ്ക്ക് മനസിലായത്. ഇതോടെ ഇയാൾ ഭക്ഷണം കയറ്റിയ വാഹനവുമായി മിലട്ടറി ക്യാമ്പ് നടക്കുന്ന സ്‌കൂളിൽ എത്തി. എന്നാൽ, ഇവിടെ ആരുമുണ്ടായിരുന്നില്ല. ഇതോടെ ഹോട്ടൽ ഉടമ നേരെ പൊലീസിനെ സമീപിച്ചു. സൈബർ സെല്ലിൽ പരാതി നൽകിയെങ്കിലും സംസ്ഥാനത്തിന് പുറത്തു നിന്നുള്ള ഫോൺ നമ്പർ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് മാത്രമാണ് കണ്ടെത്താൻ സാധിച്ചത്.
ഇതിനിടെ ജില്ലയിലെ ഏഴ് ഹോട്ടൽ ഉടമകളെ കൂടി ഇത്തരത്തിൽ തട്ടിപ്പുകാർ കബളിപ്പിക്കാൻ ബന്ധപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഇവർ കബളിപ്പിക്കലിനു വശംവദരായില്ല. ഈ സാഹചര്യത്തിൽ തട്ടിപ്പുകാരുടെ വലയിൽ വീഴാതെ ഹോട്ടൽ ഉടമകൾ ജാഗ്രത പാലിക്കണമെന്ന് ഹോട്ടൽ ആൻഡ് റസ്റ്ററൻഡ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.കെ ഫിലിപ്പ് കുട്ടി, ജില്ലാ സെക്രട്ടറി എൻ.പ്രതീഷ് എന്നിവർ അറിയിച്ചു. അസോസിയേഷന്റെ വാട്‌സ് അപ്പ് ഗ്രൂപ്പ് വഴി ഈ തട്ടിപ്പിനെതിരെ നിർണ്ണായകമായ ജാഗ്രതാ നിർദേശം നൽകിയതിനാൽ ജില്ലയിലെ പല കടകളും ഈ തട്ടിപ്പിൽ നിന്നും രക്ഷപെട്ടിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group