
വാളയാർ: അട്ടപ്പള്ളത്ത് ആൾക്കൂട്ട മർദ്ദനത്തിനിരയായ അതിഥിത്തൊഴിലാളി രാംനാരായൺ ഭാഗേൽ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ക്രൈംബ്രാഞ്ചിലെയും വാളയാർ പൊലീസിലെയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചിട്ടുണ്ട്. സൈബർ പൊലീസിന്റെ കൂടി സഹായത്തോടെ മൊബൈൽ ഫോൺ ലൊക്കേഷൻ ഉൾപ്പെടെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
ഡിവൈഎസ്പി പി.എം.ഗോപകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഡിവൈഎസ്പിയെ കൂടാതെ ഒരു ഇൻസ്പെക്ടറും ഒരു എസ്ഐയും ഉൾപ്പെടുന്നതാണ് പ്രത്യേക അന്വേഷണ സംഘം.
ആൾക്കൂട്ടമർദനം പോലുള്ള കേസുകൾ കൂടുതൽ ഗൗരവത്തോടെ അന്വേഷിക്കേണണ്ടതിനാലാണ് ക്രൈംബ്രാഞ്ചിനു കീഴിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതെന്നു ജില്ലാ പൊലീസ് മേധാവി അജിത് കുമാർ അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസിൽ നിലവിൽ 5 പേരാണ് റിമാൻഡിലുള്ളത്. ഇവർക്കെതിരെ കൊലപാതകം, സംഘംചേർന്നു മർദിക്കൽ, തടഞ്ഞുവയ്ക്കൽ, മാരകായുധങ്ങളുമായി ആക്രമിക്കൽ തുടങ്ങിയ വകുപ്പുകളാണു ചുമത്തിയിട്ടുള്ളത്. ക്രൈംബ്രാഞ്ച് കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കുമെന്നാണു വിവരം. രാംനാരായൺ ഭാഗേൽ ദലിത് വിഭാഗത്തിൽ ഉള്ള ആളായതിനാൽ ജാതീയമായി ആക്ഷേപിക്കൽ, വംശീയമായി അധിക്ഷേപിക്കൽ തുടങ്ങിയ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയേക്കും.
ക്രൂരമായ മർദനത്തിനിടെ രാംനാരായൺ ഭാഗേൽ ചോര ഛർദിച്ചു കുഴഞ്ഞുവീണ ശേഷവും വടികൊണ്ട് മർദിച്ചിട്ടുണ്ടെന്നാണു പൊലീസിനു ലഭിക്കുന്ന വിവരം. നിലവിൽ ഇരുപതോളം പേർ നിരീക്ഷണത്തിലുണ്ട്. എന്നാൽ പ്രതികളെന്നു സംശയിക്കുന്ന ചിലർ കടന്നുകളഞ്ഞതായും വിവരമുണ്ട്.



