
മകന്‍റെ ഡ്രൈവിങ് ലൈസൻസിലെ പേരും ഒപ്പും ഫോട്ടോയും മാറ്റി വ്യാജ ലൈസൻസ് നിർമിച്ചു; ഇതര സംസ്ഥാന തൊഴിലാളി ആലപ്പുഴയിൽ പിടിയിൽ
ആലപ്പുഴ: മകന്‍റെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് വ്യാജ ലൈസൻസ് നിർമിച്ച അസം സ്വദേശി പിടിയിലായി. എയ്സ് ഡ്രൈവറായ അസം റാവ്മാരി സ്വദേശി അഹിദുൾ ഇസ്ലാമിനെയാണ് (50) മോട്ടോർ വാഹന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പിടികൂടിയത്. ചേർത്തലയിൽ കുത്തിയതോട് ഭാഗത്ത് വാഹന പരിശോധനയ്ക്കിടെയാണ് പിടിയിലായത്. മകൻ മൊയ്തീൻ ഇസ്ലാമിന്‍റെ ലൈസൻസ് വച്ച് വ്യാജമായി അസമിൽ നിർമ്മിച്ചതാണ് തന്‍റെ ലൈസൻസെന്ന് അഹിദുൾ ഇസ്ലാം ചോദ്യംചെയ്യലിൽ സമ്മതിച്ചു.
മകന്‍റെ ലൈസൻസിൽ ഫോട്ടോ, ഒപ്പ്, പേര്, ജനന തിയ്യതി എന്നിവ തിരുത്തിയാണ് ഡ്രൈവിംഗ് ലൈസൻസ് നിർമ്മിച്ചത്. ആക്രി സാധനങ്ങൾ എടുത്ത് വിൽപ്പന നടത്തുന്ന ഇയാൾ വാടകയ്ക്ക് എടുത്ത ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലായിരുന്നു. ആർ സി ഓണർക്കെതിരെയും നടപടിയെടുത്തെന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എ ആർ രാജേഷ് പറഞ്ഞു. തുടർ അന്വഷണത്തിനായി കേസ് പൊലീസിന് കൈ മാറിയെന്നും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പറഞ്ഞു.
Third Eye News Live
0