കോട്ടയത്തെ ട്രാഫിക് പൊലീസുകാരെ മിഡാസ് ഗ്രൂപ്പ് വെള്ളം കുടിപ്പിക്കാൻ തുടങ്ങിയിട്ട് എട്ട് വർഷം; മിഡാസിന്റെ സ്നേഹാമൃതത്തിന് നന്ദി പറഞ്ഞ് ജില്ലാ പൊലീസ് മേധാവി
സ്വന്തം ലേഖകൻ
കോട്ടയം: നഗരത്തിൽ പൊരി വെയിലത്ത് നടുറോഡിൽ മണിക്കൂറുകളോളം ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് കുടിവെള്ളം നൽകി മാതൃകയായി മിഡാസ് ഗ്രൂപ്പ്.
പൊരി വെയിലിൽ പണിയെടുക്കുന്ന പൊലീസുകാർക്ക് കഴിഞ്ഞ എട്ട് വർഷമായി മുടങ്ങാതെ കുടിവെള്ളം വിതരണം ചെയ്യുന്നത് മിഡാസ് റബ്ബർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ്. എട്ട് വർഷം മുൻപ് അന്നത്തെ പൊലീസ് മേധാവിയായിരുന്ന വി എം മുഹമ്മദ് റഫീഖ് കോട്ടയം ഗാന്ധിസ്‌ക്വയറിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ട്രാഫിക് ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർ കുടിവെള്ളമില്ലാതെ അനുഭവിക്കുന്ന ദുരിതങ്ങൾ എട്ട് വർഷം മുൻപ് വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ശ്രദ്ധയിൽപെട്ട ഉടൻ അടിയന്തിരമായി പൊലീസുകാർക്ക് കുടിവെള്ളം നൽകാൻ മിഡാസ് മാനേജിംഗ് ഡയറക്ടർ ജോർജ് വർഗീസ് ജീവനക്കാർക്ക് നിർദേശം നൽകി.
അന്നു മുതൽ ഇന്ന് വരെ കോട്ടയത്തെ ട്രാഫിക് പൊലിസിന് കുടിവെള്ളം മുട്ടിയിട്ടില്ല.
മിഡാസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ജോർജ് വർഗീസ് മുൻകൈയെടുത്ത് മക്കളായ വർക്കി വർഗീസിന്റെയും , പൗലോസ് വർഗീസിന്റെയും,മിഡാസ് ഗ്രൂപ്പ് പിആർഒ ഗോപകുമാറിൻ്റെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കി വരുന്നത്.
എട്ട് വർഷമായി മിഡാസ് ഗ്രൂപ്പ് ട്രാഫിക് പോലീസിന് നൽകി വരുന്ന സ്നേഹാമൃതത്തിന് ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ് ഐപിഎസ് , ഡിവൈഎസ്പി കെ.ജി അനീഷ് എന്നിവർ നന്ദി പറഞ്ഞു.
ട്രാഫിക് എസ്എച്ച്ഒ കെ രാജേഷ് , എസ് ഐ മാരായ സന്തോഷ് പി എസ്, ഉദയൻ കെ, പിആർഒ ശ്രീജിത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.