
സ്വന്തം ലേഖകൻ
പുനെ:ലോകമാകെ ഭീതിവിതച്ചുകൊണ്ടിരിക്കുകയും ഇതിനോടകം 27000 ലേറെ പേരുടെ മരണത്തിന് വഴിവെക്കുകയും ചെയ്ത കൊറോണ വൈറസിന്റെ മൈക്രോസ്‌കോപിക് ചിത്രം കണ്ടെത്തി ഇന്ത്യൻ ശാസ്ത്രജ്ഞർ. കോവിഡ് 19 വൈറസിന്റെ ഇന്ത്യയിൽ നിന്നുള്ള ആദ്യ ഇലക്ട്രോൺ മൈക്രോസ്‌കോപ് ചിത്രം പുറത്തുവിട്ടു. പുനെ ഐസിഎംആർ എൻഐവി യിലെ ശാസ്ത്രജ്ഞരുടെ സംഘമാണ് ചിത്രമെടുത്തത്. ട്രാൻസ്മിഷൻ ഇലക്ട്രോൺ മൈക്രോസ്‌കോപ് ഉപയോഗിച്ച് പകർത്തിയ ചിത്രം ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസേർച്ചിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ജനുവരി 30ന് കേരളത്തിലാണ് ഇന്ത്യയിലെ ആദ്യ കോവിഡ് കേസ് സ്ഥിരീകരിക്കുന്നത്. ചൈനയിലെ വുഹാനിൽ നിന്നത്തിയ മെഡിക്കൽ വിദ്യാർഥിനിയുടെ തൊണ്ടയിൽ നിന്ന് സ്രവമെടുത്ത് പുനെ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കയച്ചിരുന്നു. കോവിഡ് 19 രോഗത്തിനു കാരണമായ സാർസ് കോവ്-2 വൈറസിന്റെ ജീൻ സീക്വൻസിങ്ങ് കേരളത്തിൽ നിന്നുള്ള ഈ സാംപിളുകൾ ഉപയോഗിച്ചാണ് ആദ്യമായി ഇന്ത്യയിൽ നടത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വുഹാനിലെ വൈറസുമായി 99.98 % ഈ വൈറസിന് ചേർച്ചയുള്ളതായും കണ്ടെത്തിയിരുന്നു.കൊറോണ വൈറസിന്റെ രൂപത്തോട് വളരെയധികം സാദൃശ്യവുമുണ്ട്. നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പുനെയിലെ ഇലക്ട്രോൺ മൈക്രോസ്‌കോപി വിഭാഗം തലവൻ അതാനു ബസു എന്നിവരടങ്ങിയ സംഘമാണ് ഇലക്ട്രോൺ മൈക്രോസ്‌കോപിക് ഇമേജ് വിശദീകരിക്കുന്ന പ്രബന്ധം രചിച്ചത്.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ചിന്റെ (ഐ.സി.എം.ആർ) പബ്ലിക്കേഷനായ ഐ.ജി.എം.ആറിൽ ഇതിന്റെ ചിത്രം നൽകിയിട്ടുണ്ടെന്നും ഈ ശാസ്ത്ര സംഘം പറയുന്നു. കൊറോണ വൈറസ് ശാഖയിലെ സാർസ്വിന്റെ രൂപരേഖ ഇതുവരെ ലോകത്തിലെ ഒരു മെഡിക്കൽ സംഘത്തിനും കണ്ടെത്താനായിട്ടില്ലായിരുന്നു. നേരത്തെ പടർന്നു പിടിച്ച വൈറസ് ബാധയായ മെർസിന്റെയും സാർസിന്റെയും കൊറോണ വൈറസുംകൊവിഡ്19 ന് കാരണമായ കൊറോണ വൈറസും തമ്മിൽ സാമ്യമുണ്ടെന്നാണ് ശാസ്ത്ര സംഘം അറിയിക്കുന്നത്.
അതേ സമയം കൊറോണവൈറസ് മഹാമാരിയെ നേരിടുന്നതിന് 64 രാജ്യങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് അമേരിക്ക. 174 മില്യൺ ഡോളാറാണ് 64 രാജ്യങ്ങൾക്കായി നൽകുക. ഇതിൽ ഉൾപ്പെട്ട ഇന്ത്യക്ക് 2.9 മില്യൻ ഡോളർ (217 കോടി രൂപയിലധികം) സഹായം ലഭിക്കും. ഫെബ്രുവരിയിൽ യുഎസ് പ്രഖ്യാപിച്ച 100 മില്യൺ ഡോളർ സഹായത്തിന് പുറമെയാണ് പുതിയ ധനസഹായം. സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ഉൾപ്പെടെ വിവിധ വകുപ്പുകളിലും ഏജൻസികളിലുമുള്ള അമേരിക്കൻ ആഗോള പ്രതികരണ പാക്കേജിന്റെ ഭാഗമാണ് പുതുതായി പ്രഖ്യാപിച്ച സഹായം.
കൊറോണ മഹാമാരി ഏറ്റവും ഗുരുതരമായ രീതിയിൽ നേരിടുന്ന 64 രാജ്യങ്ങൾക്കാണ് സഹായം നൽകുന്നത്. ലബോറട്ടറി സംവിധാനങ്ങൾ തയ്യാറാക്കുക, രോഗ നിർണയം, നിരീക്ഷണം സജീവമാക്കുക, പ്രതികരണത്തിനും തയ്യാറെടുപ്പിനുമായി സാങ്കേതിക വിദഗ്ധരെ സഹായിക്കാനും മറ്റുമായി ഇന്ത്യൻ സർക്കാരിനെ പിന്തുണക്കുന്നതിന് 2.9 മില്യൺ ഡോളർ നൽകുന്നുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
കഴിഞ്ഞ 20 വർഷത്തിനിടെ ഇന്ത്യക്ക് യുഎസ് 2.8 ബില്യൺ ഡോളർ സഹായം നൽകിയിട്ടുണ്ടെന്നും ഇതിൽ 1.4 ബില്യൺ ഡോളർ ആരോഗ്യ സഹായമാണെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.ആഗോള ആരോഗ്യ നേതൃത്വത്തിന്റെ ഭാഗമായിട്ടാണ് 64 രാജ്യങ്ങൾ ധനസഹായം പ്രഖ്യാപിച്ചതെന്ന് യുണൈറ്റഡ് സ്റ്റേറ്റ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്പ്മെന്റ് (യു.എസ്.എ.ഐ.ഡി) ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ബോണി ഗ്ലിക്ക് പറഞ്ഞു.
‘പതിറ്റാണ്ടുകളായി, പൊതുജനാരോഗ്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ ഉഭയകക്ഷി സഹായം നൽകുന്ന രാജ്യമാണ് അമേരിക്ക. ജീവൻ രക്ഷിക്കുകയും രോഗബാധിതരായ ആളുകളെ സംരക്ഷിക്കുകയും ആരോഗ്യ സ്ഥാപനങ്ങൾ നിർമ്മിക്കുകയും സമൂഹത്തിന്റേയും രാജ്യങ്ങളുടേയും സ്ഥിരതയെ പ്രോത്സാഹിപ്പിക്കുകയും യുഎസ് ചെയ്യുന്നു’ അദ്ദേഹം പറഞ്ഞു.