
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെ സംഭവിച്ച മൈക്ക് തകരാര്‍ മനഃപൂര്‍വമല്ലെന്നു വ്യക്തമാക്കി ഉടമ. സാധാരണ എല്ലാ പരിപാടികൾക്കും ഹൗളിംഗൊക്കെ പതിവാണ്. വലിയ തിരക്കില്‍ ബാഗ് തട്ടിയതിനെത്തുടര്‍ന്നായിരുന്നു മൈക്ക് ഹൗളിങ് സംഭവിച്ചത്. കന്റോണ്‍മെന്റ് സിഐ വിളിച്ചു വരുത്തി മൊഴിയെടുത്തു . ഉപകരണങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
മൈക്ക് ഹൗളിങ് ഇത്ര വലിയ പ്രശ്നമാണെന്നറിഞ്ഞില്ല. പത്തു സെക്കന്‍ഡില്‍ പ്രശ്നം പരിഹരിച്ചെന്നും ഉടമ മീഡിയ വൺ ചാനലിനോട് പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തകരാറായ സംഭവത്തിൽ എഫ്ഐആറിട്ട് പൊലീസ്. പൊതുസുരക്ഷ മുന്നിൽ കണ്ടാണ് പൊലീസ് തങ്ങളുടെ എഫ്.ഐ.ആർ ഇട്ടത്. എഫ്ഐആറിൽ ആരെയും പ്രതിയാക്കിയിട്ടില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുഖ്യമന്ത്രി സംസാരിക്കുമ്പോൾ മനഃപൂർവം മൈക്കിൽ പ്രശ്‌നം ഉണ്ടാക്കിയത് ആണെന്നാണ് എഫ്.ഐ. ആർ പറയുന്നത്. എന്തായാലും പരിപാടിയിൽ ഉപയോഗിച്ച മൈക്ക്, ആംബ്ലിഫയർ, വയർ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് ഇലട്രിക്കൽ ഇൻസ്പെക്ടറേറ്റ് പരിശോധന നടത്തും. മുഖ്യമന്ത്രി സംസാരിക്കാൻ വന്നപ്പോൾ കോൺഗ്രസ് പ്രവർത്തകർ ഉച്ചത്തിൽ ഉമ്മൻചാണ്ടി മുദ്രാവാക്യങ്ങൾ വിളിച്ചതും കൃത്യസമയത്ത് മൈക്ക് തകരാറിൽ ആയതും ആസൂത്രിത നീക്കം ആണോ എന്നാണ് പൊലീസ് സംശയിക്കുന്നത്.
പരിശോധനക്ക് ശേഷം പിടിച്ചെടുത്ത മൈക്ക്, ആംബ്ലിഫയർ, വയർ എന്നിവ തിരികെ നൽകും. അതേസമയം പരിപാടിക്കിടെ തടസം ഉണ്ടായത് വെറും സാങ്കേതിക പ്രശ്‌നം മാത്രം ആണെന്നും അതിൽ ആസൂത്രിതമായി ഒന്നും ഇല്ലെന്നുമാണ് കോൺഗ്രസ് വാദം.