
സ്വന്തം ലേഖകൻ
കോട്ടയം: എം.ജി സർവകലാശാല കലോത്സവത്തിൽ എറണാകുളം കോളേജുകൾ ബഹുദൂരം മുന്നിൽ. 49 പോയിന്റുമായി എറണാകുളം തേവര എസ്.എച്ച് കോളേജ് ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ, 42 പോയിന്റുമായി എറണാകുളം മഹാരാജാസാണ് രണ്ടാം സ്ഥാനത്ത്. 32 പോയിന്റ് നേടിയ സെന്റ് തെരേസാസ് എറണാകുളം മൂന്നാം സ്ഥാനത്തും, തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജ് 27 പോയിന്റുമായി നാലാം സ്ഥാനത്തും നിൽക്കുകയാണ്. 17 പോയിന്റ് നേടിയ തൊടുപുഴ ന്യൂമാൻ കോളേജ് അഞ്ചാം സ്ഥാനത്ത് നിൽക്കുകയാണ്. ആതിഥേയരായ കോട്ടയം ജില്ലയിൽ നിന്നും രണ്ടു കോളേജ് മാത്രമാണ് ആദ്യ പത്തിലുള്ളത്. 14 പോയിന്റുമായി സി.എം.എസ് കോളേജ് എട്ടാം സ്ഥാനത്ത് നിൽക്കുമ്പോൾ, 12 പോയിന്റുമായി ചങ്ങനാശേരി എസ്.ബി കോളേജ് ഒൻപതാം സ്ഥാനത്ത് നിൽക്കുന്നു.
പ്രധാനവേദിയായ തിരുനക്കര മൈതാനത്ത് രാത്രിയിൽ നടന്ന സംഘനൃത്തത്തിനായിരുന്നു കാണികൾ ഏറെയും. വേദി നിറഞ്ഞ് നേരം പുലരും വരെ തിരുനക്കര മൈതാനത്ത് കാണികളുണ്ടായിരുന്നു. ജനപ്രിയ ഇനമായ മിമിക്രി ഞായറാഴ്ച് വൈകിട്ട് ഏഴിന് സി.എം.എസ് കോളേജ് ഗ്രേറ്റ് ഹാളിൽ നടക്കും.