ജയം ഉറപ്പിച്ചിട്ടും അക്രമം അഴിച്ചു വിട്ട് എസ്.എഫ്.ഐ: എം.ജി സർവകലാശാല ക്യാമ്പസിൽ എസ്.എഫ്.ഐ പ്രവർത്തകരും പൊലീസുകാരും ഏറ്റുമുട്ടി; പന്ത്രണ്ടു പൊലീസുകാർക്ക് പരിക്ക്
സ്വന്തം ലേഖകൻ
കോട്ടയം: എംജി സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ചിട്ടും അക്രമം അഴിച്ചു വിട്ട് എസ്.എഫ്.ഐ. തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തിയ കെ.എസ്.യു – എം.എസ്.എഫ് പ്രവർത്തകരെ അടക്കം തിരഞ്ഞുപിടിച്ച് ആക്രമിച്ച എസ്.എഫ്.ഐ പ്രവർത്തകർ പൊലീസിനെയും വെറുതെ വിട്ടില്ല. അക്രമം തടയാനെത്തിയ പൊലീസ് സംഘത്തെ കമ്പും വടിയും കല്ലും ഉപയോഗിച്ച് എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചു.
ഗാന്ധിനഗർ സ്റ്റേഷനിലെ എസ്.ഐ ടി.എസ് റെനീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ അജിത്കുമാർ, ശ്രീജിത്ത്, ശ്രീകാന്ത്, ബിനീഷ്, ജസ്റ്റിൻ, രാഹുൽ, ഷിജു കുരുവിള, വനിതാ പൊലീസ് ഓഫിസർ വേണി എന്നിവർക്കാണ് സംഘർഷത്തിൽ സാരമായി പരിക്കേറ്റത്. ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. പൊതുമുതൽ നശിപ്പിച്ചതും, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും, കൃത്യ നിർവഹണം തടസപ്പെടുത്തിയതിനും, അന്യായമായി സംഘം ചേർന്നതിനും എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ദീപക് അടക്കം മുപ്പതോളം കണ്ടാലറിയാവുന്ന പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എസ്.എഫ്.ഐ പ്രവത്തകൻ രോഹിത്തിനു പരിക്കേറ്റപ്പോൾ എസ്.എഫ്.ഐ പ്രവർത്തകനായ എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥി നിഖിലിനെ പൊലീസ് കസ്റ്റഡിയിയിലും എടുത്തിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെ ഒൻപത് മണിയോടെ എം.ജി സർവകലാശാല ആസ്ഥാനത്ത് യൂണിവേഴ്‌സിറ്റി യൂണിയൻ തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചപ്പോൾ മുതൽ തന്നെ അക്രമത്തിന്റെ മണം അടിച്ചിരുന്നു. അക്രമ സാധ്യത മുന്നിൽക്കണ്ട് പൊലീസ് സംഘം ഇവിടെ ക്യാമ്പും ചെയ്തിരുന്നു. ആദ്യ എത്തിയ കെ.എസ്.യു പ്രവർത്തകരെ തടയുകയും ഇവരുടെ തിരിച്ചറിയൽ കാർഡുകൾ പിടിച്ചു വാങ്ങിയ ശേഷം നശിപ്പിച്ചു കളയുകയും ചെയ്തു. സംഘർഷം രൂക്ഷമായ സ്ഥിതി എത്തിയതോടെയാണ് പൊലീസ് പ്രശ്‌നത്തിൽ ഇടപെട്ടത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ വോട്ട് ചെയ്ത ശേഷം മടങ്ങിയെത്തിയ എം.എസ്.എഫ് പ്രവർത്തകനായ വിദ്യാർത്ഥിയെ എസ്.എഫ്.ഐ പ്രവർത്തകർ തടയുകയും മർദിക്കുകയും ചെയ്തു. സംഘർഷം കണ്ട് സ്ഥലത്ത് എത്തിയ ഗാന്ധിനഗർ എസ്.ഐ ടി.എസ് റെനീഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടിച്ചു മാറ്റാൻ ശ്രമിച്ചു. എം.എസ്.എഫ് പ്രവർത്തകനെ ആക്രമിച്ചതിന് നിഖിലിനെ പൊലീസ് പിടികൂടി ജീപ്പിൽ കയറ്റി. ഇയാളെ ഇറക്കി വിടണമെന്നാവശ്യപ്പെട്ടാണ് മുപ്പതോളം വരുന്ന എസ്.എഫ്.ഐ പ്രവർത്തകർ പൊലീസ് ജീപ്പ് തടയുകയും, പൊലീസുകാരെ ആക്രമിക്കുകയും ചെയ്തത്.
മുന്നോട്ടെടുത്ത പൊലീസ് ജീപ്പ് വിദ്യാർത്ഥികളുടെ ഇടയിലൂടെ സർവകലാശാല കവാടം ലക്ഷ്യമാക്കി വന്നു. ഇതിനിടെ എസ്.എഫ്.ഐ പ്രവർത്തകർ സർവകലാശാലയുടെ പ്രധാന ഗേറ്റ് അടച്ചു. തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. രണ്ടു റൗണ്ടോളം പൊലീസ് ലാത്തി വീശി. തുടർന്ന് പൊലീസ് ബലം പ്രയോഗിച്ച് ഗേറ്റ് തുറന്ന് പുറത്തേയ്ക്കു പോകുകയായിരുന്നു. ഇതിനിടെ എസ്.എഫ്.ഐ പ്രവർത്തകർ പൊലീസിനു നേരെ കല്ലേറും നടത്തി.