
കോട്ടയം : കായികരംഗത്ത് എന്നും മുൻപന്തിയിലാണ് മഹാത്മാഗാന്ധി സർവകലാശാല. 11 ഒളിംപ്യൻമാർ ഉൾപ്പെടെ നിരവധി താരങ്ങളെ സംഭാവന ചെയ്യാനും സർവകലാശാലക്ക് കഴിഞ്ഞിട്ടുണ്ട്. മഹത്തായ ഈ ചരിത്രത്തിൻ്റെ തുടർച്ചയെന്നോണം സംസ്ഥാന സർക്കാർ സർവകലാശാലയിൽ കായികരംഗത്ത് അടിസ്ഥാന സൗകര്യ വികസനത്തിനായി നിരവധി പദ്ധതികൾ നടപ്പാക്കി വരികയാണ്.
അന്താരാഷ്ട്ര മത്സരങ്ങൾക്ക് പര്യാപ്തമായ വിധത്തിൽ സർവകലാശാല സ്റ്റേഡിയത്തിൽ സർക്കാർ ധനസഹായത്തോടെ ഫിഫ നിലവാരത്തിൽ നാച്ചുറൽ ടർഫ് ഫുട്ബോൾ കോർട്ട്, ഫ്ളഡ്ലിറ്റ് സൗകര്യത്തോടെ തയ്യാറാക്കിയത് ഒരു ഉദാഹരണം മാത്രമാണ്. കായിക രംഗത്ത് സർവകലാശാലക്ക് മറ്റൊരു പൊൻതൂവലായി ഒരു സ്വപ്നപദ്ധതിക്ക് കൂടി തുടക്കം കുറിക്കുകയാണ്.
സംസ്ഥാന സർക്കാരുമായി ധാരണാപത്രം ഒപ്പ് വച്ചിട്ടുള്ള സൂസൻ മേബിൾ തോമസ് ഇൻഡോർ സ്റ്റേഡിയം ആൻഡ് സ്പോർട്സ് കോംപ്ലക്സിന്റെ നിർമ്മാണോദ്ഘാടനം 2026 ഫെബ്രുവരി 26 -ന് ഉച്ച തിരിഞ്ഞ് 2.30 -ന് മന്ത്രി വി എൻ വാസവൻ നിർവഹിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കിഫ്ബി ഫണ്ടിൽ നിന്ന് 57 കോടി രൂപ ചെലവിൽ നിർമിക്കുന്ന കോംപ്ലക്സ് പൂർത്തിയാകുന്നതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ കായിക കേന്ദ്രങ്ങളിൽ ഒന്നായി ഇത് മാറുമെന്നാണ് പ്രതീക്ഷ കൂടാതെ ഗാന്ധി മ്യൂസിയത്തിന്റെ (Centre for Digital Museology and Tourism) നിർമ്മാണോദ്ഘാടനവും തദവസരത്തിൽ നടക്കും. യൂജിസി കാറ്റഗറി 1 പദവി നേടിയ സംസ്ഥാനത്തെ ആദ്യ സർവകലാശാലയായ മഹാത്മാഗാന്ധി സർവകലാശാല അക്കാദമിക രംഗത്ത് എന്നും മികവിന്റെ പാതയിലാണ്. ഇതിന്റെ ഭാഗമായി നാലുവർഷ ബിരുദ വിദ്യാർത്ഥികൾക്ക് കോട്ടയം അക്ഷരം മ്യൂസിയവുമായി സഹകരിച്ച് ഇൻ്റേൺഷിപ്പിനുള്ള അവസരവും ഒരുക്കുകയാണ്. ഇതിനുള്ള അക്ഷരമുറ്റം പദ്ധതിയുടെ ധാരണാപത്രത്തിൽ സർവകലാശാലയും കോട്ടയം സാഹിത്യ പ്രവർത്തക സഹകരണ സംഘവും അന്നേ ദിവസം ഒപ്പുവയ്ക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.



