video

00:00

എം.കോം പ്രൈവറ്റ് രജിസ്ട്രേഷന്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാം വര്‍ഷവും പരീക്ഷ നടത്താതെ എം ജി സര്‍വകലാശാല;   ഫീസ് വാങ്ങി കീശയില്‍ വച്ചശേഷം കുട്ടികളുടെ ഭാവി തുലക്കുന്ന സര്‍വ്വകലാശാലയുടെ നടപടിക്കെതിരെ മൗനം പാലിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ്

എം.കോം പ്രൈവറ്റ് രജിസ്ട്രേഷന്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാം വര്‍ഷവും പരീക്ഷ നടത്താതെ എം ജി സര്‍വകലാശാല; ഫീസ് വാങ്ങി കീശയില്‍ വച്ചശേഷം കുട്ടികളുടെ ഭാവി തുലക്കുന്ന സര്‍വ്വകലാശാലയുടെ നടപടിക്കെതിരെ മൗനം പാലിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ്

Spread the love

സ്വന്തം ലേഖകന്‍

കോട്ടയം: പ്രൈവറ്റ് രജിസ്‌ട്രേഷനിലൂടെ ഉന്നത വിദ്യാഭ്യാസം സ്വപ്‌നം കാണുന്ന ആയിരക്കണക്കിന് വിദ്യാത്ഥികളുടെ ഭാവി കശാപ്പ് ചെയ്ത് എംജി സര്‍വ്വകലാശാല. സര്‍വകലാശാലയില്‍ നിന്നും വിവിധ കോളേജുകളില്‍ പ്രൈവറ്റായി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ നടത്താന്‍ പോലും സര്‍വ്വകലാശാല തയ്യാറായിട്ടില്ല. എം.കോം രണ്ടാം വര്‍ഷം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഇന്ന് വരെ ഒരു പരീക്ഷ പോലും എഴുതിയിട്ടില്ല എന്ന കാര്യം പുറത്ത് വരുമ്പോഴാണ് സ്ഥിതിഗതികള്‍ എത്ര പരിതാപകരമാണെന്ന് മനസ്സിലാക്കേണ്ടത്.

പരീക്ഷാ നടത്തിപ്പിനെയും കോഴ്‌സിന്റെ ഭാവിയെക്കുറിച്ചും ആശങ്കപ്പെട്ട് നിരവധി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നത് തേര്‍ഡ് ഐ ന്യൂസ് മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാസ്റ്റേഴ്‌സ് കോഴ്‌സുകളില്‍ പ്രൈവറ്റായി രജിസ്ട്രര്‍ ചെയ്ത കുട്ടികള്‍ക്ക് ഈ വര്‍ഷം ഉപരിപഠനത്തിനുള്ള സാധ്യതകളുണ്ടോ, പരീക്ഷ നടത്തരുതെന്ന് ബന്ധപ്പെട്ട വകുപ്പില്‍ നിന്ന് അറിയിപ്പുണ്ടോ, റഗുലര്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷ നടത്തിയിട്ടും പ്രൈവറ്റ് വിദ്യാര്‍ത്ഥികളെ തഴഞ്ഞത് എന്ത് കൊണ്ട് തുടങ്ങിയ നിരവധി കാര്യങ്ങളിൽ  സര്‍വ്വകലാശാല വ്യക്തമായ വിശദീകരണം നൽകേണ്ടതുണ്ടെന്ന് വിദ്യാർഥികളും പ്രൈവറ്റ് കോളേജുകളും ഒരേ സ്വരത്തിൽ പറയുന്നു.

പരീക്ഷ നടത്താനായി വിദ്യാര്‍ത്ഥികള്‍ നിരവധി തവണ അപേക്ഷ നല്‍കിയിരുന്നെങ്കിലും ഇതിനെല്ലാം പുല്ല് വില കല്‍പ്പിച്ചാണ് സര്‍വ്വകലാശാല മുന്നോട്ട് പോകുന്നത്. എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിലാണ് വിദ്യാര്‍ത്ഥികളും കുടുംബവും.

പ്രൈവറ്റ്കോളേജുകളാവട്ടെ എംജി സര്‍വ്വകലാശാലയുടെ പിഴവ് സ്വന്തം ചുമലില്‍ ചുമക്കേണ്ട ഗതികേടിലും. സര്‍വ്വകലാശാലയില്‍ നിന്ന് പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് യാതൊരു നിര്‍ദ്ദേശവും ഇവര്‍ക്ക് നല്‍കിയിട്ടില്ല.

നിരവധി തവണ പല പ്രൈവറ്റ് കോളേജുകളും യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ടെങ്കിലും കോവിഡാണെന്ന കാരണം മാത്രമേ ഇവര്‍ക്ക് പറയാനുള്ളൂ. റഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്കില്ലാത്ത എന്ത് കോവിഡാണ് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ചെയ്തവര്‍ക്കെന്നാണ് കോളേജുകള്‍ ചോദിക്കുന്നത്. ഇവരുടെ ഉപരിപഠനവും തൊഴില്‍ സാധ്യതകളുമാണ് ഇപ്പോള്‍ പ്രശ്‌നത്തിലായിരിക്കുന്നത്.