
ഡൽഹി: മെട്രോ സ്റ്റേഷനിലെ റെയിൽവേ ട്രാക്കിൽ മകനെ മൂത്രമൊഴിക്കാൻ അനുവദിച്ച പിതാവിനെതിരെ രൂക്ഷവിമർശനം. ഡൽഹിയിലെ ഇന്ദർലോക് മെട്രോ സ്റ്റേഷനിൽ കഴിഞ്ഞദിവസം നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. പിതാവിന്റെ പ്രവൃത്തിയെ ‘സംസ്കാര ശൂന്യം’ എന്നാണ് സോഷ്യൽ മീഡിയ യൂസർമാരിൽ പലരും വിശേഷിപ്പിച്ചത്. അതേസമയം തന്നെ ഒരു കൊച്ചുകുട്ടിയുടെ മുന്നിൽവച്ച് ഇത്തരത്തിൽ ഒരു ആൾക്കൂട്ട വിചാരണയുടെ ആവശ്യമില്ലായിരുന്നു എന്നും നെറ്റിസൻസിൽ ചിലർ അഭിപ്രായപ്പെട്ടു.
വീഡിയോയിൽ ഒരു ചെറിയ ആൺകുട്ടി സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്നുകൊണ്ട് റെയിൽവേ ട്രാക്കിലേക്ക് മൂത്രമൊഴിക്കുന്നത് കാണാം. കുട്ടി വീണ് പോകാതിരിക്കാൻ തൊട്ടടുത്ത് തന്നെ കുട്ടിയുടെ കൈപിടിച്ചു നിൽക്കുന്ന അച്ഛനെയും കാണാം. സംഭവത്തിന് ദൃക്സാക്ഷികളായ ആളുകളാണ് വീഡിയോ ദൃശ്യങ്ങൾ പകർത്തിയത്. അവർ കുട്ടിയുടെയും അച്ഛൻ്റെയും അരികിലേക്ക് എത്തി അവരുടെ പ്രവൃത്തിയെ ചോദ്യം ചെയ്യുകയും വിമർശിക്കുകയും ചെയ്യുന്നു.
വീഡിയോ എടുക്കുന്നവർ സംസ്കാരശൂന്യരായ വ്യക്തികൾ എന്ന് അവരെ വിശേഷിപ്പിക്കുന്നതും കേൾക്കാം. അപ്രതീക്ഷിതമായ ആൾക്കൂട്ട വിചാരണയിൽ ആശങ്കയോടെ നിൽക്കുന്ന അച്ഛനെയും മകനെയും വീഡിയോയിൽ കാണാം. അതോടൊപ്പം തന്നെ ഇതെല്ലാം കണ്ട് കുറച്ച് ഭയത്തോടെ പ്ലാറ്റ്ഫോമിലെ കസേരയിൽ കൈക്കുഞ്ഞുമായിരിക്കുന്ന അമ്മയുടെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ നിരവധി ആളുകൾ ഇവരുടെ പ്രവൃത്തിക്കെതിരെ വിമർശനം ഉയർത്തി. ഇത്തരം പ്രവൃത്തികൾക്ക് കർശന ശിക്ഷ നൽകണമെന്നും ഇത്തരക്കാരെ പ്രോത്സാഹിപ്പിച്ചു കൂടാ എന്നും ആളുകൾ അഭിപ്രായപ്പെട്ടു. ചെയ്യുന്നത് തെറ്റാണെന്ന് അറിഞ്ഞിട്ടും കുട്ടിയെ അത് ചെയ്യാൻ പ്രോത്സാഹിപ്പിച്ച പിതാവാണ് യഥാർത്ഥ കുറ്റക്കാരൻ എന്നും ചിലർ അഭിപ്രായപ്പെട്ടു. തെറ്റ് ചെയ്തു എന്ന് തോന്നൽ ഉള്ളതുകൊണ്ടാണ് അവർക്ക് പ്രതികരിക്കാൻ കഴിയാതെ വന്നതെന്നും അഭിപ്രായങ്ങൾ ഉയർന്നു. ഡൽഹി മെട്രോ ഇവർക്കെതിരെ പിഴ ചുമത്തണമെന്നും ചിലർ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ, ഒരു കൊച്ചുകുട്ടിയുടെ മുന്നിൽവച്ച് ഇത്തരത്തിലുള്ള ആൾക്കൂട്ട വിചാരണ അതിനേക്കാൾ വലിയ തെറ്റാണ് എന്ന് പറഞ്ഞവരും ഉണ്ട്.