മെസ്സി@1000! ചരിത്രത്തിലേക്ക് പന്തുതട്ടാൻ ഇതിഹാസം; പ്രീക്വാർട്ടറിൽ കങ്കാരുക്കളോട് മുട്ടാൻ അർജന്റീന; ദേശീയ ടീമിനായി 169-ാമത്തെ മത്സരത്തിനായി മെസ്സി ഇറങ്ങുന്നു; ക്ലബ് ഫുട്‌ബോളിൽ ഇതുവരെ ബൂട്ടണിഞ്ഞത് ബാഴ്‌സലോണയ്ക്കായി 778 മത്സരങ്ങളിലും നിലവിലെ ടീമായ പി.എസ്.ജിക്കായി 53 മത്സരങ്ങളിലും
സ്വന്തം ലേഖകൻ
ദോഹ: ലോകകപ്പ് ഫുട്‌ബോളിന്റെ പ്രീക്വാർട്ടർ ആദ്യദിനത്തിലെ രണ്ടാം മത്സരത്തിൽ അർജന്റീന ഇന്ന് ആസ്‌ട്രേലിയയെ നേരിടും. അവസാന മത്സരത്തിൽ പോളണ്ടിനെ തോൽപ്പിച്ച് ഗ്രൂപ്പ് ചാംപ്യന്മാരായാണ് അർജന്റീന പ്രീക്വാർട്ടറിലെത്തിയത്. ഗ്രൂപ്പ് ഡിയിൽ ഡെന്മാർ ഉൾപ്പെടെയുള്ളവരെ പിന്തള്ളിയാണ് ഓഷ്യാനൻ രാജ്യമായ ആസ്‌ട്രേലിയ പ്രീക്വാർട്ടർ യോഗ്യത നേടിയത്.
അടുത്ത റൗണ്ടിലേക്ക് കടക്കാനുള്ള നിർണായക മത്സരം ഇന്ന് ഇതിഹാസതാരം ലയണൽ മെസ്സിക്ക് ഒരു ചരിത്രമുഹൂർത്തം കൂടിയാണ്. പ്രൊഫഷനൽ കരിയറിൽ ഇന്ന് ആയിരം മത്സരങ്ങൾ പൂർത്തിയാക്കാനിരിക്കുകയാണ് സൂപ്പർതാരം. ദേശീയ ടീമിനായി ഇന്ന് 169-ാമത്തെ മത്സരത്തിനാണ് മെസ്സി ഇറങ്ങുന്നത്. ക്ലബ് ഫുട്‌ബോളിൽ ബാഴ്‌സലോണയ്ക്കായി 778 മത്സരങ്ങളിലും നിലവിലെ ടീമായ പി.എസ്.ജിക്കായി 53 മത്സരങ്ങളിലും ബൂട്ടണിഞ്ഞിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് ജയിക്കാനായില്ലെങ്കിൽ ഒരുപക്ഷെ ലോകകപ്പിൽ 35കാരനായ മെസ്സിയുടെ അവസാന മത്സരവുമാകുമിത്. അടുത്ത ലോകകപ്പിൽ താരം ടീമിനൊപ്പമുണ്ടാകുമോ എന്ന കാര്യം സംശയമായിരിക്കും. അതിനാൽ, എന്തു വിലകൊടുത്തും പ്രിയ താരത്തിന്റെ പേരിൽ രാജ്യത്തിനായൊരു ലോകകിരീടം സാധ്യമാക്കുക എന്ന ലക്ഷ്യമായിരിക്കും സഹതാരങ്ങളുടെ മനസിലുണ്ടാകുക.
ഇന്ത്യൻ സമയം രാത്രി പന്ത്രണ്ടരയ്ക്ക് അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിലാണ് അർജന്റീന-ആസ്‌ട്രേലിയ മത്സരം നടക്കുന്നത്. പോളണ്ടിനെതിരെ കളിച്ച ടീമിൽ വലിയ മാറ്റങ്ങളില്ലാതെയാകും അർജന്റീന ഇന്ന് ഇറങ്ങുകയെന്ന സൂചന കോച്ച് ലയണൽ സ്‌കലോണി നൽകിയിട്ടുണ്ട്. ഓസീസ് കോച്ച് ഗ്രഹാം ആർണോൾഡ് ഡെന്മാർക്കിനെ തകർത്ത സംഘത്തെ തന്നെ നിലനിർത്താനാണ് സാധ്യത.
പോളണ്ടിനെതിരായ നിർണായക മത്സരത്തിൽ തുടയ്ക്ക് പരിക്കേറ്റ് സൂപ്പർ താരം എയ്ഞ്ചൽ ഡിമരിയയെ തിരിച്ചുവിളിച്ചിരുന്നു. അടുത്ത മത്സരങ്ങൾകൂടി മുന്നിൽകണ്ടാണ് സ്‌കലോണി താരത്തെ മടക്കിവിളിച്ചത്. എന്നാൽ, ഡിമരിയയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടാനൊന്നുമില്ലെന്ന് കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ സ്‌കലോണി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ആക്രമണനിരയിൽ ലൗത്താരോ മാർട്ടിനസ്, ജൂലിയൻ അൽവാരസ് എന്നിവരിൽ ആരെയായിരിക്കും ഇന്ന് ആദ്യ ഇലവനിൽ സ്‌കലോണി ഇറക്കുകയെന്ന കാര്യവും വ്യക്തമല്ല.
ആസ്‌ട്രേലിയ ലോകകപ്പ് ചരിത്രത്തിലെ രണ്ടാമത്തെ നോക്കൗട്ട് അങ്കത്തിനാണ് ഇന്ന് ഇറങ്ങുന്നത്. ഇതിനുമുൻപ് 2006 ലോകകപ്പിലാണ് അവസാനമായി പ്രീക്വാർട്ടർ കടന്നത്. അന്ന് ഇറ്റലിയോട് 1-0ത്തിന് പരാജയപ്പെടുകയും ചെയ്തിരുന്നു. ഇരുടീമുകളും ഏഴു തവണ ഏറ്റുമുട്ടിയപ്പോൾ ഒരു ജയം മാത്രമാണ് ആസ്‌ട്രേലിയയ്ക്ക് നേടാനായത്. 1988ലായിരുന്നു ഇത്. കോച്ച് ആർണോൾഡ് അന്ന് ടീമിലുണ്ടായിരുന്നുവെന്ന കൗതുകവുമുണ്ട്.
ആസ്‌ട്രേലിയ കരുത്തരായ എതിരാളികളാണെന്നും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുമെന്നുമാണ് കഴിഞ്ഞ ദിവസം അർജന്റീന താരം റോഡ്രിഗോ ഡീപോൾ മാധ്യമങ്ങളോട് പറഞ്ഞത്. ആസ്‌ട്രേലിയയുടെ അതിവേഗതയുള്ള വിങ്ബാക്കുകൾ വലിയ വെല്ലുവിളിയാണെന്നും അർജന്റീന ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുമെന്നും മധ്യനിരതാരം പറഞ്ഞു. സൗദിക്കെതിരായ തോൽവി ടീമിന് വലിയ പാഠങ്ങൾ പകർന്നിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു.