വീട്ടിൽ പത്രം വരുത്തുന്നത് നിർത്തിയതോടെ ലാപ്‌ടോപ്പ് ഉപയോഗിക്കാൻ പഠിച്ച് 90കാരി ; ഓൺലൈനാകാൻ തീരുമാനിച്ച മേരിയാണ് താരം
സ്വന്തം ലേഖകൻ
തൃശൂർ: പഴയ തലമുറയിൽ ചിലർക്കെങ്കിലും പുത്തൻ തലമുറയുടെ ലാപ്‌ടോപ്പ്, മൊബൈൽ തുടങ്ങിയ ഉപകരണങ്ങളോട് ഇന്ന് വിമുഖതയാണ്. വീട്ടിൽ പത്രം വരുത്തുന്നത് നിർത്തിയതിനാൽ ന്യൂജനറേഷനാവാൻ തീരുമാനിച്ച 90 കാരിയായ മേരി മാത്യൂസാണ് ഇന്റർനെറ്റിലെ താരം.
90ാം വയസിൽ ലാപ്‌ടോപിലൂടെ പത്രം വായിക്കാൻ ശ്രമിക്കുന്ന മേരി മാത്യൂസിന്റെ ചിത്രം കൊച്ചുമകനായ അരുൺ തോമസാണ് സമൂഹമാധ്യമമായ റെഡ്ഡിറ്റിൽ പങ്കുവെച്ചത്. 1930കളിൽ ജനിച്ച മേരി പത്രങ്ങളിലും മാസികളിലും കൂടിയാണ് വാർത്തകൾ അറിഞ്ഞിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇപ്പോൾ വീട്ടിൽ പത്രം വരുത്തുന്നത് നിർത്തിയതോടെ പത്രവായന മുടങ്ങാതിരിക്കാൻ ലാപ്‌ടോപിൽ ഇ പേപ്പർ വായിക്കുന്ന അവരുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്.
‘എന്റെ മുത്തശ്ശി പത്രം വായിക്കുന്നതിനായി ലാപ്‌ടോപ് ഉപയോഗിക്കാൻ പഠിക്കുകയാണ്. മാറ്റങ്ങൾ മനസിലാക്കാനും അത് സ്വീകരിക്കാനും അവർ കാണിച്ച താൽപര്യത്തെ അഭിനന്ദിച്ചേ മതിയാകൂ’ മൂന്ന് ചിത്രങ്ങൾ പങ്കുവെച്ച് അരുൺ റെഡ്ഡിറ്റിൽ കുറിച്ചു.
ചിത്രം നിമിഷ നേരങ്ങൾ കൊണ്ട് വൈറലായി. 8000 അപ്‌വോട്ടുകളാണ് ചിത്രത്തിന് ലഭിച്ചത്. മേരി മാത്യൂസിനെ അഭിനന്ദിച്ച് നിരവധിയാളുകൾ കമന്റ് രേഖപ്പെടുത്തുന്നുണ്ട്. ഉപയോഗം എളുപ്പമാക്കാനായി മേരി മാത്യൂസിന് ഒരു ഐ പാഡോ ടാബ്‌ലറ്റോ വാങ്ങി നൽകാൻ ചിലർ അരുണിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എങ്കിലും ഇപേപ്പർ വായിക്കുന്നതിനേക്കാൾ പത്രം വായിക്കാനാണ് മുത്തശ്ശി ഇഷ്ടപ്പെടുന്നത്. എല്ലാ കാര്യങ്ങളും അവർ അതിവേഗം മനസിലാക്കിയെടുക്കുന്നുവെന്നും അരുൺ കമന്റിലൂടെ അവർക്ക് മറുപടി നൽകി.