
കൊല്ലം : ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യയുടെ ഭർത്താവ് സതീഷിനെതിരെ പൊലീസ് കേസെടുത്തു. അതുല്യയുടെ കുടുംബം നൽകിയ പരാതിയിൽ ചവറ തെക്കുംഭാഗം പൊലീസാണ് കൊലപാതക കുറ്റം ചുമത്തി കേസെടുത്തത്. സതീഷിനെതിരെ ശാരിരീക പീഡനം, സ്ത്രീധന പീഡനം എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
സ്ത്രീധനത്തിന്റെ പേരിലും ഭർത്താവ് അതുല്യയെ പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബം നൽകിയ പരാതിയിൽ പറയുന്നു. കൊല്ലം ചവറ തെക്കുംഭാഗം കോയിവിള അതുല്യ ഭവനിൽ അതുല്യ സതീഷിനെ (30) ആണ് ഷാർജയിലെ റോളയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
ദുബായിലെ കെട്ടിടനിർമാണ കമ്പനിയിൽ എൻജിനീയറായ ഭർത്താവ് സതീഷും അതുല്യയുമായി രാത്രി വഴക്കുണ്ടായതായി ബന്ധുക്കൾ പറഞ്ഞു. തുടർന്ന് സതീഷ് കൂട്ടുകാരോടൊപ്പം അജ്മാനിൽ പോയി പുലർച്ചെ നാലോടെ തിരിച്ചെത്തിയപ്പോഴാണ് അതുല്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സതീഷ് സ്ഥിരം മദ്യപിക്കുന്നയാളാണെന്നും അതുല്യയെ ദേഹോപദ്രവം ഏൽപ്പിക്കാറുണ്ടെന്നും ബന്ധുക്കൾ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതുമായി ബന്ധപ്പെട്ട് ഷാർജ പൊലീസിൽ മുൻപ് പരാതി നൽകിയിട്ടുണ്ട്.വർഷങ്ങളായി യു.എ.ഇയിലുള്ള സതീഷ് ഒന്നര വർഷം മുൻപാണ് അതുല്യയെ ഇങ്ങോട്ടു കൊണ്ടുവന്നത്. നേരത്തെ ദുബായിലായിരുന്നു താമസം.
ദമ്പതികളുടെ ഏക മകൾ ആരാധിക(10) അതുല്യയുടെ മാതാപിതാക്കളായ രാജശേഖരൻ പിള്ളയ്ക്കും തുളസീഭായിക്കുമൊപ്പം നാട്ടിലെ സ്‌കൂളിലാണ് പഠിക്കുന്നത്. ഏകസഹോദരി അഖില ഗോകുൽ ഷാർജയിൽ ഇവരുടെ ഫ്ളാറ്റിന് സമീപം താമസിക്കുന്നുണ്ട്.
ഭർത്താവിന്റെ പീഡനങ്ങളെക്കുറിച്ച് അതുല്യ അഖിലയോടു പറഞ്ഞിരുന്നെന്നാണ് വിവരം. ഷാർജ ഫൊറൻസിക് വിഭാഗത്തിലുള്ള മൃതദേഹം നടപടികൾക്കുശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകും.