
പത്തനംതിട്ട: മേഘാ മധുവിന്റെ മരണത്തിൽ സഹപ്രവർത്തകനെതിരെ ആരോപണവുമായി പിതാവ് മധുസൂദനൻ. ഐബി ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശി മകളെ സാമ്പത്തികമായി ചൂഷണം ചെയ്തെന്നാണ് ആരോപണം.
ഫെബ്രുവരി മാസത്തെ ശമ്പളമടക്കം അയാളുടെ അക്കൗണ്ടിലേക്ക് അയച്ചു കൊടുത്തു. മരിക്കുമ്പോൾ മകളുടെ അക്കൗണ്ടിൽ വെറും 80 രൂപ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും പിതാവ് മധുസൂദനൻ പറഞ്ഞു.
മലപ്പുറം എടപ്പാൾ സ്വദേശിയും ഐബിയുടെ കൊച്ചി ഓഫീസ് ജീവനക്കാരനുമായ ആൾക്കെതിരേയാണ് മേഘയുടെ പിതാവ് ആരോപണവുമായി രംഗത്തെത്തിയത്. മേഘയുടെ മരണശേഷം അക്കൗണ്ട് വിവരങ്ങൾ രേഖാമൂലം തന്നെ എടുത്തിരുന്നു. ഇതിൽ നിന്നും ലഭ്യമായ വിവരങ്ങളിൽ നിന്നാണ് മലപ്പുറം സ്വദേശി മേഘയെ സാമ്പത്തികമായി ചൂഷണം നടത്തി എന്ന വിവരം പുറത്തുവരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അക്കൗണ്ട് വിശദാംശങ്ങൾ അന്വേഷണവിധേയമായി പേട്ട പോലീസിന് കൈമാറി. തുടരന്വേഷണം ഇവിടെയാണ് നടക്കുന്നത്. മേഘയുടെ മരണത്തിന് പിന്നാലെ പിതാവ് ഐബിയ്ക്കും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആരോപണ വിധേയനായ ആളെ ജോലിയിൽ നിന്നും മാറ്റി നിർത്തിയിരിക്കുകയാണ് എന്നാണ് ലഭിക്കുന്ന വിവരം.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് പേട്ട പോലീസ് സ്റ്റേഷൻ പരിധിയിലെ ചാക്ക റെയിൽവേ സ്റ്റേഷനോട് ചേർന്ന ഭാഗത്ത് റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ മേഘയെ കണ്ടെത്തിയത്. പിന്നീട് ഇത് ആത്മഹത്യയായിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു.