
സ്വന്തം ലേഖിക
തൊടുപുഴ : കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎയുടെ പശുവും കിടാവും ജയിലിലായി.ജയിലിലെ പാൽ ദൗർലഭ്യത്തിന് പരിഹാരം കണ്ട് കേരള കോൺഗ്രസ് എം.എൽ.എ പി.ജെ ജോസഫ്. തന്റെ പശുവായ ‘മീര’യെയും അതിന്റെ കിടാവ് ‘അഭിമന്യു’വിനേയും ഇടുക്കി മുട്ടം ജയിലിലെ പശുവളർത്തൽ കേന്ദ്രത്തിലേക്ക് അയച്ചുകൊണ്ടാണ് പി.ജെ ജോസഫ് ജയിലിലെ പാൽ പ്രശ്‌നത്തിന് പരിഹാരം കണ്ടിരിക്കുന്നത്. ക്രിസ്മസ് സമ്മാനമായാണ് എം.എൽ.എ ഈ ദാനം നടത്തിയത്.
ജയിലിലേക്ക് 25 ലിറ്റർ പാലാണ് സാധാരണ ആവശ്യമായി വരികയെന്നും എന്നാൽ പല ദിവസങ്ങളിലും പാൽ കിട്ടാൻ ബുദ്ധിമുട്ടാണെന്ന് ജയിൽ സൂപ്രണ്ട് ഒരിക്കൽ പി.ജെ. ജോസഫിനോട് പരാതി പറഞ്ഞിരുന്നു. ഈ പരാതി കണക്കിലെടുത്താണ് എം.എൽ.എ തന്റെ പ്രിയപ്പെട്ട പശുവിനെയും കിടാവിനെയും ജയിലിന് കൈമാറാൻ തീരുമാനിച്ചത്. പി.ജെ ജോസഫ് ചെയ്ത ഈ ഉപകാരത്തോട് രസകരമായാണ് ജയിൽ ഡി.ജി.പിയായ ഋഷിരാജ് സിംഗ് പ്രതികരിച്ചിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പി ജെ ജോസഫ് സമ്മാനിച്ച പശുവിനെയും കിടാവിനെയും ജയിലിനുള്ളിലല്ല, പുറത്താണ് വളർത്തുന്നത് എന്ന് ഋഷിരാജ് സിങ് പറഞ്ഞു. 10 ദിവസം മുൻപ് പ്രസവിച്ച ,പശുവിന് ഇപ്പോൾ 8 ലീറ്റർ പാൽ ലഭിക്കുന്നുണ്ടെന്നും രണ്ടാഴ്ച കഴിഞ്ഞാൽ രണ്ടു നേരമായി 20 ലീറ്റർ പാൽ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ജോസഫ് പറഞ്ഞു.
ജയിൽ ദിനാചരണത്തിന്റെ ഭാഗമായി ഒക്ടോബറിൽ ജില്ലാ ജയിലിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ പി ജെ ജോസഫ് എംഎൽഎ ജയിലിലേക്കു ഒരു പശുവിനെ കൈമാറാൻ തീരുമാനിക്കുകയായിരുന്നു. 13 ജില്ലാ ജയിലുകൾ ഉള്ളതിൽ ഏറ്റവും മികച്ചത് മുട്ടത്തെ ജില്ലാ ജയിലാണെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന ജയിൽ ഡിജിപി ഋഷിരാജ് സിങ് പറഞ്ഞു. തടവുകാർക്ക് രോഗം വന്നാൽ കൊണ്ടുപോകാൻ ഒരു ആംബുലൻസ് അനുവദിച്ചു തരണമെന്ന് എംഎൽഎയോട് ഋഷിരാജ് സിങ് ആവശ്യപ്പെട്ടു.
മുട്ടം ജില്ലാ ജയിലിന് സ്വന്തമായി രണ്ടര ഏക്കർ സ്ഥലമാണുള്ളത്. ഇതിൽ ജയിൽ കെട്ടിടവും ജീവനക്കാർക്കുള്ള ക്വാർട്ടേഴ്സും ഒഴിവാക്കി ബാക്കിയുള്ള ഒന്നര ഏക്കർ സ്ഥലത്ത് വിവിധ ഇനങ്ങളിലുള്ള ഇരുപതിൽ പരം കാർഷിക വിളകൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. വാഴ, ചേന, കപ്പ, തക്കാളി, കോവൽ വെള്ളരി, കൂർക്ക, ഇഞ്ചി, മഞ്ഞൾ, പയർ, ചീനി തുടങ്ങിയ വിവിധ കൃഷികളാണ് ചെയ്തിരിക്കുന്നത്. ഇവയ്ക്കൊപ്പമാണ് ഇപ്പോൾ പശു വളർത്തൽ യൂണിറ്റ് കൂടി തുടങ്ങിയിരിക്കുന്നത്.
നിലവിൽ ഇവിടെ ഉൽപാദിപ്പിക്കുന്ന കാർഷിക ഉൽപന്നങ്ങൾ പ്രധാനമായും ജയിലിലെ അന്തേവാസികളുടെ ദൈനംദിന ആവശ്യങ്ങൾക്കായാണ് ഉപയോഗിക്കുന്നത്. കൃഷി ചെയ്യുന്ന തടവുകാർക്ക് ഒരു ദിവസം 127 രൂപ പ്രതിഫലമുണ്ട്. ജയിൽ മോചിതരാകുമ്‌ബോൾ ഈ തുക കൈമാറും. കൃഷിയിൽ മികച്ച പ്രകടനം കാഴ്ചവച്ചതിന്റെ ഫലമായി ജില്ലാ കൃഷി വകുപ്പിൽ നിന്ന് ഒരു ലക്ഷം രൂപ സമ്മാനമായി ജില്ലാ ജയിലിനു ലഭിച്ചിട്ടുണ്ട്.