മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി; മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ: മരിച്ചത് ആന പാപ്പാൻ അനീഷ്

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: മീനച്ചിലാറ്റിൽ ആറുമാനൂർ കടവിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ആറുമാനൂർ തുരുത്തിമറ്റത്തിൽ വീട്ടിൽ അനീഷ് ഗോപാലൻ്റെ (25) മൃതദേഹമാണ് കണ്ടെത്തിയത്.

അനീഷും മൂന്നു സുഹൃത്തുക്കളും ചേർന്നു വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിയോടെ മീനച്ചിലാറ്റിൽ ടാപ്പുഴ കടവിൽ കുളിക്കാനിറങ്ങിയതായിരുന്നു. ഈ സമയം അനീഷിന്റെ അമ്മ കടവിൽ തുണിയലക്കുകയായിരുന്നു. അമ്മ അനീഷിനോടു കുളിക്കടവിൽ നിന്നും കയറി പോകാൻ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, ഇതിനു തയ്യാറാകാതിരുന്ന അനീഷ് സുഹൃത്തുക്കൾക്കൊപ്പം വെള്ളത്തിൽ വീണ്ടും നീന്താൻ ഇറങ്ങുകയായിരുന്നു. ഇതിനിടെ അനീഷിനെ ഒഴുക്കിൽപ്പെട്ടു കാണാതായി. സുഹൃത്തുക്കൾ നീന്തി കരയിൽ കയറി ബഹളം വച്ചതോടെ ഓടിയെത്തിയ നാട്ടുകാർ ആദ്യഘട്ടത്തിൽ തിരച്ചിൽ നടത്തി. എന്നാൽ, ഇയാളെ കണ്ടെത്താനാവാതെ വന്നതോടെ അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു.

സംഭവം അറിഞ്ഞ് ബ്ലോക്ക് പഞ്ചായത്തംഗം ജോയിസ് കൊറ്റത്തിലിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും സ്ഥലത്ത് എത്തി. അഗനിരക്ഷാ സേനാംഗങ്ങൾ എത്തി തിരച്ചിൽ ആരംഭിച്ചെങ്കിലും ഏഴരയോടെ വെളിച്ചക്കുറവിനെ തുടർന്നു തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ വീണ്ടും തിരച്ചിൽ പുനരാരംഭിച്ചു.

ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. മണർകാട് പൊലീസ് കേസെടുത്തു. അച്ഛൻ ഗോപാലൻ തുരുത്തുമറ്റം , അമ്മ പൊന്നമ്മ ഗോപാലൻ. സഹോദരങ്ങൾ – അജീഷ് ഗോപാലൻ , അഖിൽ ഗോപാലൻ.

ആനപ്പാപ്പാനായി ജോലി ചെയ്തിരുന്ന അനീഷ്, പെയിന്റിംങ് അടക്കം നിരവധി ജോലികൾക്കും പോയിരുന്നു.