
തിരുവനന്തപുരം:നൂറുകണക്കിന് നിരാലംബരുടെ ആശ്രയമാണ് ഓരോ ആശുപത്രികളും. എന്നാല്‍ ഇവിടെനിന്ന് അടുത്തിടെ കേള്‍ക്കേണ്ടിവന്ന വാര്‍ത്തകള്‍ ഒട്ടും ആശ്വാസകരമല്ല. എന്ത് ധൈര്യത്തിലാണ് ആശുപത്രികളിൽ പോവുന്നത്.
മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗത്തിൽ കൊല്ലം സ്വദേശിയായ ഓട്ടോറിക്ഷത്തൊഴിലാളി ചികിത്സ കിട്ടാതെ മരിച്ചെന്ന ആരോപണമാണ് ആരോഗ്യവകുപ്പിലെ ‘സിസ്റ്റം എററി’ൽ ഒടുവിലത്തേത്. അടുത്ത കാലത്ത് മെഡിക്കൽ കോളജുകൾ ഉൾപ്പെടെ സർക്കാർ ആശുപത്രികളിൽ ചികിത്സപ്പിഴവുകളുടെ പരമ്പരതന്നെയുണ്ടായി.
തിരുവനന്തപുരം മെഡിക്കൽ കോളജ് യൂറോളജി വിഭാഗത്തിലെ ഉപകരണങ്ങളുടെ ക്ഷാമം വകുപ്പ് മേധാവി ഡോ. സി.എച്ച്.ഹാരിസ് ചൂണ്ടിക്കാട്ടിയത് വലിയ കോളിളക്കമുണ്ടാക്കി. ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കുടുങ്ങിയ കത്രികയുമായി 7 വർഷം വേദന സഹിച്ച കോഴിക്കോട് സ്വദേശി കെ.കെ.ഹർഷിനയ്ക്കു നീതി തേടി സെക്രട്ടേറിയറ്റിനു മുന്നിൽ സത്യഗ്രഹം ഇരിക്കേണ്ടിവന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പഴയ കെട്ടിടം തകർന്നുവീണ് ഒരു ജീവൻതന്നെ നഷ്ടമായി.
കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് മാതൃ–ശിശു സംരക്ഷണകേന്ദ്രത്തിൽ കൈക്കു പകരം ശസ്ത്രക്രിയ നടത്തിയതു 4 വയസ്സുകാരിയുടെ നാവിൽ. ഡോക്ടറെ സസ്പെൻഡ് ചെയ്തു. പൊലീസ് കേസെടുത്തു.
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ 2023 മാർച്ച് 23ന് തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതിയുടെ നെഞ്ചിൽ കുടുങ്ങിയതു ഗൈഡ്‌വയർ. കഴിഞ്ഞ മാർച്ചിൽ എക്സ്റേ എടുത്തപ്പോഴാണ് ഇതു കണ്ടെത്തിയത്. സംഭവം വിവാദമായതോടെ ഗൈഡ്‍വയർ നീക്കുന്നതിനെക്കുറിച്ചു പഠിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിച്ചെങ്കിലും വയർ പുറത്തെടുത്തിട്ടില്ല.
തൊടുപുഴ ജില്ലാ ആശുപത്രിയിലെ ചികിത്സപ്പിഴവിൽ വയോധികൻ വേദന സഹിച്ചതു 3 മാസം. കാലിൽ കയറിയ മരക്കഷണം പൂർണമായി നീക്കം ചെയ്യാതെ പറഞ്ഞയയ്ക്കുകയായിരുന്നു. ഒടുവിൽ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി കമ്പ് നീക്കം ചെയ്തു.
ആലപ്പുഴ വനിതാ – ശിശു ആശുപത്രിയിൽ പ്രസവത്തെത്തുടർന്നു ഗുരുതരാവസ്ഥയിലായ യുവതി 4 ദിവസത്തിനു ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചതു ചികിത്സപ്പിഴവു മൂലമെന്ന് ബന്ധുക്കളുടെ ആരോപണം.
പൊലീസ് അന്വേഷണം നടക്കുന്നു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രസവശസ്ത്രക്രിയയിൽ പിഴവുണ്ടായെന്ന പരാതിയും പൊലീസ് കേസായി.
പുനലൂർ താലൂക്ക് ആശുപത്രിയിൽ ഛർദിക്കു ചികിത്സ തേടിയെത്തിയ അധ്യാപിക മരിച്ചതു ചികിത്സപ്പിഴവു മൂലമെന്ന് ആരോപണം.
എറണാകുളം ജനറൽ ആശുപത്രിയിൽ പ്രസവശസ്ത്രക്രിയയ്ക്കു വിധേയയായ യുവതിയുടെ വയറ്റിൽ, തുന്നിക്കെട്ടാൻ ഉപയോഗിച്ച നൂൽ കുടുങ്ങി. ഇതു നീക്കംചെയ്തത് 9 മാസങ്ങൾക്കു ശേഷം കോട്ടയം മെഡിക്കൽ കോളജിൽ.
തൊഴിൽ വകുപ്പിനു കീഴിലെ കൊല്ലം എഴുകോൺ ഇഎസ്ഐ ആശുപത്രിയിൽ പ്രസവശസ്ത്രക്രിയയ്ക്കു വിധേയയായ, ഇതേ ആശുപത്രിയിലെ നഴ്സിന്റെ വയറ്റിൽ ശസ്ത്രക്രിയാ സാമഗ്രി വച്ചു തുന്നിക്കെട്ടി. സ്കാനിങ്ങിൽ കണ്ടെത്തിയതോടെ അടിയന്തര ശസ്ത്രക്രിയ നടത്തി ഇതു നീക്കി.



