
കോഴിക്കോട്: ആരോഗ്യവകുപ്പിൽ എല്ലാം ശുഭമാണെന്നും ‘സിസ്റ്റം’ മാത്രമേ അൽപം പിഴച്ചിട്ടുള്ളൂ എന്നും അവകാശപ്പെടുന്ന അധികൃതർ ഈ കണക്ക് വായിക്കുക – സ്റ്റെന്റ്, ബലൂൺ, ഗൈഡ് വയർ തുടങ്ങി ഹൃദയചികിത്സയ്ക്കു വേണ്ട ഉപകരണങ്ങൾ വിതരണം ചെയ്ത വകയിൽ രാജ്യത്തെ വിവിധ കമ്പനികൾക്കു സർക്കാർ നൽകാനുള്ള കുടിശിക 114 കോടി രൂപ….
ഗവ. മെഡിക്കൽ കോളജുകളിലും ജില്ലാ ആശുപത്രി കാത്ത് ലാബുകളിലും ആശുപത്രി വികസന ഫണ്ട് ഉപയോഗിച്ചും വിവിധ സ്കീമുകളിൽ ഉൾപ്പെടുത്തിയും ഹൃദയചികിത്സ നടത്തിയ വകയിലാണ് ഇത്രയും തുക നൽകാനുള്ളത്. കുടിശിക കിട്ടാതെ പലയിടത്തും ഉപകരണ വിതരണം നിർത്താനുള്ള ഒരുക്കത്തിലാണ് കമ്പനികൾ….
കോഴിക്കോട് ജില്ലാ ആശുപത്രിയിൽ സ്റ്റെന്റ് വിതരണം നിർത്തിയതിനെ തുടർന്ന് 10 മാസത്തോളം ആൻജിയോപ്ലാസ്റ്റി നിർത്തിവച്ചിരുന്നു. മെഡിക്കൽ കോളജിലും സമാന തടസ്സം നേരിട്ടു. കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ നടത്തിയിരുന്ന ന്യായവില മെഡിക്കൽ ഷോപ്പിന് കുടിശിക 90 കോടി കവിഞ്ഞതിനെ തുടർന്ന് ഒരു മാസത്തോളം മരുന്നു വിതരണം നിർത്തി. കലക്ടറുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയെ തുടർന്ന് വിതരണം പുനഃസ്ഥാപിച്ചെങ്കിലും നൂറിലേറെ കമ്പനികൾ വിതരണം ചെയ്തിരുന്നത് ഇപ്പോൾ മുപ്പതിൽ താഴെയായി. ഇപ്പോഴും കുടിശിക മുഴുവൻ നൽകിയിട്ടില്ല. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളജുകളിലാണ് ഏറ്റവും കൂടുതൽ കുടിശിക. ഇതു മാത്രം 64 കോടി രൂപ വരും.

Whatsapp Group 1 | Whatsapp Group 2 |Telegram Group