ഡോ.ഹാരിസിന്റെ ആരോപണങ്ങൾ ശരിയോ?കോട്ടയം മെഡിക്കൽ കോളജിൽ തകർന്ന കെട്ടിടത്തിൽ നേരത്തേ രോഗികളെ പാർപ്പിച്ചിരുന്നോ? ഇതെന്നും ജനങ്ങൾ അറിയണ്ട;പൊതുതാൽപര്യമുള്ളവിഷയമല്ല; തിരുവനന്തപുരം, കോട്ടയം മെഡിക്കൽ കോളജുകളിലെ വീഴ്ച: അന്വേഷണ റിപ്പോർട്ടുകൾ പൂഴ്ത്തി ആരോഗ്യ വകുപ്പ്

Spread the love

തിരുവനന്തപുരം ∙ കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്ന് വീട്ടമ്മ മരിച്ച സംഭവത്തിലും
തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗത്തിൽ ഉപകരണങ്ങൾ ലഭ്യമാകാത്തതിനാൽ ശസ്ത്രക്രിയകൾ മുടങ്ങിയതും സംബന്ധിച്ച അന്വേഷണ റിപ്പോർട്ടുകൾ ആരോഗ്യ വകുപ്പ് പൂഴ്ത്തി.

ഇൗ 2 അന്വേഷണ റിപ്പോർട്ടുകളും ആവശ്യപ്പെട്ടുള്ള വിവരാവകാശ അപേക്ഷകൾക്ക് ‘തരില്ല’ എന്നാണ് ആരോഗ്യ വകുപ്പിന്റെ മറുപടി. വിവാദമായതും ജനങ്ങളെ നേരിട്ടു ബാധിക്കുന്നതുമായ വിഷയങ്ങളിലെ റിപ്പോർട്ടുകൾ ‘പൊതുതാൽപര്യമുള്ളതല്ല’ എന്ന വിചിത്രമായ കാരണം ചൂണ്ടിക്കാട്ടിയാണ് ആരോഗ്യ വകുപ്പ് പുറത്തുവിടാത്തത്.

ഇതു മന്ത്രിയുടെ ഓഫിസിൽ നിന്നുള്ള നിർദേശമനുസരിച്ചാണെന്നാണു വിവരം. റിപ്പോർട്ടിൽ ഉദ്യോഗസ്ഥർക്കെതിരെ ഗുരുതരമായ പരാമർശങ്ങളുണ്ടെന്നതാണ് അതു പൂഴ്ത്താൻ സർക്കാരിനെ പ്രേരിപ്പിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ.സി.എച്ച്.ഹാരിസിന്റെ തുറന്നെഴുത്തു വിവാദമായതോടെയാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ (ഡിഎംഇ) നിയോഗിച്ച നാലംഗ സമിതി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചത്. പലവട്ടം ആവശ്യപ്പെട്ടിട്ടും ഉപകരണങ്ങൾ ലഭ്യമാക്കിയില്ലെന്നും അതിനാൽ ശസ്ത്രക്രിയകൾ മുടങ്ങിയെന്നുമായിരുന്നു ആരോപണം.

സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിലെ പർച്ചേസിങ് സംവിധാനം പരിഷ്കരിക്കണം എന്നതുൾപ്പെടെയുള്ള ശുപാർശകളാണ് റിപ്പോർട്ടിലുള്ളതെന്നാണു വിവരം

ആലപ്പുഴ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.ബി.പത്മകുമാറിന്റെ നേതൃത്വത്തിൽ ഡോ.രഞ്ജു രവീന്ദ്രൻ, ഡോ.ടി.കെ.ജയകുമാർ, ഡോ.എസ്.ഗോമതി എന്നിവരടങ്ങുന്ന സമിതിയാണ് ഡിഎംഇക്ക് റിപ്പോർട്ട് സമർപ്പിച്ചത്.

കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്ന സംഭവത്തിൽ സർക്കാർ ആരെയും അന്വേഷണത്തിനു ചുമതലപ്പെടുത്തിയില്ലെങ്കിലും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ റിപ്പോർട്ട് കൈമാറിയിരുന്നു. ഇതും പുറത്തുവിടാൻ കഴിയില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ നിലപാട്.

ഉപകരണങ്ങൾ വേണമെന്ന യൂറോളജി വിഭാഗത്തിൽ നിന്നുള്ള ആവശ്യം നടപ്പാക്കുന്നത് വൈകാൻ കാരണമെന്ത്? ഫയൽ താമസിപ്പിച്ചത് ആര്? ഡോ.ഹാരിസിന്റെ ആരോപണങ്ങൾ ശരിയോ? മന്ത്രി ന്യായീകരിക്കുന്നതു പോലെ ഇൗ വൈകൽ സിസ്റ്റത്തിന്റെ പ്രശ്നമാണോ? എത്ര ശസ്ത്രക്രിയകൾ മാറ്റിവയ്ക്കേണ്ടി വന്നു?

കോട്ടയം മെഡിക്കൽ കോളജിൽ തകർന്ന കെട്ടിടത്തിൽ നേരത്തേ രോഗികളെ പാർപ്പിച്ചിരുന്നോ? പുതിയ കെട്ടിടത്തിലേക്കു മാറാനുള്ള തീരുമാനം നടപ്പാക്കുന്നതിൽ കാലതാമസമുണ്ടായോ. അന്വേഷണ റിപ്പോർട്ടുകൾ ലഭിച്ചാലേ ഇത് സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത വരും.