
കാന്‍സറില്ലാതെ കീമോതെറാപ്പി; ഡോക്ടര്‍മാര്‍ക്കും ലാബിനും എതിരെ രജനി പരാതി നല്‍കി ; ഡയനോവ ലാബിനും മെഡിക്കൽ കോളേജ് ആശുപത്രിക്കും എതിരെ പോലീസ് കേസ്
സ്വന്തംലേഖകൻ
കോട്ടയം : കാൻസറില്ലാത്ത യുവതിക്ക് കീമോതെറാപ്പി ചെയ്ത സംഭവത്തിൽ പൊലീസ് കേസെടുത്തു. യുവതിയുടെ പരാതിയിൽ ഐപിസി സെക്ഷൻ 336,337 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. രണ്ട് ഡോക്ടർമാർക്കും സിഎംസി ഡയനോവ ലാബുകൾക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആറ് മാസം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
കാൻസറില്ലാത്ത യുവതിക്ക് കാൻസർ ചികിൽസയും കീമോതെറാപ്പിയും നടത്തിയ സംഭവം ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. ആലപ്പുഴ കുടശനാട് സ്വദേശിനിയായ രജനിക്കായിരുന്നു കാൻസർ ചികിത്സ നൽകിയത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു ചികിത്സ. സ്വകാര്യ ലാബിലെ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ യുവതിക്ക് മെഡിക്കൽ കോളെജിൽ ചികിൽസ നടത്തിയെങ്കിലും പിന്നീട് തിരുവനന്തപുരം ആർസിസിയിൽ നടത്തിയ പരിശോധനയിൽ കാൻസറില്ലെന്ന് കണ്ടെത്തുകയായിരുന്നു.
മാറിടത്തിൽ കണ്ടെത്തിയ മുഴ കാൻസറാണെന്ന സംശയത്തെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിയെട്ടിനായിരുന്നു രജനി കോട്ടയം മെഡിക്കൽ കോളെജിൽ ചികിൽസ തേടിയത്. പരിശോധനയ്ക്കായി ശേഖരിച്ച സാംപിളുകളിൽ ഒരെണ്ണം മെഡിക്കൽ കോളെജ് പതോളജി ലാബിലും ഒരെണ്ണം സ്വകാര്യ ലാബിലേക്കും നൽകി. ഒരാഴ്ചക്കുള്ളിൽ ലഭിച്ച, കാൻസറുണ്ടെന്ന, സ്വകാര്യലാബിലെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ ഡോക്ടർമാർ ചികിൽസ ആരംഭിക്കുകയും കീമോതെറാപ്പിക്ക് നിർദ്ദേശിക്കുകയും ചെയ്തു. ആദ്യ കീമോതെറാപ്പിക്കുശേഷമാണ് കാൻസറില്ലെന്ന പതോളജി ലാബിലെ പരിശോധനാ ഫലം ലഭിച്ചത്.
വീഴ്ച ബോധ്യപ്പെട്ടതോടെ സ്വകാര്യലാബിൽ നൽകിയ സാംപിളും ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം തിരികെ വാങ്ങി പതോളജി ലാബിൽ പരിശോധിച്ചെങ്കിലും കാൻസർ കണ്ടെത്താനായില്ല. ഇതോടെ സാംപിളുകൾ തിരുവനന്തപുരം ആർസിസിയിൽ എത്തിച്ചും പരിശോധന നടത്തി. കാൻസർ കണ്ടെത്താനാകാതിരുന്നതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി മുഴ നീക്കം ചെയ്യുകയായിരുന്നു.