
കോഴിക്കോട്: ശമ്പള പരിഷ്കരണം കുടിശ്ശിക അന്യായമായി നീട്ടിവയ്ക്കുന്നതടക്കം ചൂണ്ടിക്കാട്ടി സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ അനിശ്ചിതകാലത്തേക്ക് സമരത്തിൽ.
ഫെബ്രുവരി 9 മുതൽ അനിശ്ചിതകാല ഒപി ബഹിഷ്കരണം തുടരുന്നതിനോടൊപ്പം അനിശ്ചിതകാലത്തേക്ക് അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിർത്തിവയ്ക്കും. ജനുവരി 27 ന് ഒ.പി ബഹിഷ്കരണത്തോടൊപ്പം അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും മറ്റുചികിത്സ നടപടികളും നടത്തില്ല.
ഫെബ്രുവരി 11 മുതൽ യൂണിവേഴ്സിറ്റി പരീക്ഷ ജോലികൾ ബഹിഷ്കരിക്കും. ആരോഗ്യ സേവനങ്ങളായ ക്യാഷ്വാലിറ്റി, ലേബർ റൂം, ഐസിയു, അടിയന്തരശാസ്ത്രക്രിയകൾ, പോസ്റ്റ്മോർട്ടം പരിശോധന എന്നിവയെ പ്രതിഷേധ പരിപാടികളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ശമ്പള പരിഷ്കരണം കുടിശിക പൂർണമായി നൽകിയിട്ടും മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ ശമ്പള പരിഷ്കരണം അന്യായമായി നീട്ടിവയ്ക്കുന്നത് അവസാനിപ്പിക്കുക, ശമ്പള പരിഷ്കരണം ഉത്തരവിലെ അപാകതകൾ പരിഹരിക്കുക, അന്യായമായ പെൻഷൻ സീലിംഗ്, കൂട്ടസ്ഥലം മാറ്റങ്ങൾ ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സമരം.



