
തിരുവനന്തപുരം: വൃക്കയിലെ കല്ല് നീക്കിയതിനെ തുടർന്ന് വീട്ടമ്മ മരിച്ച സംഭവത്തിൽ ചികിത്സ പിഴവുണ്ടെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ആറാലുംമൂട്, അഴകത്തല വിഷ്ണുഭവനില്‍ കുമാരി (55) ആയിരുന്നു മരിച്ചത്.
കാരക്കോണം മെഡിക്കല്‍ കോളെജില്‍ ശനിയാഴ്ച ഉച്ചയോടെയാണ് വീട്ടമ്മ മരിച്ചത്. അനസ്തേഷ്യ നല്‍കിയതില്‍ ഉള്‍പ്പെടെയുള്ള ചികിത്സാ പിഴവാണ് മരണകാരണമെന്ന് ആരോപിച്ചാണ് ബന്ധുക്കള്‍ വെള്ളറട പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തിൽ കേസെടുത്ത പൊലീസ് പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടിയെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്നും പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് കുമാരിയുടെ മരണമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. വൃക്കയിലെ കല്ലുമായി ബന്ധപ്പെട്ട ചികിത്സക്കായാണ് കുമാരി കാരക്കോണം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സ തേടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒമ്പതാം തീയതി ശസ്ത്രക്രിയയ്ക്ക് വേണ്ടി ഇവര്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആയി. തുടര്‍ന്ന് ശനിയാഴ്ച കുമാരിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. കുമാരിയുടെ മരണം ചികിത്സാ പിഴവ് മൂലമാണെന്നും, ശരീരത്തില്‍ ശസ്ത്രക്രിയ നടത്തിയ പാടുകള്‍ ഇല്ലെന്നും കുടുംബം ആരോപിച്ചു.
പക്ഷേ ലേസര്‍ തരംഗങ്ങള്‍ കൊണ്ട് സ്റ്റോണ്‍ മാറ്റുന്ന ലിത്തോട്രിപ്സി എന്ന ശസ്ത്രക്രിയ ആണ് കുമാരിക്ക് നടത്തിയതെന്നും ഇതുകൊണ്ടാണ് ശരീരത്തില്‍ ശസ്ത്രക്രിയയുടേതായി മുറിവുകള്‍ കാണാതിരുന്നതെന്നുമാണ് ആശുപത്രിയുടെ വിശദീകരണം.
നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ച മൃതദേഹം ആര് ഡി ഒയുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് വെള്ളറട പൊലീസ് അറിയിച്ചു.