മെഡിക്കൽ ക്യാമ്പിലേക്ക് എത്തിച്ച ആയുർവേദ മരുന്നുകളുടെ മണം പിടിച്ചെത്തിയ ആന കൊതി മൂത്ത് മുഴുവനും അകത്താക്കി ; അവസാനമെത്തിയ സംഘാടകർക്ക് മിച്ചം കിട്ടിയത് ആനപിണ്ടവും കാലിയായ മരുന്നുകുപ്പികളും
സ്വന്തം ലേഖകൻ
തൃശൂർ : മെഡിക്കൽ ക്യാമ്പിലേയ്ക്കായി എത്തിച്ച ആയുർവേദ മരുന്നിന്റെ മണം പിടിച്ചെത്തിയ ആന കൊതി മൂത്ത് മരുന്നുകൾ മുഴുവൻ അകത്താക്കി. അവസാനമെത്തിയ മെഡിക്കൽ ക്യാമ്പ് സംഘാടകർക്ക് മിച്ചം കിട്ടിയത് ആനപിണ്ടവും കാലിയായ മരുന്നുകുപ്പികളും.തൃശൂർ എരുമപ്പെട്ടിയിലാണ് സിനിമയിൽ കാണുന്ന രംഗത്തെ അനുസ്മരിപ്പിയ്ക്കുന്ന തരത്തിൽ രസകരമായ സംഭവം നടന്നത്.
സംഭവം അറിഞ്ഞതോടെ ആനയുമായി പാപ്പാൻമാർ സ്ഥലം വിടുകയായിരുന്നു.ഇതോടെ സംഘാടകർ മെഡിക്കൽ ക്യാമ്പ് നിർത്തിവെച്ചു. കൊച്ചിൻ ദേവസ്വം ബോർഡിന്റെ അധീനതയിലുളള നെല്ലുവായ് ശ്രീധന്വന്തരി ഡിസ്‌പെൻസറിയിൽ ആയുർവേദ മെഡിക്കൽ ക്യാംപ് നടത്താൻ തീരുമാനിച്ചിരുന്നു. വയോജനങ്ങൾക്കായിരുന്നു ക്യാമ്പ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിനായി ആയുർവേദ മരുന്നുകൾ സൂക്ഷിച്ചിരുന്നു. സമീപത്തെ ക്ഷേത്രത്തിൽ തൊഴാൻ വന്ന ആനയെ രാത്രിയിൽ കെട്ടിയിട്ടിരുന്നത് ഈ ഡിസ്‌പെൻസറിയ്ക്കു സമീപമായിരുന്നു. ദുർബലമായ വേലിയിലായിരുന്നു ആനയെ ചങ്ങലയ്ക്കിട്ടത്.
ആയുർവേദ മരുന്നിന്റെ മണം തിരിച്ചറിഞ്ഞാകണം ആന ജനലിലൂടെ തുമ്പിക്കൈ ഇട്ട് കുപ്പികളെടുത്തു മരുന്നുകൾ കുടിച്ചു . ചിലതാകട്ടെ പൊട്ടി മരുന്ന് പുറത്തു പോയി. രാവിലെ ഡിസ്‌പെൻസറിയിൽ വന്ന സംഘാടകർ ഇതു കണ്ട് ഞെട്ടി. മരുന്നൊന്നും ബാക്കിയില്ല. വയോജന മെഡിക്കൽ ക്യാമ്പ് ഇതോടെ മാറ്റിവച്ചു.
പാപ്പാൻമാരാകട്ടെ നേരം വെളുക്കും മുമ്പ് ആനയുമായി സ്ഥലം വിട്ടു. ആനയുടെ തുമ്പിക്കൈ തട്ടിയതിന്റെ അടയാളങ്ങളും ആന പിണ്ടവും മാത്രം ബാക്കി. പാപ്പാൻമാർക്കെതിരെ പൊലീസിന് പരാതി നൽകാനാണ് സംഘാടകരുടെ തീരുമാനം