
തലയോലപ്പറമ്പ്: പൊതുപണിമുടക്ക് ദിനമായിരുന്നിട്ടും വൻ ജനപങ്കാളിത്തത്തോടെ തലയോലപ്പറമ്പിൽ സൗജന്യ നേത്ര-കേൾവി പരിശോധന ക്യാമ്പ് നടന്നു.
കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (സി.ഒ.എ) കോട്ടയം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച്, കുറവിലങ്ങാട് മേഖലയുടെയും തിരുവല്ല ഐ മൈക്രോ സർജറി ആൻഡ് ലേസർ സെന്റർ കണ്ണാശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
തലയോലപ്പറമ്പ് കരിപ്പാടം ആർബി കെയർ ഫൗണ്ടേഷനിൽ വെച്ച് നടന്ന ചടങ്ങ് വെള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജിത യൂസഫ് ഉദ്ഘാടനം ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്യാമ്പിനോടനുബന്ധിച്ച് നടന്ന സമ്മേളനത്തിൽ ജനപ്രതിനിധികളും സി.ഒ.എ ഭാരവാഹികളും പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.എൻ. ബാബു, രാഹുൽ എന്നിവരും സി.ഒ.എ കോട്ടയം ജില്ലാ പ്രസിഡന്റ് ഓ.വി. വർഗീസ്, ട്രഷറർ അനീഷ് എൻ., കുറവിലങ്ങാട് മേഖലാ പ്രസിഡന്റ് പ്രസാദ് വി.എൻ, സെക്രട്ടറി ജോബി, ട്രഷറർ രജിഷ് എ.പി, ഗോപാലകൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
രാവിലെ 9.30-ന് ആരംഭിച്ച ക്യാമ്പ് ഉച്ചയ്ക്ക് 1 മണിക്ക് അവസാനിപ്പിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ, പണിമുടക്ക് വകവെക്കാതെ പരിശോധനയ്ക്കായി എത്തിയവരുടെ വൻ തിരക്ക് പരിഗണിച്ച് സമയം വൈകുന്നേരം 4 മണി വരെ നീട്ടി നൽകുകയായിരുന്നു. നൂറുകണക്കിന് ആളുകളാണ് വിദഗ്ദ്ധ പരിശോധനയ്ക്കായി ക്യാമ്പിലെത്തിയത്.
ഒപ്പം ക്യാമ്പിൽ പങ്കെടുത്തവർക്ക് ആയി കുറവിലങ്ങാട് മേഖല സി.ഒ.എയുടെ നേതൃത്വത്തിൽ ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു. ആർബി കെയർ ഫൗണ്ടേഷനിൽ എത്തിയ നൂറോളം പേർക്ക് ഉച്ചഭക്ഷണം നൽകാൻ സാധിച്ചത് ക്യാമ്പിന്റെ മാറ്റ് കൂട്ടി.
കണ്ണ് പരിശോധന ക്യാമ്പിൽ 17 വയസ്സിന് താഴെയുള്ള കണ്ണട ആവശ്യമായി വരുന്ന കുട്ടികൾക്ക് സൗജന്യമായി കണ്ണട നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.
കാരുണ്യ പ്രവർത്തനങ്ങളിലും സാമൂഹിക പ്രതിബദ്ധതയിലും കേബിൾ ടിവി ഓപ്പറേറ്റർമാർ മാതൃകയാണെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.



