
സംസ്ഥാനത്ത് പോത്തിറച്ചിയുടെ വില കുതിച്ചുയരുന്നു ; വിലവര്‍ദ്ധനവിന് പിന്നില്‍ ഗുണ്ടാ പിരിവ് മുതല്‍ കന്നുകാലി ക്ഷാമം വരെ ; മാട്ടിറച്ചിക്ക് ഡിമാൻഡ് കൂടിയതോടെ സുനാമി ഇറച്ചിയും വ്യാപകമായി എത്തുന്നു ; പോത്തിറച്ചിക്കൊപ്പം പന്നിയിറച്ചിയുടെ വിലയും 400 രൂപയിൽ എത്തി
സ്വന്തം ലേഖകൻ
കോട്ടയം: ഗുണ്ടാപിരവ് നല്‍കാനില്ല, പോത്തിറച്ചിയുടെ വില സംസ്ഥാനത്ത് കുതിച്ചുയരുന്നു. പോത്തിറച്ചിയുടെ വില പലയിടങ്ങളിലും 420 രൂപ വരെയായി. പന്നിയിറച്ചി വില 400 രൂപയിലെത്തി.
കാലികളെ കിട്ടാനില്ലെന്നതും ഇതര സംസ്ഥാനങ്ങളില്‍ നിന്നു കാലികളെ എത്തിക്കുമ്പോഴുള്ള ഗുണ്ടാ പിരിവുമാണു പോത്തിറച്ചി വില വര്‍ധനയ്ക്കു കാരണം. കാലികളില്‍ പോത്തിന്റെ ക്ഷാമം രൂക്ഷമാണെന്നും വ്യാപാരികള്‍ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആന്ധ്രാപ്രദേശ്, ഒഡിഷ, തമിഴ്‌നാട്, കര്‍ണാടക, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് കന്നുകാലികളെത്തുന്നത്. തെരഞ്ഞെടുപ്പു കാരണവും കന്നുകാലികളുടെ ക്ഷാമംമൂലവും ഇതു പകുതിയായി കുറയുകയായിരുന്നു.
സംസ്ഥാനത്ത് മാട്ടിറച്ചി ഏറ്റവും കൂടുതല്‍ വില്‍ക്കുന്നത് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ്. മാട്ടിറച്ചിക്ക് ഡിമാൻഡ് കൂടിയതോടെ കമ്പംമെട്ട്, കുമളി എന്നിവിടങ്ങളിലൂടെ സുനാമി ഇറച്ചിയും (ചത്ത ഉരുക്കളുടെ ) മീൻ ലോറികളില്‍ എത്തുന്നുണ്ടെന്ന പരാതി വ്യാപകമാണ്.
ആരോഗ്യവകുപ്പ് പരിശോധന ഇല്ലാത്തതിനാല്‍ ഹോട്ടലുകള്‍, ആശുപത്രി ക്യാന്റീൻ, കോള്‍ഡ് സ്റ്റോറേജുകള്‍ എന്നിവിടങ്ങളില്‍ ഇവ വ്യാപകമായി എത്തുന്നുണ്ട്.
ഇതരസംസ്ഥാനങ്ങളിലെ പ്രാദേശിക വിപണികളില്‍ നിന്നു കന്നുകാലികളെ കൂടിയവിലയ്ക്കു വാങ്ങിയാണ് ഇപ്പോള്‍ എത്തിക്കുന്നത്. ഇത്തരത്തില്‍ കന്നുകാലികളെ എത്തിക്കുമ്പോള്‍ പ്രാദേശിക ഗുണ്ടകള്‍ക്കു നല്ലൊരു തുക പിരിവു നല്‍കണം.
ചിലയിടങ്ങളില്‍ വാഹനം പലഭാഗങ്ങളിലായി തടഞ്ഞു നിര്‍ത്തി ഗുണ്ടാ പിരിവു നല്‍കേണ്ടിവരും. ഇതോടെ പോത്തിറച്ചി വില വര്‍ധിപ്പിക്കാതെ മറ്റു മാര്‍ഗങ്ങളില്ലെന്നും വ്യാപാരികള്‍ പറയുന്നു.
പോത്തിറച്ചിക്കൊപ്പം പന്നിയിറച്ചി വില കഴിഞ്ഞയാഴ്ചയാണു മിക്ക സ്ഥലങ്ങളിലും 400 രൂപയിലെത്തി. പന്നിവളര്‍ത്തല്‍ കുറഞ്ഞതും, പന്നികളെ വ്യാപകമായി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കു കൊണ്ടുപോകുന്നതും വില വര്‍ധനവിനു കാരണമാകുന്നുണ്ട്.
കോഴിയിറച്ചി വില 180 രൂപയിലായിട്ടു ദിവസങ്ങളായി. വില കുറയുന്നതിന്റെ സൂചനയൊന്നും വ്യാപാരികള്‍ നല്‍കുന്നതുമില്ല. പച്ചമീന്‍ വിലയും കുതിപ്പിന്റെ പാതയില്‍ തന്നെയാണ്.