
കോട്ടയം: കടലിൽ മുങ്ങിയ കപ്പലിലെ കണ്ടെയ്നറുകളിൽ ഉണ്ടായിരുന്ന രാസപദാർത്ഥങ്ങൾ ചോർന്നേക്കാമെന്ന ആശങ്കയിൽ മത്സ്യ വില്പനയിൽ ഇടിവുണ്ടായി. ഇതോടെ കച്ചവടക്കാർ ഇറച്ചിവില കുത്തനെ കൂട്ടി. വലിയ പെരുന്നാൾ അടുത്തെത്തുന്നതിനാലും ആവശ്യക്കാർ കൂടിയതിനാലും കോഴി, ആട്, മാട്ടിറച്ചികൾക്ക് വലിയ വിലക്കയറ്റമാണ് ഉണ്ടായത്.
120 മുതൽ 130 രൂപവരെയുണ്ടായിരുന്ന കോഴി വില 155 മുതൽ 160 രൂപയായി ഉയർന്നു. കോഴിമുട്ടയുടെ വില 5.50 രൂപയിൽ നിന്ന് 7 രൂപയായി. മാട്ടിറച്ചി 400 രൂപയിൽ നിന്ന് 420 മുതൽ 460 രൂപവരെയായി. അതേസമയം, ആട്ടിറച്ചിയുടെ വില 850 രൂപയിൽ നിന്ന് 900 മുതൽ 950 രൂപ വരെ ഉയർന്നിട്ടുണ്ട്.
അതേസമയം, കടൽമത്സ്യങ്ങളിൽ രാസമാലിന്യങ്ങളുണ്ടെന്ന ആശങ്ക ഉപഭോക്താക്കളിൽ വർദ്ധിച്ചതോടെ കായൽമത്സ്യങ്ങൾക്കും നാടൻ മത്സ്യങ്ങൾക്കും ഉയർന്ന ആവശ്യകതയുണ്ടായി. കരിമീൻ വില 400-450 രൂപയില്‍ നിന്ന് 550-600 രൂപയായി. മുരശ്,വരാല്‍,കാരി ,മുശി ,വാള ,കൂരി എന്നിവയുടെ വിലയും ഉയർന്നു .ചെമ്മീൻ വില 400 കടന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാലാവസ്ഥ പ്രതികൂലമായതോടെ വള്ളമിറക്കാൻ കഴിയാത്തതോടെ കടല്‍ മീൻ വിലയും കൂടി. ലഭ്യത കുറഞ്ഞതോടെ സാധാരണക്കാരുടെ ഇഷ്ടവിഭവമായ മത്തി വില 300-350 വരെയെത്തി. അയല, കിളിമീൻ ഇനങ്ങളും 300 കടന്നു. നെയ്മീൻ കിലോക്ക് 1000 കടന്നു . വറ്റ, മോത, കാളാഞ്ചി 700-800 റേഞ്ചിലാണ്.