മുകേഷിനെതിരേ കൂടുതൽ ആരോപണങ്ങൾ; തിരഞ്ഞെടുപ്പ് കാലത്ത് ആദ്യ ഭാര്യ സരിത ഉയർത്തിയ ആരോപണങ്ങൾ ശരിവയ്ക്കുന്നു
സ്വന്തം ലേഖകൻ
കൊച്ചി: നടൻ മുകേഷ് തന്നോട് അപമര്യാദയായി പെരുമാറിയെന്ന സിനിമാ അണിയറ പ്രവർത്തകയുടെ ആരോപണത്തിന് പിന്നാലെ കൂടുതൽ തുറന്നുപറച്ചിലുമായി മാധ്യമ പ്രവർത്തക. മുകേഷിനെതിരെയുള്ളത് ഒറ്റപ്പെട്ട ആരോപണമല്ലെന്നും നിരവധി പെൺകുട്ടികൾക്ക് നേരെ ഇദ്ദേഹം മോശമായി പെരുമാറിയിട്ടുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ഇവർ ആരോപിക്കുന്നു.
താരത്തിന്റെ അഭിമുഖം തയ്യാറാക്കാനായി എത്തിയ ഒരു മലയാളി മാധ്യമ പ്രവർത്തകയോട് മുകേഷ് ലൈംഗികച്ചുവയോടെ സംസാരിച്ചു. പെൺകുട്ടിക്ക് താത്പര്യമില്ലാതിരുന്നിട്ടും താരം അവരുടെ തോളിൽ കൈയ്യിട്ടുവെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു.19 വർഷം മുമ്പ് ചെന്നൈയിൽവച്ച് ചാനൽ പരിപാടിയുടെ ചിത്രീകരണത്തിനിടെ മോശം പെരുമാറ്റമുണ്ടായെന്ന് മുംബയിലെ കാസ്റ്റിംഗ് ഡയറക്ടറായ ടെസ് ജോസഫാണ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. പരിപാടിയുടെ അവതാരകനായ മുകേഷ് നിരന്തരം വിളിച്ച് ശല്യപ്പെടുത്തുകയും ഹോട്ടലിൽ അദ്ദേഹം തങ്ങിയ മുറിയുടെ തൊട്ടടുത്ത മുറിയിലേക്ക് മാറാൻ നിർബന്ധിച്ചുവെന്നും അന്ന് ഇരുപതു വയസുള്ള ടെസ് ജോസഫ് പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫോണിലൂടെ നിരന്തരം വിളിവന്നതിനെ തുടർന്ന് പരിപാടിയിൽ നിന്ന് പിന്മാറി. തന്റെ മേധാവിയും ഇപ്പോൾ തൃണമൂൽ കോൺഗ്രസ് എം.പിയുമായ ഡെറിക്ക് ഒബ്രെയിനോട് വിവരം പറഞ്ഞു. അദ്ദേഹം അടുത്ത വിമാനത്തിൽ കൊൽക്കത്തയിലേക്ക് മടങ്ങാൻ ടിക്കറ്റ് അയച്ചുതന്ന് സഹായിച്ചെന്നും ടെസ് വെളിപ്പെടുത്തി. എന്നാൽ ഇങ്ങനെയൊരു കാര്യം തന്റെ ഓർമയിലില്ലെന്നാണ് താരത്തിന്റെ പ്രതികരണം. സ്വന്തം കുടുംബത്തെ തിരിഞ്ഞു നോക്കാത്ത, മദ്യപനും പണത്തോട് ആർത്തിയുള്ള ആളാണ് മുകേഷ്. ഇങ്ങനെയുള്ള ആൾ എങ്ങനെ ജനപ്രതിനിധി ആകുമെന്നായിരുന്നു കൊല്ലത്തെ തെരഞ്ഞെടുപ്പ് കാലത്ത് മുകേഷിന്റെ മുൻ ഭാര്യ സരിത ഉയർത്തിയ ആരോപണം. ഇതിനൊപ്പമാണ് സ്ത്രീകളെ ബഹുമാനിക്കാൻ അറിയാത്ത വ്യക്തിത്വമാണ് മുകേഷിന്റേത്, അവരെ ദ്രോഹിക്കുന്ന ക്രൂരനായ വ്യക്തിയാണ് അദ്ദേഹമെന്നുമുള്ള സരിതയുടെ മുൻ പ്രസ്താവനയും സോഷ്യൽ മീഡിയ ചർച്ചയാക്കുന്നത്.
വിവാഹം കഴിഞ്ഞതു മുതൽ അയാൾ എന്നെ ബുദ്ധിമുട്ടിക്കുമായിരുന്നു. തന്നെ മാനസികമായും ശാരീരികമായും മുകേഷ് ഒരുപാട് പീഡിപ്പിച്ചു. മുകേഷിന്റെ സഹോദരിയും പണത്തോട് ആർത്തി കാണിക്കുന്നവരാണ് എന്നും സരിത ആരോപിച്ചിരുന്നു. തന്റെ മക്കളെ നോക്കാൻ സഹോദരിക്ക് ശമ്പളം നൽകാൻ പോലും മുകേഷ് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ പിതാവ് ഒ. മാധവനോടുള്ള ബഹുമാനം കൊണ്ട് മാത്രമാണ് ആദ്യ നാളുകളിൽ മൗനം പാലിച്ചത്.
കുട്ടികളുടെ അച്ഛൻ എന്ന നിലയിൽ മാനസികമായോ സാമ്പത്തികമായോ യാതൊരു പിന്തുണയും മുകേഷിൽ നിന്ന് ലഭിച്ചിട്ടില്ല. ഒരുപാട് ദേഹോപദ്രവവും ഏറ്റിട്ടുണ്ട്. ഇപ്രകാരം തന്നെ മർദിക്കുന്നത് മക്കൾ കാണാതിരിക്കാനാണ് കുട്ടികളെ ബോർഡിങ്ങിലാക്കിയതെന്നും സരിത പറഞ്ഞിരുന്നു. മുകേഷ് കടുത്ത മദ്യപനാണ്. അന്യ സ്ത്രീകളെ പോലും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നിരുന്നു. അവരെല്ലാം കുടുംബജീവിതം നയിക്കുന്നവരാണെന്നതിനാൽ പേര് വെളിപ്പെടുത്തുന്നില്ല. ലോകത്ത് മറ്റൊരു സ്ത്രീയും എന്നെപ്പോലെ സ്വന്തം ഭർത്താവിൽ നിന്ന് പീഡനം ഏറ്റിട്ടില്ലെന്നും സരിത പറഞ്ഞിരുന്നു.
മീ ടൂ കാംപയിനിൽ മുകേഷും പെടുമ്പോൾ സരിതയുടെ ഈ വാക്കുകളാണ് കൂടുതൽ ചർച്ചയാകുന്നത്.മലയാള സിനിമാ ലോകം സാക്ഷ്യം വഹിച്ച മറ്റൊരു പ്രണയ തകർച്ചയായിരുന്നു മുകേഷിന്റെയും സരിതയുടേയും. പിന്നീട് മുകേഷ് നർത്തകിയായ മേതിൽ ദേവകിയെ ജീവിത സഖിയാക്കി. വിവാഹ മോചനം കോടതിയുടെ പരിഗണനയിലായിരിക്കെയാണ് മേതിൽ ദേവികയെ മുകേഷ് ജീവിത സഖിയാക്കിയതെന്ന ആരോപണവുമായി സരിത എത്തി. ഇത് ഏറെ വിവദങ്ങളും ഉണ്ടായി. ഇതൊക്കെ കള്ളക്കഥയെന്ന് മുകേഷും പറഞ്ഞു.