എം.ഡി.എം.എ ബസ്സിൽ കടത്തി ; പിടിയിലായത് അടൂര്‍ സ്വദേശികളായ രണ്ട് യുവാക്കള്‍ ; രണ്ട് പേരേയും കൂട്ടി തെളിവെടുപ്പും നടത്തി, മാധ്യമങ്ങള്‍ക്ക് വിവരവും നല്‍കി ; പൊലീസ് ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് പുറത്തു വിട്ടപ്പോള്‍ പ്രതിപട്ടികയിൽ ഒരു പ്രതി മാത്രം; മലക്കം മറിഞ്ഞ് നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി
സ്വന്തം ലേഖകൻ
തിരുവല്ല: ബാംഗ്ലൂരില്‍ നിന്നും അടൂരിലേക്ക് പോവുകയായിരുന്ന അന്തർ സംസ്ഥാന സര്‍വീസ് ബസില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി അടൂര്‍ സ്വദേശികളായ രണ്ട് യുവാക്കള്‍ തിരുവല്ല പൊലീസിന്റെ പിടിയിൽ. തെളിവെടുപ്പും നടത്തി. രണ്ടു പ്രതികളുണ്ടെന്ന് മാധ്യമങ്ങള്‍ക്ക് വിവരവും നല്‍കി. എന്നാൽ വൈകുന്നേരം ജില്ലാ പോലീസ് മേധാവിയുടെ പത്രക്കുറിപ്പ് ഇറങ്ങിയപ്പോൾ പ്രതിയായുള്ളത് ഒരാള്‍ മാത്രം. എന്തു സംഭവിച്ചുവെന്ന് ചോദിച്ചപ്പോള്‍ നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി മലക്കം മറിഞ്ഞു.
അടൂര്‍ പഴകുളം വലിയവിളയില്‍ ഫൈസല്‍ മുഹമ്മദിനെ (24)11 ഗ്രാം എംഡിഎംഎയുമായി അറസ്റ്റ് ചെയ്തുവെന്നാണ് ജില്ലാ പോലീസ് മേധാവിയുടെ വാര്‍ത്താക്കുറിപ്പ്. അതേ സമയം ഇയാള്‍ക്കൊപ്പം കസ്റ്റഡിയിൽ എടുത്ത് തെളിവെടുത്ത് നടത്തിയ 21 കാരന്റെ പേര് പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവല്ല -ചെങ്ങന്നൂര്‍ റോഡില്‍ മഴുവങ്ങാട്ചിറയ്ക്ക് സമീപം പുളിമൂട്ടില്‍ സില്‍ക്സിന് മുമ്പിലായി ചൊവ്വാഴ്ച രാവിലെ 9 മണിയോടെ ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാന്‍സാഫ് സംഘവും തിരുവല്ല പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ആണ് ബസ്സിന്റെ ലഗേജ് കമ്ബാര്‍ട്ട്മെന്റ് ഷൂസിലും ബാഗിനുള്ളില്‍ സൂക്ഷിച്ചിരുന്ന പാന്റിന്റെ പോക്കറ്റിലും ഒളിപ്പിച്ച നിലയിലാണ് എംഡിഎംഎ പിടികൂടിയത്.
പിടിയിലായ ഫൈസല്‍ മുഹമ്മദിന് എതിരെ എംഡിഎംഎ, കഞ്ചാവ് കടത്ത് അടക്കമുള്ള ഒട്ടനവധി കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. ഇരുവരുടെയും കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തിരുന്നു. ഒപ്പമുണ്ടായിരുന്ന യുവാവിന് വേണ്ടി ബന്ധുക്കള്‍ സ്റ്റേഷനില്‍ എത്തിയിരുന്നുവെന്ന് പറയുന്നു.
ഇതിന് ശേഷമാണ് പോലീസിന്റെ തിരക്കഥ മാറി മറിഞ്ഞത്. രണ്ടു യുവാക്കളെയും വിലങ്ങണിയിച്ച് തെളിവെടുക്കുന്ന ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ പകര്‍ത്തിയിരുന്നു. ഒരു പ്രതിയായി ചുരുങ്ങിയതിനെ തുടര്‍ന്ന് നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പിയെ വിളിച്ചപ്പോള്‍ വ്യക്തമായ മറുപടി ലഭിച്ചില്ല.
എംഡിഎംഎ കൈവശം വച്ചിരുന്നയാളെ മാത്രമേ അറസ്റ്റ് ചെയ്യാന്‍ കഴിയുകയുള്ളൂ. രണ്ടാമനെതിരേ അന്വേഷണം ഉണ്ടാകും. അത് അന്വേഷിക്കേണ്ടത് തിരുവല്ല പോലീസാണെന്നും സ്വാധീനമൊന്നും ഉണ്ടായിട്ടില്ലെന്നും നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി ജെ. ഉമേഷ്‌കുമാര്‍ പറഞ്ഞു.