
യുവാക്കൾക്ക് എംഡിഎംഎ വിൽപ്പന; സ്ഥലത്തിലെ പ്രധാനിയെ ബാംഗ്ലൂരിൽ നിന്നും പിടികൂടി കോട്ടയം വെസ്റ്റ് പോലീസ്; പിടിയിലായത് കാരാപ്പുഴ സ്വദേശി
സ്വന്തം ലേഖിക
കോട്ടയം: മാരകമയക്കുമരുന്നായ എംഡിഎംഎ യുവാക്കൾക്ക് എത്തിച്ചു കൊടുക്കുന്നതിലെ പ്രധാനിയെ ബാംഗ്ലൂരിൽ നിന്നും പോലീസ് പിടികൂടി.
കാരാപ്പുഴ പയ്യംപള്ളിച്ചിറ വീട്ടിൽ ഗണേഷ് മകൻ സുന്ദർ. ജി (26) നെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞമാസം പതിനെട്ടാം തീയതി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോട്ടയം വെസ്റ്റ് പോലീസും, ഡാൻസാഫ് ടീമും ചേർന്ന് നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി കാഞ്ഞിരം മലരിക്കൽ സ്വദേശിയായ അക്ഷയ് സി. വിജയ് എന്നയാളെ പിടികൂടിയിരുന്നു.
ഇയാളെ ചോദ്യം ചെയ്തതിൽ നിന്നുമാണ് ഇയാൾക്ക് ബാംഗ്ലൂരിൽ എംഡിഎംഎ എത്തിച്ചു കൊടുത്തിരുന്നത് സുന്ദർ ആണെന്ന് മനസ്സിലാക്കുകയും ,ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീം അംഗങ്ങൾ സുന്ദറിനെ ബാംഗ്ലൂരിലെ മടിവാളയിൽ നിന്നും പിടികൂടുകയായിരുന്നു.
കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ അനൂപ് കൃഷ്ണ, എസ്.ഐ ശ്രീജിത്ത്. ടി എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിക്ക് വെസ്റ്റ് സ്റ്റേഷനിൽ രണ്ട് എൻ.ഡി.പി.എസ് കേസുകൾ നിലവിലുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.