
പന്തളം: എംഡിഎംഎ കച്ചവടം ചെയ്യുന്നതിനിടെ യുവതി അടക്കം അഞ്ചംഗ സംഘം പിടിയില്‍. അടൂര്‍ പറക്കോട് ഗോകുലം വീട്ടില്‍ മോനായി എന്ന രാഹുല്‍ (29), കൊല്ലം കുന്നിക്കോട് അസ്മിന മന്‍സിലില്‍ ഷാഹിന (23), പള്ളിക്കല്‍ പെരിങ്ങനാട് ജലജു വിലാസം ആര്യന്‍ (21), പന്തളം കുടശനാട് പ്രസന്ന ഭവനം വിധു കൃഷ്ണന്‍(20), കൊടുമണ്‍ കൊച്ചുതുണ്ടില്‍ സജിന്‍ (20) എന്നിവരാണ് പിടിയിലായത്.
ജില്ലാ പൊലീസ് മേധാവിയുടെ ഡാന്‍സാഫ് ടീമിന്റെ പരിശോധനയിലാണ് അഞ്ചംഗ സംഘം പിടിയിലായത്. പന്തളം മണികണ്ഠനാല്‍ത്തറയ്ക്ക് സമീപം റിവര്‍ വോക്ക് ഹോട്ടലില്‍ നിന്നും ശനിയാഴ്ച ഉച്ചയോടെയാണ് നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്‌പി കെ.എ. വിദ്യാധരന്റെ നേതൃത്വത്തില്‍ 154 ഗ്രാം എം.ഡി.എം.എ പിടികൂടിയത്.
കേരളത്തില്‍ ഇതു വരെ നടന്നതില്‍ വച്ച് ഏറ്റവും വലിയ മയക്കു മരുന്ന് വേട്ടയാണിതെന്ന് പൊലീസ് പറഞ്ഞു. ഹോട്ടൽ മുറിയില്‍ നിന്ന് പായ്ക്കറ്റ് കണക്കിന് കോണ്ടവും വൈബ്രേറ്റര്‍ പോലെയുള്ള ലൈംഗിക ഉപകരണങ്ങളും കണ്ടെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വെള്ളിയാഴ്ച വൈകിട്ടാണ് ഷാഹിനയെയും കൂട്ടി മോനായി ഇവിടെ മുറിയെടുത്തത്. ഇവിടേക്ക് പുറമേ നിന്ന് ചിലരും എത്തിയിരുന്നു. ജല്ലാ പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫ് ടീം പരിശോധന നടത്തിയത്. പിടിയിലായവരെല്ലാം മയക്കുമരുന്നിന്റെ കാരിയര്‍മാരാണ്.
ബംഗളൂരുവില്‍ നിന്നാണ് എംഡിഎംഎ എത്തിച്ചത് എന്നാണ് ഇവര്‍ പറഞ്ഞത്. 154 ഗ്രാം കൊമേഴ്സ്യല്‍ പര്‍പ്പസിന് ഉപയോഗിക്കുന്നതാണ്.
ചെറിയ ഗ്രാം തൂക്കത്തില്‍ നാടിന്റെ പലഭാഗത്തായി മയക്കു മരുന്ന് എത്തിച്ചു നല്‍കുകയാണ് കാരിയര്‍മാര്‍ ചെയ്യുന്നത്. 10 ഗ്രാമിന്റെ ചെറിയ പൊതികളാക്കിയാല്‍ പിടികൂടപ്പെട്ടാലും ജാമ്യം കിട്ടും. പന്തളത്തെ ഹോട്ടലില്‍ വലിയ അളവില്‍ കൊണ്ടു വന്ന ശേഷം പങ്കു വച്ച് വില്‍ക്കാനായിരുന്നു പദ്ധതി. മയക്കു മരുന്ന് കടത്തുന്നതില്‍ സംശയം തോന്നാതിരിക്കാന്‍ വേണ്ടിയാണ് യുവതിയെ കൂടെ കൂട്ടിയതെന്ന് പറയുന്നു.



