കൊച്ചിയില്‍ എത്തുന്ന ന്യൂജന്‍ മയക്കുമരുന്നുകള്‍ക്ക് അന്താരാഷ്ട്ര ലോബികളുമായി ബന്ധം; കേരളാ പൊലീസിന്റെ ദിവസങ്ങള്‍ നീണ്ട ഓപ്പറേഷനില്‍ പിടിയിലായത് ന്യൂജന്‍ മയക്കുമരുന്ന് വില്‍പ്പന സംഘത്തിലെ നൈജീരിയക്കാരന്‍

Spread the love

സ്വന്തം ലേഖിക
കൊച്ചി: ആന്ധ്രാപ്രദേശില്‍ നിന്നും ഒഡിഷയില്‍ നിന്നും കേരളത്തിലേക്ക് യഥേഷ്ടം ഒഴുകുന്നത് കഞ്ചാവാണ്.

കേരളത്തില്‍ പിടികൂടുന്ന കഞ്ചാവിനേക്കാള്‍ എത്രയോ മടങ്ങ് സുരക്ഷിതമായി വില്‍പ്പന നടക്കുകയും ചെയ്യുന്നുണ്ട്. ആന്ധ്രയില്‍ പോയി കഞ്ചാവു കൃഷി ചെയ്യുന്ന മലയാളികളെ അടക്കം അടുത്തിടെ കൊച്ചി പൊലീസ് പൊക്കിയിരുന്നു. ഇതിന് പിന്നിലെ കൊച്ചി പൊലീസിന്റെ സുപ്രധാനമായ മയക്കു മരുന്നു വേട്ടയുടെ വിവരങ്ങള്‍ പുറത്ത് വരുന്നു.

എംഡിഎംഎ പോലുള്ള ന്യൂജെന്‍ മയക്കുമരുന്നുകള്‍ വില്ക്കുന്ന അന്താരാഷ്ട്ര റാക്കറ്റിന്റെ കണ്ണികള്‍ നമ്മുടെ കേരളത്തിലും ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. ന്യൂജന്‍ മയക്കുമരുന്ന് വില്‍പ്പന സംഘത്തിലെ നൈജീരിയക്കാരന്‍ അറസ്റ്റിലായതോടെ കേരളത്തില്‍ എംഡിഎംഎ എത്തുന്ന സംഘത്തിലെ വമ്ബന്‍ കണ്ണികളെ കുറിച്ചുള്ള വിവരങ്ങളാണ് ലഭിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നൈജീരിയന്‍ പൗരനായ റെമിജുസ് (38) നെയാണ് നെടുമ്ബാശേരി പൊലീസ് പിടികൂടിയത്. ദിവസങ്ങള്‍ നീണ്ട ഓപ്പറേഷനൊടുവില്‍ ജില്ലാ പൊലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക ടീം ബാംഗ്ലൂര്‍ മേദനഹള്ളിയിലെ ഫ്‌ളാറ്റ് വളഞ്ഞാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് എം.ഡി.എം.എ പോലുള്ള മയക്ക് മരുന്ന് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാള്‍.

കഴിഞ്ഞ നവംബറില്‍ 168 ഗ്രാം എം.ഡി.എം.എ യുമായി നാല് യുവാക്കളെ നെടുമ്ബാശേരി കരിയാട് നിന്ന് പൊലീസ് പിടികൂടിയിരുന്നു. ബാംഗ്ലൂരില്‍ നിന്ന് മയക്കുമരുന്ന് കൊണ്ടുവരുന്ന വഴിയാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. ഇതിന്റെ അന്വേഷണമാണ് നൈജീരിയന്‍ പൗരനിലേക്ക് എത്തിയത്. നാലംഘ സംഘത്തിന് മയക്കുമരുന്ന് നല്‍കിയത് ഇയാളാണ്.

മയക്കുമരുന്ന് ആവശ്യക്കാര്‍ ബാംഗ്ലൂരില്‍ ഇയാളെ തേടിയെത്തുകയാണ് പതിവ്. സ്ഥലം പലവട്ടം മാറ്റി പറഞ്ഞ് ഒടുവില്‍ കിലോമീറ്ററുകള്‍ അകലെയെത്തിച്ചാണ് വില്‍പ്പന. ഹെല്‍മറ്റ് വച്ച്‌ ബൈക്കിലെത്തിയാണ് സാധനം കൈമാറുന്നത്. പണമിടപാട് നേരിട്ടാണ്. രണ്ടു പ്രാവശ്യം പിടികൂടാന്‍ പൊലീസ് ബാംഗ്ലൂരിലെത്തിയെങ്കിലും രക്ഷപ്പെടുകയായിരുന്നു. 2017 ല്‍ മയക്കുമരുന്ന് കേസില്‍ ഇയാള്‍ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.

എസ്.എച്ച്‌.ഒ പി.എം ബൈജു , എസ്‌ഐ അനീഷ് കെ.ദാസ്, എസ്.സി.പി. ഒമാരായ റോണി അഗസ്റ്റിന്‍, അജിത് കുമാര്‍, മിഥുന്‍ എന്നിവരും ടീമിലുണ്ടായിരുന്നു. എസ്‌പി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ആലുവ ഡി.വൈ.എസ്‌പി പി.കെ ശിവന്‍ കുട്ടി, സിഐ പി.എം ബൈജു , എസ്‌ഐമാരായ ടി.എം,സൂഫി , അനീഷ്.കെ.ദാസ് എന്നിവരടങ്ങുന്ന ടീമിനാണ് അന്വേഷണ ചുമതല.